ഭീഷണി ആവർത്തിച്ച് അജ്ഞാതൻ, ഇത്തവണ ഇമെയിൽ പൊലീസിന്; തുമ്പില്ല, നാണക്കേട്

കൊച്ചി കപ്പൽശാല (ഫയൽ ചിത്രം)
SHARE

കൊച്ചി ∙ കപ്പൽശാലയ്ക്കും വിമാനവാഹിനിക്കും എതിരായി ഇമെയിൽ ഭീഷണി അയയ്ക്കുന്നതു തുടർന്ന് അജ്ഞാതൻ. കേസ് അന്വേഷിക്കുന്ന കേരള പൊലീസിനാണ് ഇത്തവണ ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചത്. തുടർച്ചയായി നാലാം തവണയാണ് ഒളിഞ്ഞിരുന്നുള്ള ഇമെയിൽ ഭീഷണി. മെയിൽ വന്നതു സ്ഥിരീകരിച്ചെങ്കിലും സന്ദേശത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്താൻ അന്വേഷണ സംഘം തയാറായിട്ടില്ല.

പണം നൽകിയില്ലെങ്കിൽ കപ്പൽശാല തകർക്കുമെന്ന ഭീഷണിയാണ് ആവർത്തിച്ചിരിക്കുന്നതെന്നാണ് വിവരം. തുടർച്ചയായി ഇമെയിൽ ഭീഷണി വരുന്നതിനെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ഗൗരവമായാണ് കാണുന്നത്. കപ്പൽശാലയ്ക്കും നിർമാണത്തിലുള്ള വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിനും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഭീഷണി സന്ദേശം ലഭിച്ചു തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനാകാത്തത് പൊലീസിനെയും നിരാശരാക്കുന്നു. അന്വേഷണ സംഘത്തെ ശക്തിപ്പെടുത്താൻ നടപടിയുണ്ടായെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഇമെയിൽ അയയ്ക്കുന്ന ആളുടെ ലക്ഷ്യം ഭീതിപ്പെടുത്തുന്നതിനേക്കാൾ, അന്വേഷണ സംഘത്തെ അപഹസിക്കുകയാണെന്നാണ് വിലയിരുത്തൽ. 

കപ്പൽശാലയ്ക്കുള്ളിൽ ഉള്ളവരോ അടുത്തു പരിചയമുള്ളവരോ ആണ് മെയിൽ അയയ്ക്കുന്നതെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പലരെയും ചോദ്യം ചെയ്തെങ്കിലും കാര്യമായ സൂചനകളിലേക്ക് എത്താനായിട്ടില്ല. ഇടയ്ക്കു പ്രതി വലയിലായതായി അവകാശപ്പെട്ടെങ്കിലും തെളിവുകളിലേക്ക് എത്തിച്ചേരാൻ ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല.

ഓഗസ്റ്റ് 24നാണ് കൊച്ചി കപ്പൽശാലയ്ക്ക് ആദ്യ ഭീഷണി സന്ദേശം ലഭിക്കുന്നത്. പ്രതിരോധ സേനയ്ക്കായി നിർമാണം പൂർത്തിയാക്കുന്ന വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് സ്ഫോടനത്തിലൂടെ തകർക്കുമെന്നായിരുന്നു ഭീഷണി. ഇമെയിൽ അയച്ചയാളുടെ ഭാര്യയും മക്കളും ഭീകരരുടെ പിടിയിലാണെന്നും മോചിപ്പിക്കുന്നതിന് രണ്ടര ലക്ഷം യുഎസ് ഡോളർ ക്രിപ്റ്റോ കറൻസിയായി നൽകണമെന്നുമായിരുന്നു ആവശ്യം. പൊലീസിനു പരാതി ലഭിച്ചതോടെ അന്വേഷണം ആരംഭിച്ചെങ്കിലും എങ്ങും എത്തിയില്ലെന്നു മാത്രമല്ല, പൊലീസിനെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായി.

വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരനെ പിടികൂടിയ സംഭവവുമായി ഇതിനു ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. റിമാൻഡിൽ കഴിയുന്ന ഇയാളുടെ പക്കൽനിന്നു ചോദ്യം ചെയ്യലിൽ പൊലീസിനു കാര്യമായ തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇയാൾ അന്വേഷണ സംഘത്തോടു സഹകരിക്കാത്തതും ഭ്രാന്ത് അഭിനയിക്കുന്നതും അന്വേഷണ സംഘത്തെ കുഴക്കി. കേസ് പൊലീസ് എൻഐഎയ്ക്കു വിടാൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയത്.

English Summary: Cochin Shipyard gets another threat via email

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA