ADVERTISEMENT

തിരുവനന്തപുരം ∙ കരമനയിലെ വാടക വീട്ടിൽ കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകൾക്കു നടുവിൽ നിന്നാണ് ലോകമറിയുന്ന ഭൗതിക ശാസ്ത്രജ്ഞനായി ടി.പത്മനാഭൻ എന്ന താണു പത്മനാഭൻ വളർന്നത്. പാരമ്പര്യം പോലെ പകർന്നു കിട്ടിയ ഗണിതജ്ഞാനമായിരുന്നു അടിസ്ഥാനം. അച്ഛൻ താണു അയ്യരും ഗണിത പ്രതിഭയായിരുന്നെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം ആ വഴി പഠിച്ചു മുന്നേറാൻ അദ്ദേഹത്തിനായില്ല. വനം വകുപ്പിൽ ജോലിക്കു കയറിയ അദ്ദേഹം പക്ഷേ മകനെയും വളരെ ചെറുപ്പത്തിൽതന്നെ ഗണിതത്തിന്റെ കൂട്ടുകാരനാക്കി.

കരമന ഗവ. ബോയ്സ് സ്കൂളിൽ പഠിക്കുമ്പോൾ, കോളജ് നിലവാരത്തിലുള്ള ഗണിത പാഠങ്ങൾ അദ്ദേഹത്തിന് അനായാസമായിരുന്നെന്ന് സ്കൂളിൽ ഒരേ ബെഞ്ചിലിരുന്നു പഠിച്ച എസ്.പത്മനാഭൻ ഓർക്കുന്നു. പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന, അധികമാരോടും വെറുതെ സംസാരിക്കാത്ത വിദ്യാർഥിയായിരുന്നു. ഗണിതത്തിൽ അസാമാന്യ ജ്ഞാനമുള്ളപ്പോൾതന്നെ മറ്റു വിഷയങ്ങളിൽ സാധാരണക്കാരനായ വിദ്യാർഥിയായിരുന്നു പത്മനാഭൻ. അതിൽ ഹിന്ദി ഏറെ വലയ്ക്കുകയും ചെയ്തിരുന്നു. എസ്‌എസ്എൽസിക്ക് സ്കൂളിൽ ഒന്നാമനാകാതെ പോയതിനു കാരണവും അതായിരുന്നു.

ചെസ് കളി ആയിരുന്നു ആ കാലത്തെ മറ്റൊരു ലഹരി. പത്മനാഭനെപ്പോലെ ഗണിതത്തിൽ മിടുക്കനായിരുന്ന സഹപാഠി വി.രാമകൃഷ്ണനായിരുന്നു ചെസിൽ ഉറ്റകൂട്ട്. പ്രീഡിഗ്രിക്ക് ആർട്സ് കോളജിൽ പഠിക്കവെ വായിച്ച പുസ്തകങ്ങളിൽനിന്നാണ് ഗണിതത്തിൽനിന്നു ഭൗതിക ശാസ്ത്രത്തിലേക്കു താൽപര്യം മാറിയത്. അക്കാലത്ത് കെ.പി.പി. നമ്പ്യാരുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരം സയൻസ് സൊസൈറ്റിയിലും സജീവമായി. നാഷനൽ സയൻസ് ടാലന്റ് സെർച്ച് സ്കോളർഷിപ് ലഭിച്ചതു വലിയ ആശ്വാസമായി.

എൻജിനീയറിങ് വേണ്ട, ഗവേഷണം മതി

പ്രീഡിഗ്രിക്ക് ശേഷം ഒരു ബുദ്ധിമുട്ടുമില്ലാതെ എൻജിനീയറിങ് പ്രവേശനം ലഭിക്കുമായിരുന്നു. എന്നാൽ ഫിസിക്സിൽ ഗവേഷണം നടത്തണമെന്ന് ഉറപ്പിച്ചു കഴിഞ്ഞ അദ്ദേഹം ബിഎസ്‌സി തിരഞ്ഞെടുക്കുകയായിരുന്നെന്ന് വി.രാമകൃഷ്ണൻ ഓർക്കുന്നു. എൻജിനീയറിങ്ങിനു ചേർന്ന രാമകൃഷ്ണൻ പിന്നീട് വിഎസ്‌എസ്എ‌സിയിൽ ശാസ്ത്രജ്ഞനായി വിരമിച്ചു.

