ADVERTISEMENT

പാരീസ്: അന്തര്‍വാഹിനി കരാറിന്റെ പേരില്‍ ലോകത്തെ വമ്പന്‍ ശക്തികള്‍ തമ്മിലുള്ള പോര് പരസ്യമാകുന്നു. അമേരിക്ക, യുകെ, ഓസ്‌ട്രേലിയ ത്രിരാഷ്ട്ര സഖ്യ ഉടമ്പടിയുടെ ഭാഗമായി ഫ്രാന്‍സുമായുള്ള വമ്പന്‍ അന്തര്‍വാഹിനി കരാര്‍ റദ്ദാക്കാനുള്ള ഓസ്‌ട്രേലിയയുടെ അപ്രതീക്ഷിത നീക്കത്തില്‍ കടുത്ത ഞെട്ടലിലും രോഷത്തിലുമാണു ഫ്രാന്‍സ്. ചരിത്രത്തില്‍ ആദ്യമായി അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും സ്ഥാനപതിമാരെ പിന്‍വലിച്ചാണ് ഫ്രാന്‍സ് രോഷം പ്രകടിപ്പിച്ചിരിക്കുന്നത്. അമേരിക്കയില്‍നിന്ന് ആണവ അന്തര്‍വാഹിനികള്‍ വാങ്ങാനാണ് ഓസ്‌ട്രേലിയ കരാറില്‍നിന്നു പിന്മാറിയത്. 

2003ലെ ഇറാഖ് യുദ്ധം ഉള്‍പ്പെടെ വിദേശകാര്യ വിഷയങ്ങളില്‍ അമേരിക്കയുമായി അഭിപ്രായഭിന്നതയുള്ള ഫ്രാന്‍സ് ഇതുവരെ ഇത്രയും കടന്ന തീരുമാനങ്ങള്‍ എടുത്തിരുന്നില്ല. ഫ്രഞ്ച്-യുഎസ് ബന്ധം ആഘോഷിക്കാനായി മുമ്പ് നിശ്ചയിച്ചിരുന്ന രണ്ടു പരിപാടികയും ഫ്രാന്‍സ് റദ്ദാക്കിയിരുന്നു. ഓസ്‌ട്രേലിയ തങ്ങളെ പിന്നില്‍നിന്നു കുത്തിയെന്നും വിശ്വാസവഞ്ചന കാട്ടിയെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏകപക്ഷീയമായ തീരുമാനം യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടികളെ ഓര്‍മിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. 

ഫ്രാന്‍സിന്റെ ഭാഗീക ഉടമസ്ഥതയിലുള്ള നേവല്‍ ഗ്രൂപ്പില്‍നിന്ന് 12 അന്തര്‍വാഹിനികള്‍ വാങ്ങാന്‍ 31 ബില്യണ്‍ യൂറോയുടെ കരാറിലാണ് ഓസ്‌ട്രേലിയ ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ അമേരിക്കയും ഓസ്‌ട്രേലിയയും ബ്രിട്ടനും കഴിഞ്ഞ ദിവസം പുതിയ പ്രതിരോധ കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് യുഎസില്‍നിന്ന് ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനി ഓസ്‌ട്രേലിയയ്ക്കു ലഭിക്കും. ഇന്തോ-പസിഫിക്ക് മേഖലയിലെ ചൈനയുടെ വെല്ലുവിളി മറികടക്കാനാണിതെന്നായിരുന്നു വിശദീകരണം. 

എന്നാല്‍ അമേരിക്കയുമായുള്ള അടുപ്പത്തിന്റെ പേരില്‍ തങ്ങളുമായുള്ള കോടികളുടെ അന്തര്‍വാഹിനി കരാറില്‍നിന്നു പിന്മാറാനുള്ള ഓസ്‌ട്രേലിയയുടെ അപ്രതീക്ഷിത തീരുമാനം ഫ്രാന്‍സിനെ ഞെട്ടിച്ചു. അമേരിക്കയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നു ഫ്രഞ്ച് വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് രാജ്യങ്ങളില്‍നിന്ന് സ്ഥാനപതിമാരെ പിന്‍വലിക്കാനുള്ള അപൂര്‍വനീക്കം ഫ്രാന്‍സ് നടത്തിയിരിക്കുന്നത്.

English Summary: In a first, France recalls its envoy to US, Australia over submarine deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com