പിഎസ്‌സിക്കു മുന്നിൽ കരഞ്ഞു;പൊലീസിനെ വിളിക്കുമെന്ന് ഭീഷണി; ശ്രീജയെ ചതിച്ചതാര്?

sreeja-psc
റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട രേഖകളുമായി ശ്രീജ. ചിത്രം: മനോരമ (ഇടത്), പിഎസ്‍‌സി ആസ്ഥാനത്തിനു മുന്നിലെ കാഴ്ച (വലത്).
SHARE

കോട്ടയം∙ ഒരു സർക്കാർ ജോലി എന്ന എസ്. ശ്രീജയുടെ സ്വപ്നം രണ്ട് കുടുംബങ്ങളുടെ അവസാന പിടിവള്ളി കൂടിയായിരുന്നു. ആറ്റുനോറ്റ് കാത്തിരുന്ന തന്റെ പ്രതീക്ഷകൾ ചിലര്‍ ചേര്‍ന്ന് ഇല്ലാതാക്കിയത് അറിഞ്ഞതോടെ മുട്ടമ്പലം പിഎസ്‌സി ഓഫിസിന്റെ മുറ്റത്തുനിന്നു കണ്ണീരോടെയാണു ശ്രീജ ഭർത്താവ് സുരേഷിനൊപ്പം വീട്ടിലേക്ക് മടങ്ങിയത്. പരീക്ഷ പോലും എഴുതാത്ത ആൾ‍ പിഎസ്‌സിക്ക് നൽകിയ, ജോലി വേണ്ടെന്ന സമ്മതപത്രം സ്വീകരിച്ചാണ് സിവിൽ സപ്ലൈസ് വകുപ്പിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ 233-ാം റാങ്കുള്ള പത്തനംതിട്ട, മല്ലപ്പള്ളി, കുളത്തൂർ, ചെറിയമുളയ്ക്കൽ, എസ്. ശ്രീജ(41)യുടെ അർഹമായ അവസരം പിഎസ്‌സി ഇല്ലാതാക്കിയത്.

ആഴ്ചകളായി പിഎസ്‌സി ഓഫിസ് കയറി ഇറങ്ങിയിട്ടും ശ്രീജയ്ക്ക് നീതി ലഭിച്ചില്ല. എന്നാൽ ഇത് സംബന്ധിച്ച് വാർത്ത മലയാള മനോരമ പ്രസിദ്ധീകരിച്ചതോടെ പിഎസ്‌‌സി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഇതോടൊപ്പം കൈവിട്ടു പോയെന്നു കരുതിയ അർഹതപ്പെട്ട ജോലി തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് എസ്. ശ്രീജ. സംഭവത്തെപ്പറ്റി ശ്രീജ പറയുന്നു.

കുടുംബം, പ്രതീക്ഷ

പാമ്പാടി, കോത്തല, പുത്തൻപുരയിൽ സോമൻ നായരുടെയും ശോഭനയുടെ രണ്ട് പെൺമക്കളിൽ മൂത്തവളാണു എസ്. ശ്രീജ. സ്കൂൾ പഠനം ആലമ്പള്ളി സ്കൂളിലും ബിരുദ പഠനം വാഴൂർ എസ്ആർവി എൻഎസ്എസ് കോളജിലും ആയിരുന്നു. ബിഎസ്‌സി ബോട്ടണി പാസായ ശേഷം സാമ്പത്തിക പ്രയാസം മൂലം മുന്നോട്ടു പഠിക്കാൻ നിവൃത്തി ഇല്ലാതെ പഠനം നിർത്തി. കൂലിപ്പണി ആയിരുന്നു സോമൻ നായരുടെ തൊഴിൽ. ശോഭന തൊഴിലുറപ്പിനു പോകും. വല്ലപ്പോഴും മാത്രമായിരുന്നു തൊഴിൽ ലഭിച്ചിരുന്നത്. ഷീറ്റിട്ട 2 മുറി വീട്ടിൽ പട്ടിണിയും പരിവട്ടവും ആയി കഴിഞ്ഞപ്പോഴും സർക്കാർ ജോലി ലഭിക്കുക എന്നതായിരുന്നു ശ്രീജയുടെ സ്വപ്നം. 

sreeja
ശ്രീജയെപ്പറ്റി മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്ത.

ഇതിനായി കുറച്ചുനാൾ ഒരു കോച്ചിങ് സെന്ററിൽ പഠിക്കാൻ പോയി. എന്നാൽ എല്ലാമാസവും ഫീസ് കൊടുക്കാനും വണ്ടിക്കൂലിക്കു പണം തികയാതെ വന്നതോടെ കോച്ചിങ് ക്ലാസിലെ പഠനം നിർത്തി വീട്ടിൽ ഇരുന്ന് പഠനം തുടര്‍ന്നു. ഇതിനിടെ പത്തനംതിട്ട, മല്ലപ്പള്ളി, കുളത്തൂർ ചെറിയമുളയ്ക്കൽ സുരേഷുമായി വിവാഹം നടന്നു. കൂലിപ്പണിയാണ് സുരേഷിന്റെ തൊഴിൽ. പ്ലസ് ടു വിദ്യാർഥിനിയായ ദേവിക സുരേഷും 7-ാം ക്ലാസ് വിദ്യാർഥിയായ യദുകൃഷ്ണനും കൂടാതെ സുരേഷിന്റെ പിതാവ് രാമകൃഷ്ണ പിള്ളയും കാൻസർ രോഗിയായ അമ്മ കമലാക്ഷിയും അടങ്ങുന്നതാണ് കുടുംബം.

