ADVERTISEMENT

ന്യൂഡൽഹി ∙ ശ്രീപത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിനെ ഓഡിറ്റിൽനിന്നും ഒഴിവാക്കില്ലെന്നു സുപ്രീം കോടതി. കഴിഞ്ഞ 25 വർഷത്തെ വരവും ചെലവും പരിശോധിക്കണം. 3 മാസത്തിനകം ഓഡിറ്റ് പൂർത്തിയാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി നിർദേശിച്ച പ്രത്യേക ഓഡിറ്റിൽ നിന്നൊഴിവാക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ഹർജി തള്ളിക്കൊണ്ടാണു നിർണായക വിധി. പ്രത്യേക ഓഡിറ്റിൽ നിന്നൊഴിവാക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യത്തെ ക്ഷേത്രഭരണ സമിതി കോടതിയിൽ എതിർത്തിരുന്നു.

കഴിഞ്ഞ വർഷം ജൂലൈയിലെ ഉത്തരവ് അനുസരിച്ച് ഓഡിറ്റ് നടത്തണമെന്നും ക്ഷേത്രത്തിന്റേതായി എത്ര രൂപ ട്രസ്റ്റിലുണ്ടെന്നു വ്യക്തമാക്കണമെന്നും സുപ്രീം കോടതിയിൽ ഹർജി പരിഗണിച്ചപ്പോൾ ക്ഷേത്രഭരണസമിതി പറഞ്ഞു. ഇരുപക്ഷത്തിന്റെയും വാദം കേട്ട ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണു ഹർജിയിൽ വിധി പറഞ്ഞത്. വിനോദ് റായ് സമിതിയുടെയും അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റെയും റിപ്പോർട്ടുകളോടു ചില എതിർപ്പുകൾ ഉയർന്നതിനാലാണ് ഓഡിറ്റിനു നിർദേശം നൽകിയതെന്നു ജസ്റ്റിസ് ലളിത് പറഞ്ഞു.

ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. കോടതിയുടെ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണു ഭരണസമിതിയോട് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തെ നിർദേശിച്ചതെന്നും ജസ്റ്റിസുമാരായ എസ്.രവീന്ദ്ര ഭട്ട്, ബി.എം.ത്രിവേദി എന്നിവരുമുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയിരുന്നു. കോവിഡിനെത്തുടർന്നു ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നതെന്നു ക്ഷേത്രഭരണസമിതിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് കോടതിയെ അറിയിച്ചു. ട്രസ്റ്റ് ഓഡിറ്റ് ചെയ്യപ്പെടുന്നതിനെയല്ല, വിഷയത്തിൽ ഭരണസമിതി ഇടപെടുന്നതിനെയാണ് എതിർക്കുന്നതെന്നു ട്രസ്റ്റിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അരവിന്ദ് പി.ദത്താർ വിശദീകരിച്ചു.

English Summary: SC rejects Sree Padmanabha Swamy Temple Trust’s plea to exempt it from audit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com