കുട്ടികൾ മരിച്ചുവീഴുന്നു; ‘നീറ്റി’ല്‍ കേന്ദ്രത്തെ വീഴ്ത്താൻ സ്റ്റാലിന്റെ ‘ജല്ലിക്കെട്ട്’ മോഡൽ?

Neet Exam
നീറ്റ് പരീക്ഷയ്ക്ക് എത്തിയവർ. ചെന്നൈയിൽനിന്നുള്ള ദൃശ്യം. ചിത്രം: ARUN SANKAR / AFP
SHARE

മെഡിക്കൽ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനു രാജ്യമൊട്ടാകെയുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എന്ന കടമ്പ കടക്കാനാകുമോയെന്ന പേടിയിൽ തമിഴ്നാട്ടിൽ 4 ദിവസത്തിനിടെ പൊലിഞ്ഞത് 3 ജീവൻ! ഞെട്ടിപ്പിക്കുന്ന ഈ ആത്മഹത്യാ കണക്കും തമിഴ്നാട്ടിൽ നീറ്റ് ഒഴിവാക്കിക്കൊണ്ടു കഴിഞ്ഞദിവസം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ച ബില്ലും നീറ്റിനെതിരെയുള്ള തമിഴ്നാടിന്റെ ജനകീയ പ്രതിഷേധത്തെ വീണ്ടും ദേശീയ ശ്രദ്ധയിലെത്തിക്കുകയാണ്. 

ഞായറാഴ്ച സേലം മേട്ടൂർ സ്വദേശി ധനുഷ്, ചൊവ്വാഴ്ച അരിയല്ലൂർ സ്വദേശിനി കനിമൊഴി, ബുധനാഴ്ച വെല്ലൂർ കാട്പാടി തലയറമ്പാട്ട് ഗ്രാമത്തിലെ സൗന്ദര്യ എന്നിവരാണ് നീറ്റ് സ്കോർ എന്താകുമെന്ന ആശങ്കയിൽ സ്വയം ജീവനെടുത്തത്. കുട്ടികളുടെ മരണങ്ങളിൽ അസ്വസ്ഥനായ മുഖ്യമന്ത്രി കടുത്ത ഭാഷയിലാണു കേന്ദ്രസർക്കാരിനെതിരെ പ്രതികരിച്ചത്. തലമുറകളായി നിഷേധിക്കപ്പെട്ട വിദ്യാഭ്യാസത്തിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നു കിട്ടിയപ്പോൾ നീറ്റ് ഉപയോഗിച്ച് അതില്ലാതാക്കാൻ ശ്രമിക്കുകയാണെന്നു സ്റ്റാലിൻ ആരോപിക്കുന്നു.

INDIA-POLITICS-VOTE
എം.കെ.സ്റ്റാലിൻ

വൈദ്യശാസ്ത്രം പഠിക്കണമെന്നു കരുതുന്നവരുടെ സ്വപ്നം തകർക്കാനാണു നീറ്റ് പരീക്ഷയെന്നും ഇതൊഴിവാക്കാൻ കേന്ദ്രം വിമുഖത കാണിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വർഷവും ഒരാഴ്ചയ്ക്കിടെ 4 കുട്ടികൾ തമിഴ്നാട്ടിൽ നീറ്റ് പേടി കാരണം ആത്മഹത്യ ചെയ്തിരുന്നു. 2017ൽ നീറ്റ് നിർബന്ധമാക്കിയതിനു ശേഷം എല്ലാ വർഷവും ഇത്തരത്തിലുള്ള വാർത്തകൾ തമിഴ്നാട്ടിൽ നിന്നുണ്ടാകുന്നു. 2017ൽ അരിയല്ലൂർ ജില്ലയിലെ അനിത എന്ന വിദ്യാർഥിയുടെ മരണം രാജ്യത്തെ ഏറ്റവും വലിയ നീറ്റ് വിരുദ്ധ പ്രക്ഷോഭത്തിനും വഴിവച്ചു. 

നീറ്റിൽനിന്നു രക്ഷതേടി നിയമനിർമാണം 

മെഡിക്കൽ ഡിഗ്രി പ്രോഗ്രാമുകളിലേക്കു പ്രവേശനത്തിനു നീറ്റ് ഒഴിവാക്കിയും പകരം പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകാനുമുള്ള ബിൽ സെപ്റ്റംബർ 13നാണ് തമിഴ്നാട് നിയമസഭ പാസാക്കിയത്. രണ്ടാം തവണയാണ് ഇത്തരമൊരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നത്. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായിരിക്കെ സമാന ബിൽ നിയമസഭ പാസാക്കിയെങ്കിലും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നില്ല. 

തമിഴ്നാ‌ട്ടില‌െ പുതിയ ബിൽ പ്രകാരം അലോപ്പതി, ‍ഡന്റൽ, ആയുർവേദം ഉൾപ്പെടെയുള്ള ഇന്ത്യൻ മെഡിസിൻ, ഹോമിയോപ്പതി തുടങ്ങിയവയിലൊന്നും ഡിഗ്രി പ്രവേശനത്തിനു നീറ്റ് എഴുതേണ്ടതില്ല. പകരം യോഗ്യതാപരീക്ഷയിലെ (പ്ലസ്ടു 12–ാം ക്ലാസ്) മാർക്ക് അടിസ്ഥാനമാക്കിയാണു പ്രവേശനം. സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്കു മെഡിക്കൽ കോളജുകളിൽ 7.5 ശതമാനം സംവരണവും ഉറപ്പുനൽകുന്നു. മെഡിക്കൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ഭരണഘടനയുടെ പൊതുപട്ടികയിൽ (കൺകറന്റ് ലിസ്റ്റ്) പെടുന്നതിനാൽ സംസ്ഥാന സർക്കാരിനു നിയമം നിർമിക്കാമെന്നാണു തമിഴ്നാടിന്റെ നിലപാട്. 

ദുർബല സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ വിവേചനങ്ങളിൽ നിന്നു സംരക്ഷിക്കുന്നതും സാമൂഹിക നീതി, തുല്യത, അവസര സമത്വം എന്നിവ ഉറപ്പാക്കുന്നതുമാണ് പുതിയ ബില്ലെന്നു സർക്കാർ അവകാശപ്പെടുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർഥികളെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ മുൻനിരയിലേക്കു കൊണ്ടുവരുന്നതുവഴി തമിഴ്നാട്ടിലെ പൊതുജനാരോഗ്യ സംവിധാനം കൂടുതൽ കാര്യക്ഷമമാകുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.

ദുർബല വിദ്യാർഥികളെ നീറ്റ് കൂടുതൽ പാർശ്വവൽക്കരിക്കുന്നതായി ബിൽ കുറ്റപ്പെടുത്തുന്നു. സാമ്പത്തികമായും സാമൂഹികമായും മുന്നാക്കം നിൽക്കുന്നവർക്കു മാത്രമാണ് നീറ്റിൽ മുന്നിലെത്താൻ കഴിയൂവെന്നും ചൂണ്ടിക്കാട്ടുന്നു. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയെല്ലാം പിന്തുണ ബില്ലിനുണ്ട്. കോൺഗ്രസ്, പ്രതിപക്ഷ പാർട്ടികളായ അണ്ണാ ഡിഎംകെ, പിഎംകെ എന്നിവരെല്ലാം പിന്തുണച്ചപ്പോൾ ബിജെപി മാത്രമാണ് എതിർക്കുന്നത്. 

നീറ്റ് അസമത്വം പഠിക്കാൻ ആദ്യം പാനൽ; തൊട്ടുപിന്നാലെ ബിൽ 

സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളിൽ നീറ്റ് പരീക്ഷ ഏൽപിക്കുന്ന ആഘാതം പഠിക്കാൻ ജൂണിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മദ്രാസ് ഹൈക്കോടതിയിലെ മുൻ ജഡ്ജി എ.കെ.രാജൻ അധ്യക്ഷനായി 9 അംഗ കമ്മിറ്റി രൂപീകരിച്ചത്. നീറ്റ് വിദ്യാർഥികളിൽ ഏതൊക്കെ തരത്തിൽ അസമത്വം സൃഷ്ടിക്കുന്നു എന്നു പഠിക്കലായിരുന്നു സമിതിയുടെ പ്രധാന ദൗത്യം. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വിദ്യാർഥികളിൽ നീറ്റ് അന്തരമുണ്ടാക്കുന്നുണ്ടോ? പൊതുവിദ്യാലയങ്ങളിലെ (സർക്കാർ, എയ്ഡഡ്) കുട്ടികളും അൺ എയ്ഡഡ് വിദ്യാർഥികളും തമ്മിലുള്ള വ്യത്യാസം എത്രമാത്രം?

INDIA-EDUCATION
നീറ്റ് പരീക്ഷ എഴുതാൻ അമൃത്‌സറിൽ എത്തിയവർ. ചിത്രം: PRAKASH SINGH / AFP

നീറ്റിനു മുൻപും ശേഷവും മെഡിക്കൽ പ്രവേശനപരീക്ഷ പാസായവരുടെ കണക്ക്, തമിഴ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികളെ നീറ്റ് എങ്ങനെ ബാധിക്കുന്നു തുടങ്ങിയവയെല്ലാം സമിതി പരിശോധിച്ചു. ഒരു മാസമായിരുന്നു കാലാവധി. ഇതിനിടെ 86,342 പേരിൽ നിന്നു വിവരശേഖരണം നടത്തിയതായി സമിതി അവകാശപ്പെടുന്നു. സമിതി രൂപീകരിച്ചതിനെതിരെ തമിഴ്നാട് ബിജെപി സെക്രട്ടറി കെ.നാഗരാജൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി കോടതി തള്ളി. 

തമിഴ്നാടിനു നീറ്റ് ആവശ്യമില്ലെന്നാണ് 165 പേജുള്ള രാജൻ പാനലിന്റെ റിപ്പോർട്ടിന്റെ ചുരുക്കം. നീറ്റ് പരീക്ഷ നിലവിൽ വന്നതിനു ശേഷം സർക്കാർ സ്കൂൾ വിദ്യാർഥികൾ മെഡിക്കൽ പ്രവേശനത്തിൽ പിന്നാക്കം പോകുന്നതായും മെഡിക്കൽ പ്രവേശനത്തിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്കു തുടർന്നും സംവരണം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

നീറ്റ് വരുന്നതു വരെ പ്ലസ് ടു പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം നടത്തിയിരുന്നത്. ഈ രീതി തുടരണം. ഉന്നത പഠനത്തിനു പ്രവേശനപരീക്ഷ നിരോധിച്ചുകൊണ്ട് 2006ൽ തമിഴ്നാട് പാസാക്കിയ നിയമം നിലനിൽക്കുന്നതിനാൽ അതിന്റെ അടിസ്ഥാനത്തിൽ പുതിയ നിയമനിർമാണം നടത്താമെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പുതിയ ബിൽ സ്റ്റാലിൻ അവതരിപ്പിച്ചത്. 

‘നീറ്റൽ’ 2017 മുതൽ 

പൊതു പ്രവേശനപരീക്ഷയിലൂടെ മെഡിക്കൽ പ്രവേശനം എന്ന ആശയവുമായി 2010 ഡിസംബർ 21നാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വിജ്ഞാപനം ഇറക്കിയത്. ഇതിനെതിരെ നൂറിലേറെ ഹർജികൾ സുപ്രീം കോടതിയിലെത്തി. ഹർജികൾ അനുവദിച്ച കോടതി, 2013 ജൂലൈ 18ന് നീറ്റ് റദ്ദാക്കി. പൊതുപ്രവേശനപരീക്ഷ സംസ്ഥാനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്നും അതിനാൽ ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് അന്നത്തെ ചീഫ് ജസ്റ്റിസ് അൽതമാസ് കബീർ, ജഡ്ജിമാരായ വിക്രംജിത് സെൻ, അനിൽ ആർ. ദവെ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റെ വിധി. ഇതിനെതിരെ കേന്ദ്ര സർക്കാരും മെഡിക്കൽ കൗൺസിലും സുപ്രീം കോടതിയെ സമീപിച്ചു. 

INDIA-EDUCATION
ഡൽഹിയിൽ നീറ്റ് പരീക്ഷയ്ക്ക് എത്തിയവർ. ചിത്രം: NARINDER NANU / AFP

2013ലെ വിധി 2016 ഏപ്രിൽ 11നു നൽകിയ ഉത്തരവിലൂടെ ജസ്റ്റിസ് അനിൽ ആർ. ദവെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പിൻവലിച്ചു. ഇതോടെയാണു ദേശീയ തലത്തിലുള്ള ഏകീകൃത പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിനു സംസ്ഥാനങ്ങൾ നിർബന്ധിതരായത്. മറ്റൊരു പരീക്ഷയും അംഗീകരിക്കാനാവില്ലെന്ന് അന്നു കോടതി വ്യക്തമാക്കി. തമിഴ്നാട്ടിൽ അക്കാലത്തു പ്രവേശനപരീക്ഷ ഉണ്ടായിരുന്നില്ല.

2006ൽ ഡിഎംകെ സർക്കാർ കൊണ്ടുവന്ന നിയമപ്രകാരം തമിഴ്നാട്ടിൽ പ്രഫഷനൽ കോഴ്സുകൾക്കുള്ള പ്രവേശനപരീക്ഷ എടുത്തുകളഞ്ഞിരുന്നു. പകരം യോഗ്യതാപരീക്ഷയിൽ സയൻസ് വിഷയങ്ങൾക്കു ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് എംബിബിഎസ്, ബിഡിഎസ് പ്രവേശനം അനുവദിച്ചിരുന്നത്. ഇതും എൻസിഇആർടി– തമിഴ്നാട് സിലബസ് അന്തരം ചൂണ്ടിക്കാട്ടിയും ആ വർഷം തമിഴ്നാട് നീറ്റിൽ ഇളവു നേടി. എന്നാൽ 2017ൽ തമിഴ്നാട്ടിലും നീറ്റ് നിർബന്ധമായി. 

രാഷ്ട്രീയച്ചൂട് 

ഹയർ സെക്കൻഡറിക്കു 98% മാർക്ക് ലഭിച്ചിട്ടും ‘നീറ്റ്’ കടമ്പയിൽ തട്ടി മെഡിക്കൽ പ്രവേശന സ്വപ്നം തകർന്ന ദലിത് വിദ്യാർഥിനി അനിത ഷൺമുഖം ആത്മഹത്യ ചെയ്തതോടെ തമിഴ്നാടിന്റെ നീറ്റ് വിരുദ്ധതയ്ക്കു രാഷ്ട്രീയ മാനം കൈവന്നു. 2017 സെപ്റ്റംബർ ഒന്നിനാണ് അരിയല്ലൂർ ജില്ലയിലെ കുഴുമൂർ ഗ്രാമത്തിലെ അനിത ജീവനൊടുക്കിയത്. പ്ലസ്ടുവിൽ 1200ൽ 1176 മാർക്ക് നേടിയ കുട്ടിക്ക് നീറ്റിൽ ലഭിച്ചത് 12.33 ശതമാനം മാർക്ക് മാത്രം.

Supreme Court | (Photo - iMetal21/Shutterstock)
സുപ്രീം കോടതി

നീറ്റിനെതിരെ സുപ്രീം കോടതി വരെ നടത്തിയ നിയമപോരാട്ടം പരാജയപ്പെട്ടതോടെയായിരുന്നു ആത്മഹത്യ. മരണവിവരം പുറത്തുവന്നതോടെ തമിഴ്നാട്ടിൽ പ്രതിഷേധാഗ്നി പൊട്ടിപ്പുറപ്പെട്ടു. ഇതോടെ നീറ്റിൽ നിന്നു തമിഴ്നാടിനെ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം 2017ൽ നിയമസഭ പാസാക്കി. എന്നാൽ നീറ്റ് നിർബന്ധമാക്കി സുപ്രീംകോടതി ഉത്തരവു വന്നതോടെ സംസ്ഥാനം നിസ്സഹായരായി.

നീറ്റിന് എതിരാണെന്ന് അണ്ണാ ഡിഎംകെ ആവർത്തിച്ചെങ്കിലും പരീക്ഷ ഒഴിവാക്കാൻ കാര്യമായ ശ്രമമുണ്ടായില്ല. ഇതു പിന്നീട് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഡിഎംകെ രാഷ്ട്രീയ ആയുധമാക്കി. ഈ രാഷ്ട്രീയപ്പോരിന്റെ തുടർച്ചയുമാണ് പുതിയ ബിൽ. 

നിയമമാകുമോ? 

ബിൽ നിയമസഭ പാസാക്കിയെങ്കിലും നിയമമാകാൻ കടമ്പകൾ ബാക്കിയാണ്. മെഡിക്കൽ വിദ്യാഭ്യാസം ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ പൊതുപട്ടികയിൽ പെടുന്ന വിഷയമാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഈ വിഷയത്തിൽ നിയമനിർമാണമാകാം. എന്നാൽ, ഈ പട്ടികയിലെ വിഷയങ്ങളിൽ സംസ്ഥാന നിയമങ്ങൾ കേന്ദ്ര നിയമത്തിന് എതിരാണെങ്കിൽ കേന്ദ്രനിയമത്തിനായിരിക്കും മുൻഗണന.

Narendra-Modi-MK-Stalin
എം.കെ.സ്റ്റാലിന്‍, നരേന്ദ്ര മോദി

തമിഴ്നാട് നിയമസഭ ഇപ്പോൾ പാസാക്കിയ ബിൽ കേന്ദ്രനിയമത്തിന് എതിരായതിനാൽ ബിൽ സംസ്ഥാന ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കും. രാഷ്ട്രപതി അംഗീകരിച്ചാലേ നിയമമാകൂ. തന്റെ പരിഗണയ്ക്കു വരുമ്പോൾ സ്വാഭാവികമായും ബില്ലിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടും. നിലവിലെ സാഹചര്യത്തിൽ കേന്ദ്രം തമിഴ്നാടിന്റെ ബില്ലിനെ അനുകൂലിക്കാൻ ഒരു സാധ്യതയുമില്ല. ഫലത്തിൽ ബിൽ നിയമമായി മാറാനുള്ള സാധ്യത തീരെക്കുറവ്. 

2017ൽ എടപ്പാടി പളനിസ്വാമി സർക്കാർ കൊണ്ടുവന്ന നീറ്റ് വിരുദ്ധ നിയമത്തിന്റെ ഗതിയും തമിഴ്നാടിനു മുന്നിലുണ്ട്. അന്നു നിയമസഭ പാസാക്കിയ ബില്ലിലെ തീരുമാനം തമിഴ്നാട് സർക്കാരിനെ അറിയിക്കാൻ പോലും കേന്ദ്രസർക്കാർ തയാറായിരുന്നില്ല. ബിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് തള്ളിയ വിവരം തമിഴ്നാട് അറിയുന്നത് 2019ൽ, മദ്രാസ് ഹൈക്കോടതിയിൽ ഒരു കേസിലെ വാദത്തിനിടെയാണ്.