പുതിയ വെളിച്ചം

ഏറെ വർഷത്തെ കാത്തിരിപ്പിനു ശേഷം വനിത എക്സൈസ് വനിതാ സിവിൽ എക്സൈസ് ഓഫിസർ കെഎസ്ആർടിസി കണ്ടക്ടർ, സിവിൽ സപ്ലൈസ് കോർപറേഷൻ അസിസ്റ്റന്റ് സെയിൽസ്മാൻ എന്നീ റാങ്ക് പട്ടികയിൽ ഇടം നേടി. വനിതാ സിവിൽ എക്സൈസ് ഓഫിസർ കായിക ക്ഷമത പരീക്ഷയിൽ പരാജയപ്പെട്ടു. പിന്നീട് ഏക പ്രതീക്ഷയായിരുന്നു 2016 ഓഗസ്റ്റ് 27ന് നടന്ന സിവിൽ സപ്ലൈസ് കോർപറേഷൻ അസിസ്റ്റന്റ് സെയിൽസ്മാൻ പരീക്ഷയുടെ ഫലം 2018 മേയ് 30 ന് പ്രസിദ്ധീകരിച്ചു. 233 ആയിരുന്നു റാങ്ക്. ജോലി കിട്ടുമെന്ന് പ്രതീക്ഷയോടെ ആയിരുന്നു ഓരോ ദിവസവും തള്ളിനീക്കിയത്. ഓരോ സമയത്തും റാങ്ക് പട്ടികയിൽ ഉള്ളവർ ചേർന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ രൂപീകരിച്ച് ഇതിൽ അംഗമാക്കി. ജോലി കിട്ടുമെന്നുള്ള പ്രതീക്ഷയാണ് എല്ലാവരും പറഞ്ഞത്. വാട്സാപ് വഴിയും ജോലി സംബന്ധമായ വിവരങ്ങൾ പങ്കുവച്ചു.

കപ്പിനും ചുണ്ടിനും ഇടയിൽ

എല്ലാമാസവും പിഎസ്‌സി ഓഫിസിൽ നേരിട്ടു പോയും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ വഴിയും നിയമന വിവരങ്ങൾ അന്വഷിച്ചിരുന്നു.‌ കഴിഞ്ഞ ഓണസമയത്ത് കൂടുതൽ പേർക്ക് നിയമനം ലഭിച്ചതായി അറിഞ്ഞു. ഇനിയും മൂന്നു പേർക്ക് ജോലി ലഭിച്ചാൽ മൂന്നാമത് താൻ ആണെന്ന സന്തോഷത്തിലാണ് ആഴ്ചകൾ തള്ളി നീക്കിയത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും അഡ്വൈസ് മെമ്മോ ലഭിച്ചില്ല. പിഎസ്‌സി ഓഫിസിൽ സമീപിച്ചപ്പോൾ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അഡ്വൈസ് മെമ്മോ ലഭിക്കുമെന്നുമാണ് മറുപടി നൽകിയത്. 

psc-tvm
തിരുവനന്തപുരത്ത് നടത്തിയ പിഎസ്‌സി പരീക്ഷ കഴിഞ്ഞിറങ്ങുന്ന അപേക്ഷകർ. (പ്രതീകാത്മക ചിത്രം).

ഇതിനിടെ തനിക്ക് താഴെ റാങ്ക് ഉള്ള പലർക്കും അഡ്വൈസ് മെമ്മോ ലഭിച്ചത് അറിഞ്ഞ് വീണ്ടും പിഎസ്‌സി ഓഫിസിൽ എത്തി. ഈ സമയത്താണ് ജോലി വേണ്ടെന്ന് സമ്മതപത്രം നൽകിയതിനാൽ തന്നെ ഒഴിവാക്കി അടുത്ത ആൾക്ക് അഡ്വൈസ് മെമ്മോ അയച്ചതായും കഴിഞ്ഞ 4ന് റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായും അറിയുന്നത്. താൻ അങ്ങനെ ഒരു സമ്മതപത്രം നൽകിയിട്ടില്ലെന്ന് പറഞ്ഞെങ്കിലും അതൊന്നും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. വീണ്ടും അന്വേഷിച്ചപ്പോൾ ജോലി തടസ്സപ്പെടുത്തിയതിന് പൊലീസിനെ വിളിക്കും എന്നായിരുന്നു പിഎസ്‌സി ഉദ്യോഗസ്ഥരുടെ നിലപാട്. അവിടെനിന്നും കണ്ണീരോടെയാണ് മടങ്ങിയത്.

അന്വേഷണം സ്വന്തം നിലയിൽ

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി തന്റെ ജോലി ആരോ ബോധപൂർവം ജോലി തട്ടിയെടുത്തതെന്ന ബോധ്യത്തോടെയാണ് അന്വേഷണം ആരംഭിച്ചത്. റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനിലെ ഓരോരുത്തരുടെയും നമ്പർ കണ്ടെത്തി വിളിച്ചു. ഇങ്ങനെയാണ് റവന്യുവകുപ്പ് ഉദ്യോഗസ്ഥയായ കൊല്ലം സ്വദേശിനി എസ്. ശ്രീജയാണു ജോലിവേണ്ടെന്നു സമ്മതപത്രം നൽകിയതെന്നു കണ്ടെത്തിയത്. ഇവരുടെ ഫോൺ നമ്പർ കണ്ടെത്തി ഇവരെ വിളിച്ചു. താൻ സമ്മതപത്രം നൽകിയതായും അത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സനിൽ കെ. പിള്ള വന്ന് ആവശ്യപ്പെട്ടതു പ്രകാരമാണെന്നും കൊല്ലം സ്വദേശിനി ശ്രീജ പറഞ്ഞു. 

തന്റെ പേരും ജനനത്തീയതിയും റജിസ്റ്റർ നമ്പരും അടങ്ങുന്ന രേഖകൾ ഇയാൾ കാണിച്ചതായും ശ്രീജ പറഞ്ഞു. അനേകം പരീക്ഷകൾ എഴുതുകയും പല റാങ്ക് പട്ടികയിൽ ഉൾപ്പെടുകയും ചെയ്തതിനാലും 5 വർഷം മുൻപ് ആയതിനാലും ഈ പരീക്ഷ എഴുതിയോ എന്ന കാര്യത്തിൽ ഓർമയില്ല. എന്റെ പേരും വിലാസവും രേഖകളും ഉൾപ്പെടുന്ന സമ്മതപത്രമാണു നൽകിയത്. ഫോട്ടോയും ഉണ്ടായിരുന്നുവെന്നും ശ്രീജ പറഞ്ഞു. പിന്നീട് തന്റെ പേരിൽ കൊല്ലത്തെ ശ്രീജയിൽനിന്ന് സമ്മതപത്രം വാങ്ങിയ സനിലിനെ കണ്ടെത്തി വിളിച്ചു. താനാണ് ഈ സമ്മതപത്രം വാങ്ങിയതെന്ന് സനിലും സമ്മതിച്ചു. ഇതോടെയാണ് തന്റെ ജോലി ഒരിക്കലും തിരികെ കിട്ടില്ലെന്ന് തോന്നിയത്. തുടർന്നാണ് ജില്ലാ പിഎസ്‍സി ഓഫിസർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്.

പിന്നീട് സംഭവിച്ചത്

താൻ നൽകിയത് എഴുതാത്ത പരീക്ഷയുടെ സമ്മതപത്രം ആണെന്നും ആള് മാറിയെന്നും മനസിലാക്കിയപ്പോള്‍ പിഎസ്‌സിയുടെ ഉന്നത ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട് വിവരങ്ങൾ തുറന്നു പറഞ്ഞു. ഇദ്ദേഹത്തിന്റെ നിർദേശ പ്രകാരം, സംഭവിച്ചത് പിഴവാണെന്നും ഇത് തിരുത്തണം എന്നും അറിയിച്ച് മാപ്പ് അപേക്ഷ നൽകി. എന്നാൽ ഇതിനു മുൻപേ തന്നെ എസ്. ശ്രീജയെ ഒഴിവാക്കി ബാക്കി എല്ലാവർക്കും അഡ്വൈസ് മെമ്മോ അയച്ചിരുന്നു. സംഭവം സംബന്ധിച്ച് പിഎസ്‌സി ഉന്നതൻ കോട്ടയം ഓഫിസിലേക്ക് രേഖകൾ പരിശോധിക്കാനും നിർദേശം നൽകിയിരുന്നു.

psc-office
പ്രതീകാത്മക ചിത്രം.

അന്വേഷണം

ഇന്നലെ ചേർന്ന പിഎസ്‍സി ബോർഡ് മനോരമ വാർത്തയുടെ അടിസ്ഥാനത്തിൽ സംഭവം സംബന്ധിച്ച് പിഎസ്‍സി വിജിലൻസിന് അന്വേഷണത്തിനു ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ഇന്ന് 11 ന് ഡിവൈഎസ്പി ഓഫിസിൽ ഹാജരായി മൊഴിനൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. റാങ്ക് പട്ടികയിൽ ഇടം നേടിയ അർഹയായ ഉദ്യോഗാർഥിക്ക് ജോലി ഉറപ്പാക്കണമെന്നാണ് പിഎസ്‍സി അംഗങ്ങൾ ആവശ്യപ്പെട്ടു.

English Summary: Fraudsters Submit Fake Affidavit as Sreeja Loses her PSC Job. Who Cheated Her?

     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA