ADVERTISEMENT

ഇസ്‌ലാമാബാദ് ∙ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ പിന്തുണയ്ക്കുന്നതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിസ്ഥാനിൽ സമാധാനവും സ്ഥിരതയും ഉറപ്പിക്കാൻ ഏറ്റവും നല്ല മാർഗം, താലിബാനുമായി ഇടപഴകുകയും അവരെ പ്രോത്സാഹിപ്പിക്കുകയുമാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാനിസ്ഥാൻ താലിബാന്റെ നിയന്ത്രണത്തിലായതിന് ശേഷം ആദ്യമായാണ് പാക്ക് പ്രധാനമന്ത്രി ഈ വിഷയത്തിൽ അഭിപ്രായം പറയുന്നത്.

‘‘അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലാണ്. എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളിച്ച് പുതിയ സർക്കാരിന് പ്രവർത്തിക്കാൻ കഴിയുമെങ്കിൽ 40 വർഷത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനമുണ്ടായേക്കാം. മറിച്ചാണെങ്കിൽ, നമ്മൾ ഭയക്കുന്നത് പോലെ അരാജകത്വത്തിലേക്ക് തള്ളപ്പെടാം. അതിഭീകരമായ മാനുഷിക പ്രതിസന്ധിയും അഭയാർഥി പ്രശ്നങ്ങളും നേരിടേണ്ടി വരും.’’- ഇമ്രാൻ ഖാൻ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെയും ഇമ്രാൻ ഖാൻ പ്രതികരിച്ചു. അവരുടെ അവകാശങ്ങൾ പുറത്തുനിന്നുള്ളവർ നേടിക്കൊടുക്കുമെന്നു കരുതുന്നത് തെറ്റാണ്. അഫ്ഗാൻ സ്ത്രീകൾ ശക്തരാണ്. അവർക്ക് സമയം നൽകുക. അവർ അവരുടെ അവകാശങ്ങൾ നേടിയെടുക്കും. ഒരു സമൂഹത്തിലെ സ്ത്രീകൾക്ക് അവരുടെ ജീവിതസാധ്യതകൾ നിറവേറ്റാനുള്ള കഴിവ് ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശങ്ങൾ നിറവേറ്റാൻ ലോകം താലിബാന് സമയം നൽകണം. പ്രതിസന്ധി തരണം ചെയ്യാൻ താലിബാൻ രാജ്യാന്തര സഹായം തേടുകയാണ്. അവരെ നിയമത്തിന്റെ ശരിയായ ദിശയിലേക്ക് നയിക്കാൻ ഇത് സഹായിക്കും. അഫ്ഗാനിസ്ഥാനെ ബാഹ്യശക്തികൾക്ക് നിയന്ത്രിക്കാനാകില്ലെന്നും ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു.

English Summary: Pakistan's Prime Minister Imran Khan on Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com