ADVERTISEMENT

കോഴിക്കോട്∙ ബവ്റിജസ് ഔട്ട്‌ലെറ്റുകൾ തുടങ്ങാൻ ഇടം കൊടുക്കാനുള്ള ചർച്ചകൾക്കിടെ കെഎസ്ആർടിസിയിൽ മറ്റൊരു വിവാദം കൂടി തലപൊക്കുന്നു. കെഎസ്ആർടിസിയുടെ പഴയ ബസുകളും ഡ്രൈവർമാരെയും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യ സംഭരണത്തിന് ഉപയോഗിച്ച്, സ്ഥാപനത്തിന് കൂടുതൽ വരുമാനം നേടാമെന്ന മാനേജിങ് ഡയറക്ടറുടെ ശുപാർശയാണ് വിവാദത്തിന് തിരി കൊളുത്തിയത്. കെഎസ്ആർടിസിയിലെ ഡ്രൈവർമാരെ മാലിന്യം കോരാൻ ഉപയോഗിക്കുന്നു എന്ന പ്രതിഷേധവുമായി ഭരണാനുകൂല യൂണിയനുകൾ തന്നെ രംഗത്തെത്തി. ട്രാൻസ്പോർട്ട് എംപ്ളോയീസ് യൂണിയനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി എംഡിക്ക് കത്തെഴുതിയത്. 

തദ്ദേശ സ്വയംഭരണ വകുപ്പിന് കെഎസ്ആർടിസി എംഡി ജൂലൈ ഏഴിന് നൽകിയ ശുപാർശയിലാണ് ഇക്കാര്യമുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിപാലനം കെഎസ്ആർടിസിയെ ഏൽപിക്കണം എന്നതാണ് പ്രധാന ശുപാർശ. ഇക്കാര്യത്തിൽ ജീവനക്കാർക്കിടയിൽ ഒരു എതിർപ്പുമില്ല. തന്നെയുമല്ല, സർക്കാരിന് കോടികളുടെ ലാഭമുണ്ടാക്കുന്ന തീരുമാനമായിരിക്കും ഇതെന്ന് അവരും ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ചുള്ള കള്ളബില്ലുകൾ മാറിയെടുക്കുന്നതും നിലയ്ക്കും. നിലവിൽ ഓരോ വാഹനത്തിന്റെയും അറ്റകുറ്റപ്പണികളുടെ പേരിൽ പതിനായിരങ്ങളാണ് മാസം തോറും നഷ്ടപ്പെടുത്തുന്നത്.

ksrtc-garbage-order

കെഎസ്ആർടിസിക്ക് മികച്ച വർക്‌ഷോപ്പും പരിചയ സമ്പന്നരായ ജീവനക്കാരും ഉണ്ട്. പാപ്പനംകോട് സെൻട്രൽ വർക്സ് ഉൾപ്പെടെ 25 വർക്‌ഷോപ്പുകൾ കേരളത്തിൽ ഉടനീളമുണ്ട്. ജീവനക്കാരുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുകയാണെങ്കിൽ, മിതമായ നിരക്കിൽ തദ്ദേശ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താം. ബാറ്ററി, ടയർ എന്നിവ മാറ്റുന്നതും വാഹനങ്ങൾ സിഎൻജിയിലേക്ക് മാറ്റുന്നതും കൂടി കെഎസ്ആർടിസിയെ ഏൽപിച്ചാൽ സ്ഥാപനത്തിന് ടിക്കറ്റിനു പുറത്തുള്ള വരുമാനവുമാവും. 

‌എന്നാൽ രണ്ടാമത്തെ ശുപാർശ ജീവനക്കാരെ ചൊടിപ്പിക്കുന്നതാണ്. വിവിധ കോർപ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും വാഹനങ്ങൾ ഏറ്റെടുത്ത് , കെഎസ്ആർടിസി ഡ്രൈവർമാരെ ഉപയോഗിച്ച് നിശ്ചിത വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ മാലിന്യ നിർമാർജനത്തിന് സഹായിക്കാൻ കെഎസ്ആർടിസി തയ്യാറാണ് എന്നതാണ് രണ്ടാമത്തെ ശുപാർശ. കെഎസ്ആർടിസിയുടെ ഡ്രൈവർമാർ മാലിന്യ വാഹനങ്ങൾ ഓടിക്കണോ എന്ന ചോദ്യമാണ് യൂണിയനുകൾ  ഉയർത്തുന്നത്.

biju-prabhakar
കെഎസ്ആർടിസി എംഡി ബിജു പ്രഭാകര്‍.

ഡ്രൈവർമാരെ മാത്രമല്ല, പഴയ ‘ആനവണ്ടി’കൾ റീമോഡൽ ചെയ്ത് മാലിന്യ നീക്കത്തിന് ഉപയോഗിക്കാമെന്നും ശുപാർശയുള്ളതായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. നാലു വശവും അടച്ചു കെട്ടി മാലിന്യം നീക്കാൻ പഴയ ബസുകൾ ഉപയോഗിക്കാമെന്നും ഇത് കെഎസ്ആർടിസി ഡ്രൈവർമാർ തന്നെ ഓടിക്കാമെന്നുമാണ് ശുപാർശയെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഏതായാലും ‘ആ പൂതിയങ്ങ് മനസിൽ വച്ചേര്’ എന്ന് പറഞ്ഞ് ട്രാൻസ്പോർട്ട് എംപ്ളോയീസ് യൂണിയൻ രംഗത്തെത്തിക്കഴിഞ്ഞു. 

'അതല്ല ഞങ്ങളുടെ പണി. ആ പണി തരാനും അങ്ങ് നോക്കരുത്'

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കരാര്‍ ഏറ്റെടുക്കാനും അതിനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ ഉപയോഗിക്കാനും ഉള്ള നിര്‍ദ്ദേശം അങ്ങേയറ്റം ക്രൂരതയും പ്രതിഷേധാര്‍ഹവുമാണെന്ന് കെഎസ്ടിഇയു (എഐടിയുസി) ജനറല്‍ സെക്രട്ടറി എം.ജി. രാഹുല്‍ പ്രതികരിച്ചു. മാലിന്യം നീക്കം ചെയ്യുന്നത് ഒരു മോശപ്പെട്ട തൊഴിലാണെന്ന് ഞങ്ങള്‍ കാണുന്നില്ല. അവരും തൊഴിലാളികള്‍ തന്നെയാണ്. ഒപ്പം പണിയെടുക്കുന്നത് കുടുബം പുലര്‍ത്താനുമാണ്. എല്ലാ തൊഴിലിന്റെയും മഹത്വത്തെ ഞങ്ങള്‍ ആദരിക്കുന്നു. എന്നിരിക്കിലും കെഎസ്ആര്‍ടിസിയിലേക്ക് പിഎസ്‌സി പരീക്ഷ എഴുതി വന്നവര്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍മാരാണ്.

ആകെ ഓടിയിരുന്ന 5400 ഷെഡ്യൂളുകള്‍ക്കായി പതിനായിരം സ്ഥിരം ഡ്രൈവര്‍മാര്‍ക്കു പുറമേ 5000 എം പാനല്‍ ഡ്രൈവര്‍മാരും തൊഴിലെടുത്തിരുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി. ഇന്നിപ്പോള്‍ സ്ഥിരം ഡ്രൈവര്‍മാര്‍ ഒന്‍പതിനായിരമായി കുറഞ്ഞു. 5000 എം.പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവട്ടു. എന്നിട്ടും ഒന്‍പതിനായിരം ഡ്രൈവര്‍മാര്‍ക്ക് ഓടിക്കാന്‍ പോലുമുള്ള ഷെഡ്യൂളുകള്‍ നടത്താനാവുന്നില്ല എന്നുത് നാണക്കേടാണെന്നും രാഹുല്‍ വ്യക്തമാക്കുന്നു. 

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി രൂപീകരിച്ച സര്‍ക്കാര്‍ കമ്പനി വേറെ ഉണ്ട്. അതല്ല ഞങ്ങളുടെ പണി. ആ പണി തരാനും അങ്ങ് നോക്കരുത്. അതേറ്റെടുക്കാനും ഞങ്ങള്‍ക്ക് മനസ്സില്ല. അടിച്ചേല്‍പ്പിക്കാനാണു ശ്രമമെങ്കില്‍ ഏതറ്റം വരെയും പോരാടും. ആരൊക്കെ കൂടെയുണ്ടന്നത് പ്രശ്‌നമല്ലെന്നും സംഘടന മുന്നറിയിപ്പു നല്‍കുന്നു. സര്‍ക്കാര്‍ വകുപ്പുകളിലെ വാഹന പരിപാലനത്തിനായുള്ള ഇടപെടലുകളെ സംഘടന സ്വാഗതം ചെയ്യുകയും ചെയ്തു.

English Summary: Controversy in KSRTC on MD's recommendation about garbage collection by drivers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com