ADVERTISEMENT

കോഴിക്കോട് ∙ കെ.സി.വേണുഗോപാലും കെ.സുധാകരനും വി.ഡി.സതീശനും ഉൾപ്പെടുന്ന പുതിയ ഗ്രൂപ്പ് കോൺഗ്രസിന്റെ നാശത്തിന്റെ തുടക്കമാണെന്നു കോൺഗ്രസ് വിട്ടു സിപിഎമ്മിൽ ചേർന്ന കെ.പി.അനിൽകുമാർ. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിലെ സ്വീകരണത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മാർഥമായി ജോലി ചെയ്യുന്നവർക്കല്ല, പറ്റു പല ഇടപാടുകളും നടത്തുന്നവർക്കാണ് ഇപ്പോൾ കോൺഗ്രസിൽ സ്ഥാനം. പുതിയ ഡിസിസി പ്രസിഡന്റുമാരിൽ 3 പേർ താൻ മുൻപു പറഞ്ഞ എല്ലാ യോഗ്യതകളും ഉള്ളവരാണെന്നും അനിൽകുമാർ പറഞ്ഞു.

അഭിപ്രായം പറയുന്നവരെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസിന്റേത്. ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയും കെ.സി.വേണുഗോപാലും സംസ്ഥാനത്തു കെ.സുധാകരനും വി.ഡി.സതീശനും സ്വീകരിക്കുന്നത് ഇതേ നിലപാടാണ്. ഒരാൾ പാർട്ടി വിട്ടതിനെ മോശമായി ചിത്രീകരിക്കുന്ന കെ.സുധാകരൻ എത്ര പാർട്ടിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തപ്പോൾ പയ്യാമ്പലം കടപ്പുറം മലിനമായി എന്നു പറഞ്ഞയാളാണ് സുധാകരൻ. കോൺഗ്രസിന്റെ പ്രസിഡന്റിനെ മദാമ്മ എന്നു വിളിച്ച കെ.മുരളീധരൻ തന്നെ അച്ചടക്കം പഠിപ്പിക്കേണ്ട.

ഉമ്മൻ ചാണ്ടിയേക്കാൾ കരുത്തൻ കെ.സി.വേണുഗോപാലാണെന്നു മനസ്സിലാക്കിയപ്പോൾ ഒറ്റരാത്രി കൊണ്ട് മറുകണ്ടം ചാടിയ ആളാണ് ടി.സിദ്ദിഖ്. രണ്ടു വർഷം 14 ഡിസിസി പ്രസിഡന്റുമാരെ നിയന്ത്രിച്ച താൻ ഒരു ഡിസിസി പ്രസിഡന്റാവാൻ ആഗ്രഹിച്ചു എന്നു പറയുന്നത് തെറ്റാണ്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തന്നെ ചതിച്ച പാർട്ടിയാണ് കോൺഗ്രസ്. അന്നൊന്നും പാർട്ടിക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.

കോൺഗ്രസ് വിട്ടു സിപിഎമ്മിൽ വരുന്നവർ അധികാരം തേടി വരുന്നവരല്ല. സത്യസന്ധമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം എന്നാഗ്രഹിച്ചു വരുന്നവരാണ്. ഗുലാം നബി ആസാദിനെപ്പോലെയുള്ള മുതിർന്ന നേതാക്കളെ അവഗണിച്ചു കോൺഗ്രസിന്റെ മാർഗരേഖ തയാറാക്കാൻ പ്രശാന്ത് കിഷോറിനെപ്പോലുള്ള മാനേജ്മെന്റ് വിദഗ്ധനെ ആശ്രയിക്കേണ്ടി വരുന്ന ദുരവസ്ഥയിലാണ് കോൺഗ്രസ് എന്നും അനിൽകുമാർ പറഞ്ഞു.

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ അനിൽകുമാറിനെ ജില്ലാ സെക്രട്ടറി പി.മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എ.പ്രദീപ്കുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.ദാസൻ, മാമ്പറ്റ ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. അച്ചടക്ക ലംഘനത്തിനു സസ്പെൻഷനിലായിരുന്ന കെപിസിസി മുൻ ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ കെ.പി.അനിൽകുമാർ ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസിൽനിന്നു രാജിവച്ചത്. വാർത്താ സമ്മേളനത്തിൽ രാജി അറിയിച്ചതിനു പിന്നാലെ എകെജി സെന്ററിലെത്തിയ അദ്ദേഹത്തെ മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു.

English Summary: KP Anilkumar against congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com