യൂണിവേഴ്സിറ്റി കോളജിൽനിന്നു ബിഎസ്‌സിയും എംഎസ്‌സിയും ഒന്നാം റാങ്കോടെയാണ് ജയിച്ചത്. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ ആദ്യ ശാസ്ത്ര പ്രബന്ധം പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് ജീവിത ലഹരിയാക്കി മാറ്റിയ ‘ഗ്രാവിറ്റി’ എന്ന വിഷയം തലയ്ക്കു പിടിക്കുന്നതും അക്കാലത്താണ്. ഗ്രാവിറ്റേഷൻ എന്ന വിഖ്യാത ഗ്രന്ഥമായിരുന്നു അതിനു നിമിത്തം.

ആ പുസ്തകം വാങ്ങാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നില്ല. അന്ന് ഫോട്ടോസ്റ്റാറ്റുമില്ല. അതിനാൽ അതിൽനിന്നു വിപുലമായ നോട്ടുകൾ അദ്ദേഹം തയാറാക്കി. ആ നോട്ടു പുസ്തകങ്ങൾ നിധിപോലെ സൂക്ഷിച്ചിരുന്നു. വിപുലമായ വായനയിലൂടെ നേടിയ കോഴ്സിനെ കവിഞ്ഞുള്ള അറിവിനെ കരുത്താക്കി, ഡിഗ്രിക്കു പഠിക്കുമ്പോൾ പിജിക്കാർക്കായി ട്യൂഷനുമെടുത്തിരുന്നു പത്മനാഭൻ.

thanu-padmanabhan-friends-19
‌താണു പത്മനാഭൻ മണക്കാട് ഗവ.ബോയ്സ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് എടുത്ത ഗ്രൂപ്പ് ഫോട്ടോ

സ്വദേശി മനസ്സ്

കോളജ് പഠനകാലത്ത് കൂടെയുണ്ടായിരുന്ന മിടുക്കർ വിദേശത്ത് ഉപരിപഠനത്തിന് പോയപ്പോഴും പത്മനാഭന് സാമ്പത്തിക സാഹചര്യം അനുകൂലമായിരുന്നില്ല. അങ്ങനെയാണ് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ഗവേഷണത്തിനായി ചേരുന്നത്. ലോകം ശ്രദ്ധിക്കുന്ന ശാസ്ത്രജ്ഞനായി വളർന്ന അദ്ദേഹത്തിന് വിദേശത്ത് വലിയ അവസരങ്ങൾ ഏറെയുണ്ടായിരുന്നുവെന്ന് എ.രാമകൃഷ്ണൻ ഓർക്കുന്നു. എന്നാൽ ഇന്ത്യയിൽ നിലയുറപ്പിച്ച് ഗവേഷണം നടത്താനും ഗവേഷകർക്ക് വഴികാട്ടാനുമായിരുന്നു താൽപര്യം. വലിയ അംഗീകരങ്ങളെക്കാൾ ഗവേഷണ ഫലങ്ങളാണ് അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചിരുന്നതെന്നും ഈ സുഹൃത്ത് പറയുന്നു.

2017ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഒരു പ്രഭാഷണത്തിനെത്തിയപ്പോൾ അദ്ദേഹം കരമന സ്കൂളിലുമെത്തി. പഴയ സഹപാഠികളും അധ്യാപകരുമെല്ലാം പൂർവ വിദ്യാർഥിയെ കാണാനായി എത്തി. അവർക്കൊപ്പം പഴയ ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്നു. അധ്യാപകരെ ആദരിച്ചു. കുട്ടികളോട് ലളിതമായ ശാസ്ത്ര ചോദ്യങ്ങൾ ചോദിച്ചും വിശദീകരിച്ചും അവരുടെ മനസ്സും കീഴടക്കിയാണ് അന്നു മടങ്ങിയത്. പത്മനാഭൻ വാർത്തകളിൽ ഇടം പിടിക്കുമ്പോഴെല്ലാം പഴയ സഹപാഠികൾ അഭിമാനത്തോടെ അദ്ദേഹത്തെ വിളിച്ചിരുന്നു.

thanu-padmanabhan-friends-18
താണു പത്മനാഭൻ താൻ പഠിച്ചിരുന്ന മണക്കാട് ഗവ.ബോയ്സ് ഹൈസ്കൂളിൽ 2017ൽ എത്തിയപ്പോൾ പഴയ സഹപാഠികൾക്കും അധ്യാപകർക്കുമൊപ്പം.

തിരക്കുകൾക്കിടയിലും അവരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാൻ അദ്ദേഹം സമയം കണ്ടെത്തി. പത്മനാഭനെക്കുറിച്ച് ഒരു ഫീച്ചർ വായിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വയും ബുധനും അദ്ദേഹവുമായി ഫോണിൽ സംസാരിച്ചെന്ന് യൂകോ ബാങ്കിൽനിന്നു വിരമിച്ച എസ്.പത്മനാഭൻ പറഞ്ഞു. ട്രിവാൻ‍ഡ്രം സയൻസ് സൊസൈറ്റിയുടെ പഴയ ഡയറി രേഖകൾ തിരക്കി ഏതാനും ദിവസം മുൻപ് അദ്ദേഹം ബന്ധപ്പെട്ടിരുന്നതായി ഡോ. അച്യുത്ശങ്കർ എസ്.നായർ പറഞ്ഞു. അതു തേടിപ്പിടിച്ച് അയച്ചുകൊടുത്തപ്പോൾ വലിയ സന്തോഷം അറിയിക്കുകയും ചെയ്തു.

ഗ്രഹത്തിനു പേരായ മകൾ

വലിയ സംഗീതപ്രേമിയുമായിരുന്ന പത്മനാഭൻ ചെറുപ്പത്തിൽ ഏതാനും മാസം ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുമുണ്ട്. അമ്മ ലക്ഷ്മിയുടെ സംഗീത ജ്ഞാനമായിരുന്നു ആ താൽപര്യത്തിനു പിന്നിൽ. മുംബൈയിൽ ഗവേഷണം നടത്തവെ ജൂനിയറായിരുന്നു പിന്നീട് ജീവിത സഖിയായ തമിഴ്നാട് സ്വദേശി വാസന്തി. മകൾ ജനിച്ചപ്പോൾ സംഗീത താൽപര്യം മുൻനിർത്തി ഹംസവാഹിനി എന്നാണ് പേരിട്ടത്. പിന്നീട് ഇത് ചുരുക്കി ഹംസ എന്നു മാത്രമാക്കി.

thanu-padmanabhan-teacher-friend-17
താണു പത്മനാഭൻ മണക്കാട് ഗവ.ബോയ്സ് ഹൈസ്കൂളിൽ എത്തിയപ്പോൾ തന്റെ ഫിസിക്സ് അധ്യാപകനായിരുന്ന നാരായണൻ നായർക്കും സഹപാഠി എസ്.പത്മനാഭനുമൊപ്പം

മാതാപിതാക്കളുടെ പാത പിന്തുടർന്ന് ഹംസയും അസ്ട്രോ ഫിസിക്സ് ശാസ്ത്രജ്ഞയായി. അങ്ങനെ അസ്ട്രോ ഫിസിക്സ് കുടുംബമായി പത്മനാഭന്റേത്. സൗരയൂഥത്തിൽ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഒരു ഛിന്ന ഗ്രഹത്തിന് ഹംസയുടെ പേരാണ്. അമേരിക്കയിലെ ഇന്റൽ കോർപറേഷൻ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ശാസ്ത്ര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഹംസ വിജയിച്ചതിന്റെ സമ്മാനമായിരുന്നു ആ നാമകരണം.

English Summary: Life Story of Theoretical Physicist Thanu Padmanabhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com