ബഹിരാകാശ ടൂറിസത്തിൽ മസ്‌കിന്റെ ‘മാസ്’ എൻട്രി; ചരിത്രം തിരുത്തി ഇൻസ്പി‌രേഷൻ4

Spacex Inspiration4
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നു ‘ഇൻസ്പിരേഷൻ4’ കുതിച്ചുയരുന്നു (Photo: CHANDAN KHANNA / AFP)
SHARE

ഇന്ന് കെന്നഡി സ്‌പേസ് സെന്ററിൽ പിറന്നത് ബഹിരാകാശ ടൂറിസത്തിലെ ഇലോൺ മസ്കിന്റെ മാസ് എൻട്രി! 'റെസിലിയൻസ്' എന്ന പ്രത്യേക ദൗത്യവുമായി സ്പേസ് എക്‌സ് ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു. സെപ്റ്റംബർ 16 ഇനി ബഹിരാകാശ ചരിത്രം ഓർക്കുക മസ്‌കിലൂടെയാണ്. മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച ഡ്രാഗണ്‍ ക്യൂപ്സൂളിലേറി നാലു ബഹിരാകാശ വിദഗ്ധരല്ലാത്ത സ്‌പേസ് ടൂറിസ്റ്റുകൾ ഇന്ന് (സെപ്റ്റംബർ16) ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയോടെ ബഹിരാകാശത്തേക്കു പറന്നു. മിഷനിലെ നാല് അംഗങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചേർന്നിരിക്കുന്നു. ബഹിരാകാശ ടൂറിസം എന്ന അധികമാരും സാധ്യത കൽപ്പിക്കാതിരുന്ന മേഖലയിൽ ഒന്നാമതെത്തിയ ദൗത്യം. മൂന്ന് ദിവസം ഇവർ ഭൂമിയെ വലം വയ്ക്കും. സംഭവിക്കാൻ സാധ്യതയില്ലാതിരുന്നതിനെ വിജയിപ്പിച്ച് മസ്‌ക് കാട്ടിയത് വെറും മാസ് അല്ല, മരണമാസ് കരുനീക്കം...

Elon Musk (Photo by Britta Pedersen / POOL / AFP)
ഇലോൺ മസ്‌ക്

ഇവരാരും ബഹിരാകാശ വിദഗ്ധരല്ല എന്നത് ചരിത്രത്തിലെ കൗതുകം!. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നു കുതിച്ചുയരുന്ന ദൗത്യത്തിന് ആത്മവിശ്വാസം നിറഞ്ഞ പേരാണ് ഇലോൺ മസ്ക് നൽകിയിരിക്കുന്നത്– ഹോളിവുഡ് ചിത്രം ‘ഫന്റാസ്റ്റിക് 4’ പോലെ, ഒരു ‘ഇൻസ്പിരേഷൻ4’. കൂടുതൽ പേർക്ക് ബഹിരാകാശ യാത്ര സ്വപ്നം കാണുന്നതിനുള്ള പ്രചോദനം കൂടിയാകും ‘ഇൻസ്പിരേഷൻ4’ എന്നും മസ്‌ക് വ്യക്തമാക്കുന്നു. വെർജിൻ ഗലാറ്റിക്കിന്റെ വിഎസ്എസ് യൂണിറ്റിയിലൂടെ റിച്ചഡ് ബ്രാൻസനും ബ്ലൂ ഒറിജിൻ ന്യൂ ഷെപ്പാഡിലൂടെ ജെഫ് ബെസോസും തുടക്കമിട്ട കിടമത്സരത്തിനു കൊഴുപ്പുകൂട്ടാൻ സ്പേസ്‌എക്സ് മേധാവി ഇലോൺ മസ്കുമെത്തിയിരിക്കുന്നു.

Inspiration-4-team
ഇൻസ്പി‌രേഷൻ4 സംഘം പരിശീലനത്തിനിടെ. ജൂലൈയിലെ ചിത്രം (കടപ്പാട്: ട്വിറ്റർ)

നാലു യാത്രികർക്കും യഥാർഥ ബഹിരാകാശ യാത്രികർക്കു ലഭിക്കുന്നതു പോലുള്ള പരിശീലനമൊന്നും കാര്യമായി ലഭിച്ചിട്ടില്ല. ആറു മാസം മുൻപാണ് യാത്രയ്ക്കുള്ള തീരുമാനംതന്നെ ആയത്. ആകെ ലഭിച്ചത് ഒരു ‘ക്രാഷ് കോഴ്‌സ്’ എന്നു പറയാവുന്ന പരിശീലനം. സ്പേസ് മാനദണ്ഡങ്ങളനുസരിച്ചു നോക്കിയാൽ യാത്രികരിൽ നാലു പേരും ‘സാധാരണക്കാർ’. 

മസ്‌ക് പോകുന്നില്ലേ?

ബെസോസിനെയും ബ്രാൻസനെയും പോലെ, സ്പേസ്‌എക്സിന്റെ ആദ്യ ഔദ്യോഗിക ബഹിരാകാശ ടൂറിസം ദൗത്യത്തി‍ൽ ഇലോൺ മസ്ക് പോകുന്നില്ല. ഇതിനായി പണം മുടക്കുന്നതും മസ്ക് അല്ല. ഷിഫ്റ്റ് ഫോർ പേയ്മെന്റ്സ് എന്ന കമ്പനിയുടെ ഉടമസ്ഥനും ശതകോടീശ്വരനുമായ ജാറെദ് ഐസക്മാനാണു യാത്രക്കാരിലെ പ്രധാനി. ക്രെഡിറ്റ് കാർഡ് സേവനങ്ങൾക്കായുള്ള തന്റെ കമ്പനി ജാറെദ് യുവാവായിരിക്കെ ആരംഭിച്ചു വിജയിപ്പിച്ചതാണ്. മറ്റു മൂന്ന് യാത്രക്കാർക്കായുള്ള പണം മുടക്കിയതും ഈ മുപ്പത്തിയെട്ടുകാരനാണ്.

Space-x-Inspiration-4a
ഇൻസ്‌പിരേഷൻ4 സംഘം.

രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളുമടങ്ങിയ യാത്രാസംഘത്തിലെ ഏറ്റവും ശ്രദ്ധേയയായ യാത്രിക, ടെന്നസിയിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച് ഹോസ്പിറ്റലിൽ ഫിസിഷ്യൻ അസിസ്റ്റന്റായ ഹെയ്‌ലി (29) അർസിനോയാണ്. കുട്ടിയായിരിക്കെ ബോൺ കാൻസർ ബാധിതയായ ഹെയ്‌ലി നീണ്ട ചികിത്സയ്ക്കു ശേഷം രോഗത്തിൽനിന്നു മുക്തി നേടുകയും കുട്ടികളുടെ ആശുപത്രിയിൽതന്നെ ജോലി ചെയ്യാൻ വരികയുമായിരുന്നു. ഹെയ്‌ലിയുടെ കാലിൽ കാൻസർ ബാധിക്കപ്പെട്ട ഒരു എല്ല് നീക്കം ചെയ്തിട്ടുണ്ട്. അതിനു പകരം ഒരു ലോഹഭാഗം ചേർത്തിട്ടുമുണ്ട്. ഇത്തരത്തിൽ പ്രോസ്തെറ്റിക് സംവിധാനം ഉപയോഗിക്കുന്ന ആദ്യ ബഹിരാകാശ യാത്രികയായും ഇനി ഹെയ്‌ലി മാറും.

Spacex Inspiration4
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നു ‘ഇൻസ്പിരേഷൻ4’ കുതിച്ചുയരുന്നു (Photo: CHANDAN KHANNA / AFP)

സിയാൻ പ്രോക്റ്ററാണു (51) ദൗത്യസംഘത്തിലെ രണ്ടാമത്തെ വനിത. അരിസോണയിലെ സൗത്ത് മൗണ്ടെയ്ൻ കമ്യൂണിറ്റി കോളജിൽ ജിയോസയൻസ് പ്രഫസറായ സിയാൻ ചെറുപ്പം മുതൽതന്നെ ബഹിരാകാശത്തു പോകാൻ ആഗ്രഹിച്ചിരുന്നു. സിയാന്റെ പിതാവ് നാസയിലെ ഉദ്യോഗസ്ഥനും മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിൽ സാങ്കേതിക സംഭാവനകൾ നൽകിയ ആളുമായിരുന്നു. 2009ൽ നാസയിൽ ചേരാനായി സിയാൻ അപേക്ഷ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. അന്നു പൊലിഞ്ഞ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. ക്രിസ് സെംബ്രോസ്കി (42) എന്ന മുൻ യുഎസ് വ്യോമസേനാ ഓഫിസറാണ് യാത്രയിലെ നാലാമത്തെ സഞ്ചാരി.

ലക്ഷ്യം ജീവകാരുണ്യം

ഹെയ്‌ലി അർകിന്യൂസ് ഡോക്ടറായി ജോലി നോക്കുന്ന സെന്റ് ജൂഡ് റിസർച് ഹോസ്പിറ്റലിലേക്കു ധനസമാഹരണം തുടങ്ങാനും 20 കോടി യുഎസ് ഡോളർ വരെ ശേഖരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ യാത്ര. ഇതിന്റെ നേർപകുതി തുകയായ 10 കോടി ജാറെദ് ഐസക്മാൻ സംഭാവന ചെയ്തു കഴിഞ്ഞു. ബാക്കി തുക യാത്രാസംഘം തിരിച്ചുവന്നു കഴിയുമ്പോൾ, അവർ കൊണ്ടുപോയ സാധനങ്ങൾ ലേലത്തിൽ വിറ്റു ശേഖരിക്കാമെന്നും കണക്കുകൂട്ടുന്നു. ഇതു കണക്കിലെടുത്ത് തൊപ്പികൾ, തൂവാലകൾ, ജാക്കറ്റുകൾ, പേനകൾ, ഗിറ്റാറുകൾ തുടങ്ങി ധാരാളം വസ്തുക്കൾ ഇൻസ്പിരേഷൻ4 ദൗത്യത്തിലെ അംഗങ്ങൾ ബഹിരാകാശത്തേക്കു കൊണ്ടുപോകുന്നുണ്ട്. തിരികെ എത്തിയതിനു ശേഷം ഇവ ലേലം ചെയ്യും.

എവിടെ വരെ പോകും? എന്നു തിരികെയെത്തും?

സ്പേസ്‌എക്സ് കമ്പനി തന്നെയാണ് യാത്രികർക്ക് സഞ്ചരിക്കാനായുള്ള ഡ്രാഗൺ ക്യൂപ്സൂൾ നിർമിച്ചിരിക്കുന്നത്. സ്പേസ്‌എക്സിന്റെ വിശ്വസ്ത റോക്കറ്റായ ഫാൽക്കൺ 9 റോക്കറ്റിൽ ക്യാപ്സൂൾ ഉറപ്പിച്ചാണു യാത്ര. ഫാൽക്കൺ 9ന്റെ നാലാമത്തെ സ്പേസ് ദൗത്യമാണിത്. ഇതിനു മുൻപെല്ലാം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു യാത്രികരെയും സാധനങ്ങളും എത്തിക്കുകയായിരുന്നു ഫാൽക്കൺ 9 ചെയ്തത്.

എന്നാൽ ഇത്തവണ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോകുന്നില്ല. പകരം ഭൂമിക്കു ചുറ്റും യാത്രികരുമായി 3 ദിവസം ചുറ്റിക്കറങ്ങുകയാകും ഡ്രാഗൺ മൊഡ്യൂൾ ചെയ്യുക. നേരത്തേ ജെഫ് ബെസോസിന്റെയും റിച്ചഡ് ബ്രാൻസന്റെയും യാത്രകൾ സമുദ്രനിരപ്പിൽനിന്ന് 100 കിലോമീറ്റർ ഉയരത്തിലുള്ള കാർമൻ ലൈൻ വരെയായിരുന്നു. അവിടെയാണ് ഭൂമിയുടെ അന്തരീക്ഷവും ബഹിരാകാശവും തമ്മിലുള്ള ‘അതിർത്തി’. എന്നാൽ 575 കിലോമീറ്റർ വരെ ഉയരത്തിലായിരിക്കും ഡ്രാഗൺ ക്യാപ്സൂൾ എത്തുക. അതായത്, രാജ്യാന്തര ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്നതിലും 150 കിലോമീറ്റർ ഉയരത്തിൽ.

യാത്രികർക്കു ഭൂമിയുടെ ‘പനോരമിക് വ്യൂ’ ആസ്വദിക്കാവുന്ന രീതിയിൽ പ്രത്യേക ജാലകങ്ങളും ഡ്രാഗണിൽ ഒരുക്കിയിട്ടുണ്ട്. ഈ ജാലകങ്ങൾ ഉറപ്പിച്ചിരിക്കുന്ന ഭാഗമാണ് നേരത്തേ, രാജ്യാന്തര ബഹിരാകാശ നിലയുമായി ബന്ധിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. ഇത്തവണ നിലയത്തിലേക്ക് യാത്രയില്ലാത്തതിനാൽ അവിടെ പ്രത്യേക ചില്ലുജാലകം സ്ഥാപിക്കുകയായിരുന്നു. ക്യാപ്സൂളിലെ സോളർ പാനലുകൾ വിന്യസിച്ചിട്ടുള്ള ഭാഗത്താണ് നിലയത്തിലേക്കുള്ള കാർഗോകൾ കൊണ്ടു പോകാനുപയോഗിച്ചിരുന്ന ട്രങ്കുമുള്ളത്.

യാത്ര ‘മസ്ക് സ്റ്റൈൽ’

ജൂലൈ 11ന് വെർജിൻ ഗലാറ്റിക്കും ജൂലൈ 20ന് ബ്ലൂ ഒറിജി‍നും നടത്തിയ യാത്രകളിൽനിന്ന് തികച്ചും വ്യത്യസ്തമാണ് സ്പേസ്‌എക്സിന്റെ യാത്ര. മുൻ യാത്രകളെല്ലാം മിനുറ്റുകൾക്കകം ഭൂമിയിലേക്കു തിരിച്ചു വരികയാണുണ്ടായത്. എന്നാൽ 3 ദിവസത്തെ ബഹിരാകാശ യാത്രയാണ് സ്പേസ്‌എക്സിന്റെ ‘ഓഫർ’. ബഹിരാകാശ ടൂറിസത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആദ്യത്തെ വിനോദയാത്രയുമാകും ഇൻസ്‍പിരേഷൻ 4ന്റേത്. മൂന്നു ദിവസത്തെ യാത്രയ്ക്കു ശേഷം യാത്രികരുമായി തിരിച്ചെത്തുന്ന ഡ്രാഗൺ ഫ്ലോറിഡ തീരത്തിനടുത്തുള്ള അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വീഴും.

സാധാരണഗതിയിൽ ചിട്ടയായ പരിശീലനം, ഡോക്ടര്‍മാരുടെ മേൽനോട്ടം, കൃത്യമായ ഡയറ്റ് എന്നിവയ്ക്കൊക്കെ വിധേയരായതിനു ശേഷമാണ് ബഹിരാകാശയാത്രികർ ബഹിരാകാശത്തേക്കു പോകുന്നത്. അതിനാൽതന്നെ ബഹിരാകാശത്ത് എത്തുമ്പോൾ അവരുടെ ശരീരത്തിലും ശാരീരിക പ്രക്രിയകളിലും പ്രത്യേകിച്ചു മാറ്റങ്ങൾ സ്പഷ്ടമാകാറില്ല. എന്നാൽ ഇത്തരം പരിശീലനമൊന്നും നടത്താത്ത ആളുകളാണ് ഇപ്പോൾ ഇൻസ്പിരേഷൻ 4 ദൗത്യത്തിന്റെ ഭാഗമായി പോകുന്നത്. ബഹിരാകാശത്ത് പൊടുന്നനെ എത്തുന്ന ഇവരിൽ അവിടത്തെ സാഹചര്യങ്ങൾ എന്തെല്ലാം മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് അറിയാൻ തിരിച്ചു വന്ന ശേഷം ഇവരിൽ നടത്തുന്ന പരിശോധനകളും സഹായകമാകും.

തുറക്കുന്നത് ‘സ്വർഗവാതിൽ’

ബഹിരാകാശത്ത് പോകുക എന്നുള്ളത് ഇതുവരെ വളരെ വിദഗ്ധരായ ഒരു കൂട്ടം ആളുകൾക്കു മാത്രം ലഭിച്ചിരുന്ന ‘പ്രിവിലേജ്’ ആയിരുന്നു. എന്നാൽ ആ രീതി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും ഗവേഷകരും മാത്രം ബഹിരാകാശത്തു പോയാൽ പോരാ, പൊതുജനങ്ങൾക്കും അതു സാധ്യമാകണം എന്ന നിലപാടാണ് വെർജിൻ ഗലാറ്റിക്, ബ്ലൂ ഒറിജി‍ൻ, സ്പേസ്എക്സ് തുടങ്ങിയ മുൻനിര ബഹിരാകാശ കമ്പനികൾക്ക്. ഇതിനുള്ള തങ്ങളുടെ സന്നദ്ധതയും മൂന്നു കമ്പനികളും ഇതിനോടകം വെളിവാക്കുകയും ചെയ്തു.

തുടക്കമെന്ന നിലയിൽ ഇന്നു ബഹിരാകാശ യാത്ര കോടിക്കണക്കിനു രൂപ ചെലവു വരുന്ന സംരംഭമാണ്. അതിനാൽത്തന്നെ ധനികർക്കും അവർ തിരഞ്ഞെടുക്കുന്നവർക്കും മാത്രമേ ഇപ്പോൾ പോകാൻ സാധിക്കുന്നുള്ളൂ. എന്നാ‍ൽ വരും കാലത്ത് ഈ മേഖല കൂടുതൽ ജനകീയമാകുമെന്നും ഒടുവിൽ വിലകുറഞ്ഞ്, നമ്മൾ ഇന്നൊരു വിമാനയാത്ര ചെയ്യുന്നതു പോലെ ബഹിരാകാശ യാത്രയും സാർവത്രികമായി മാറുമെന്നും വിദഗ്ധർ കണക്കുകൂട്ടുന്നു.

Space-x-Inspiration-4ab

ആ കണക്കു കൂട്ടൽ തെറ്റാണെന്നു പറയാനാകില്ല. കാരണം, വിമാനയാത്രയും പണ്ടു കാലങ്ങളിൽ എല്ലാവർക്കും പറ്റുന്ന ഒന്നായിരുന്നില്ല. പിന്നീട് ഈ മേഖലയിൽ ഒരുപാടു കമ്പനികൾ വന്നതും അവർ തമ്മിലുള്ള മത്സരങ്ങളുമൊക്കെയാണ് വിമാനയാത്രയെ സാധാരണക്കാരിലേക്കും എത്തിച്ചത്. ബഹിരാകാശ മേഖലയിലും ഇതാകും ഇനി സംഭവിക്കുകയെന്ന് പരക്കെ കരുതപ്പെടുന്നു. അതു യാഥാർഥ്യമായാൽ, ഭൂമിയുടെ അതിരുവിട്ട് നീലാകാശം കവാടമാകുന്ന സ്വർഗതുല്യമായ ശൂന്യതയിലേക്കാകും മനുഷ്യരാശിയുടെ അടുത്ത കാൽവയ്പ്.

English Summary: A Historic Launch! The Space Tourism Race Goes Next Level- Elon Musk and SpaceX Joins with Inspiration4 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA