ADVERTISEMENT

ന്യൂഡൽഹി∙ ബോളിവുഡ് നടൻ സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്. തുടർച്ചയായി മൂന്നു ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ പരിശോധന നടത്തിയ ശേഷമാണ് ആദായനികുതി വകുപ്പ് ഇക്കാര്യം അറിയിച്ചത്. സോനുവും സഹായികളും ചേർന്ന് നികുതി വെട്ടിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയെന്നും അധികൃതർ പറഞ്ഞു.

വ്യാജ കമ്പനികളിൽനിന്ന് നിയമവിരുദ്ധമായി വായ്പകൾ സംഘടിപ്പിച്ചു. ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങുകയും ചെയ്തുവെന്നും അധികൃതർ പറ‍ഞ്ഞു. സോനു സൂദിന്റെ മുംബൈയിലെ ഓഫിസുകളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ലക്നൗവിലെ ഒരു കമ്പനിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 

2012ലും നികുതിപ്പണം വെട്ടിച്ചതു സംബന്ധിച്ച് ആദായ നികുതി വകുപ്പു സോനു സൂദിന്റെ ഓഫിസുകളിൽ പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി ബോളിവുഡിൽ സജീവമാണു സോനു സൂദ്. എന്നാൽ, കോവിഡ് കാലത്തു നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിനു പുതിയ മേൽവിലാസം നൽകിയത്.

ലോക്ഡൗണിൽ കുടുങ്ങിയ ആളുകളെ നാടുകളിൽ തിരികെ എത്തിക്കാൻ ബസുകളും ട്രെയിനുകളും വിമാനങ്ങളും വരെ ഒരുക്കി നൽകിയ താരമാണ്. രണ്ടാം തരംഗത്തിൽ കോവിഡ് രോഗികൾക്ക് ഓക്സിജനും എത്തിച്ചു നൽകി. ആദായ നികുതി വകുപ്പിന്റെ പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ആം ആദ്മി പാർട്ടിയുമായി സഹകരിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് സോനു സൂദിനെതിരെ ആദായനികുതി വകുപ്പ് കേസ് എടുത്തത്.  

English Summary: Actor Sonu Sood Evaded Tax Of Over ₹ 20 Crore: Income Tax Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com