ADVERTISEMENT

തിരുവനന്തപുരം∙ ഉള്‍പ്രദേശങ്ങളിലെ ആദിവാസി മേഖലകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിന് നയപരവും ഭരണപരവുമായ നടപടികള്‍ക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നൽകി. ടെലികോം ടവര്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ കൈവശമുള്ള ഭൂമി, പരമാവധി 5 സെന്റ് വരെ പാട്ടത്തിനു നല്‍കും. ഭൂമി പാട്ടത്തിന് നല്‍കുന്നതിനുള്ള അധികാരം ആ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിക്കായിരിക്കും.

സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ കൈവശമുള്ള, ടവര്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ ഇടം 5000 രൂപ വാര്‍ഷിക നിരക്കില്‍ വാടകയ്ക്ക് നല്‍കും. അനുമതി നല്‍കി ഉത്തരവ് ഇറക്കാനുള്ള അധികാരം ജില്ലാതല മേധാവിക്കാണ്. ആദിവാസി കോളനികള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ്, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത് വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള പോളുകളിലൂടെ കേബിള്‍ വലിക്കുന്നതിന് തുക ഈടാക്കില്ല.

മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനും ഭൂമിക്കടിയിലൂടെയും അല്ലാതെയും കേബിളുകള്‍ വലിക്കുന്നതിനും ലഭിക്കേണ്ട അനുമതികള്‍ നിശ്ചിത കാലാവധി കഴിയുമ്പോള്‍ കല്‍പിത അനുമതികളായി കണക്കാക്കും. കണക്ടിവിറ്റി നല്‍കുന്നതിന് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിന്റെ റോഡുകള്‍ കുഴിക്കുന്നതിന് മണ്‍സൂണ്‍ കാലയളവിലും അനുമതി നല്‍കും. സര്‍ക്കാര്‍ ഭൂമിയിലോ, കെട്ടിടത്തിലോ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന്റെയും കേബിളുകള്‍ വലിക്കുന്നതിന്റെയും ഭാഗമായി വനംവകുപ്പിന്റെ അനുമതി വേണ്ടിവന്നാല്‍ പരിശോധിച്ച് മൂന്നു ദിവസത്തിനകം നല്‍കും.

നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്‌ടോബര്‍ 4 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. 1986 ബാച്ച് റിട്ടയേര്‍ഡ് ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥനായ വേണു രാജാമണിയെ സംസ്ഥാന സർക്കാരിന്റെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി പാര്‍ട്ട് ടൈം അടിസ്ഥാനത്തില്‍ ഒരു വര്‍ഷകാലയളവിലേക്ക് ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കില്‍ നിയമിക്കുവാന്‍ തീരുമാനിച്ചു. ലോകമെമ്പാടുമുള്ള വിദേശമലയാളികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായും വിവിധ നയതന്ത്ര മിഷനുകളുമായും സമയബന്ധിതമായി ഉന്നയിച്ച് പരിഹാരം കാണുന്നതിന്റെ ഭാഗമായാണു നിയമനം. ·ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി അഡ്വ. ജോബി ജോസഫിനെ നിയമിക്കുവാനും മന്ത്രിസഭ തീരുമാനിച്ചു.

English Summary: Kerala cabinet meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com