മെഡിക്കൽ പ്രവേശന നടപടികൾ പൂർത്തിയാകുന്നതിനു മുൻപ് ബില്ലുകൾക്ക് അംഗീകാരം നേടാൻ സംസ്ഥാന സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു 2 വിദ്യാർഥികൾ ഹർജി നൽകിയിരുന്നു. ഇതിന്മേൽ കോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയപ്പോൾ നൽകിയ മറുപടിയിലാണ് ബിൽ തള്ളിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു അന്നു സംസ്ഥാനത്ത് അധികാരത്തിലിരുന്ന അണ്ണാ ഡിഎംകെ. എന്നിട്ടും കേന്ദ്രത്തിന്റെ നിലപാട് ഇങ്ങനെയായിരുന്നെങ്കിൽ എല്ലാ രീതിയിലും ബിജെപിക്കെതിരെ പ്രത്യക്ഷ യുദ്ധം നയിക്കുന്ന സ്റ്റാലിൻ കൊണ്ടുവന്ന ബില്ലിനോടുള്ള കേന്ദ്രത്തിന്റെ നിലപാട് ഊഹിക്കാവുന്നതേയുള്ളൂ. 

ജല്ലിക്കെട്ട് മോഡൽ നീറ്റിലും നടക്കുമോ? 

അതേസമയം, കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയത്തിൽ കേന്ദ്രനിയമത്തിനെതിരെ നിയമം കൊണ്ടുവന്നു കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിച്ച പാരമ്പര്യമുണ്ട് തമിഴ്നാടിന്. ജല്ലിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി മറികടക്കാനായിരുന്നു ഇത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന 1960ലെ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ജല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചത്. ഇതിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജിയും കോടതി തള്ളി. 

തമിഴ്നാട്ടിൽ വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഇതോടെ, ജല്ലിക്കെട്ട് നടത്താവുന്ന രീതിയിൽ 2017ൽ ഒ.പനീർസെൽവം സർക്കാർ നിയമം പാസാക്കി. തമിഴ്നാട്ടിലെ രാഷ്ട്രീയം മുൻനിർത്തി കേന്ദ്രസർക്കാർ പിന്തുണയ്ക്കുകയും ചെയ്തതോടെ ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും നിയമമാവുകയും ചെയ്തു. തമിഴ്നാട്ടിൽ മാത്രം പ്രാബല്യമുള്ള ഈ നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജല്ലിക്കെട്ട് നടക്കുന്നത്. 

ഇതേ രീതിയിൽ നീറ്റ് നിയമഭേദഗതി സാധ്യമല്ലേയെന്നു ചോദിക്കുന്നവരുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ബില്ലിനെ പിന്തുണച്ചെങ്കിൽ മാത്രമേ നീറ്റിൽ നിന്നു തമിഴ്നാടിനു പുറത്തുകടക്കാൻ കഴിയൂ. സ്റ്റാലിൻ–മോദി ഇരിപ്പുവശം പരിഗണിച്ചാൽ അതിനൊരു സാധ്യതയുമില്ല. മാത്രവുമല്ല, തങ്ങളുടെ പങ്കാളികളായ അണ്ണാ ഡിഎംകെ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ കൊണ്ടുവന്ന നീറ്റ് ബില്ലിനോടു കേന്ദ്രം സ്വീകരിച്ച നിലപാടു കൂടി നോക്കുമ്പോൾ ഇപ്പോഴത്തെ ബില്ലിലും അദ്ഭുതങ്ങൾക്കു വകയില്ല.

ഇനി എന്തെങ്കിലും കാരണത്താൽ ബിൽ നിയമമായാൽതന്നെ സുപ്രീം കോടതിയുടെ അംഗീകാരവും വേണം. നീറ്റിൽ പലതരം ഇളവുകൾ തേടി പലതവണ സുപ്രീംകോടതിയിൽ പോയിട്ടുണ്ടെങ്കിലും അന്നൊന്നും അനുകൂല വിധി നേടാ‌ൻ തമിഴ്നാടിനു സാധിച്ചിട്ടില്ലെന്നതും നമ്മുടെ മുന്നിലുണ്ട്. ചുരുക്കിപ്പറഞ്ഞാൽ നീറ്റിൽ നിന്ന് ഒഴിവാകുക എന്ന തമിഴ്നാടിന്റെ ലക്ഷ്യം എളുപ്പത്തിൽ സാധ്യമാകില്ല. 

English Summary: Why Tamil Nadu Registers Opposition to NEET Exams? What is Stalin's Take on this Issue?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA