ADVERTISEMENT

പാലക്കാട് ∙ റഹ്മാനും സജിതയും നിയമപരമായി വിവാഹിതരായി. രാവിലെ 10ന് നെന്മാറ സബ് റജിസ്ട്രാർ ഓഫിസിലായിരുന്നു വിവാഹം. വീട്ടിലെ ഒറ്റമുറിയിൽ ആരുമറിയാതെ റഹ്മാന്‍ പത്തുകൊല്ലം സജിതയെ ഒളിവിൽ താമസിപ്പിച്ചത് വലിയ ചർച്ചയായിരുന്നു. വിവരം പുറത്തു വന്നതോടെ വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടു. സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനൊപ്പം ഒളിവിൽ കഴിഞ്ഞതെന്നായിരുന്നു സജിതയുടെ മൊഴി. കാണാതായ റഹ്മാനെ 10 വര്‍ഷങ്ങള്‍ക്ക് ശേഷം വഴിയിൽ വച്ച് ബന്ധുക്കൾ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

rahman-sajitha-marriage
വിവാഹിതരായ റഹ്മാനെയും സജിതയെയും നെന്മാറ എംഎൽഎ കെ.ബാബു സന്ദർശിച്ചപ്പോൾ

പൊലീസെത്തി നടത്തിയ അന്വേഷണത്തിൽ റഹ്മാനൊപ്പം സജിതയും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിലാണ് ഇരുവരും പത്തു കൊല്ലം തറവാട് വീട്ടിലെ ഒറ്റമുറിയിൽ താമസിച്ചെന്ന വിവരം പുറത്തു വരുന്നത്. പാലക്കാട് ജില്ലയിലെ നെന്മാറയിലെ അരിയൂരിനടുത്തുള്ള കാരയ്ക്കാട്ടുപറമ്പ് ഗ്രാമത്തിലാണ് സംഭവം നടന്നത്. സജിതയ്ക്ക് 19 വയസ്സുള്ളപ്പോഴാണ് കാണാതാകുന്നത്. റഹ്മാന് അപ്പോള്‍ 24 വയസ്സ്. പൊലീസ് ഏറെ അന്വേഷിച്ചെങ്കിലും സജിതയെ കണ്ടെത്താനായില്ല.‌

അന്ന് റഹ്മാനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അവസാനം, പൊലീസും വീട്ടുകാരും അന്വേഷണം അവസാനിപ്പിച്ചു. പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മകള്‍ വീട്ടുകാരടക്കം മറക്കുന്നതിനിടെയാണ് സംഭവത്തില്‍ സിനിമ ക്ലൈമാക്‌സിനെ വെല്ലുന്ന ട്വിസ്റ്റ് ഉണ്ടാകുന്നത്. റഹ്മാന്റെ വീട്ടില്‍നിന്ന് ഏകദേശം നൂറുമീറ്റര്‍ അകലെയാണ് സജിതയുടെ വീട്. പ്രണയം വീട്ടില്‍ പറയാനുള്ള ധൈര്യം ഇരുവര്‍ക്കുമുണ്ടായില്ല. അങ്ങനെയാണ് സജിതയെ റഹ്മാൻ ആരുമറിയാതെ വീട്ടിനുള്ളിലെ മുറിയില്‍ എത്തിച്ചത്.

തുടക്കത്തില്‍ റഹ്മാൻ മുറിവിട്ട് പുറത്തിറങ്ങിയില്ല. തന്റെ മുറിയിലേക്ക് ആരെയും പ്രവേശിപ്പിച്ചതുമില്ല. മുറിയിലേക്ക് വീട്ടുകാര്‍ കടക്കുന്നത് തടയാനായി, ഇലക്ട്രിക് ജോലി അറിഞ്ഞിരുന്ന റഹ്മാന്‍ ചില പൊടിക്കൈകളും ചെയ്തിരുന്നു. ഒടുവില്‍ റഹ്മാനെ വീട്ടില്‍നിന്ന് കാണാതാവുകയും പിന്നീട് റോഡില്‍ വച്ച് ബന്ധുക്കള്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് 10 വര്‍ഷത്തെ ഒറ്റമുറിയിലെ രഹസ്യ ജീവിതം പരസ്യമായത്.

English Summary: Rahman and Sajitha legally married after living together for 10 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com