ADVERTISEMENT

തിരുവനന്തപുരം∙ നികുതിയിനത്തിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ തിരുവനന്തപുരം കോർപറേഷന്റെ നാലു സോണൽ ഓഫിസുകളിലെ ഉദ്യോഗസ്ഥർ തട്ടിയത് ലക്ഷങ്ങൾ. സംസ്ഥാന ഓഡിറ്റു വകുപ്പിന്റെ കൺകറന്റ് ഓഡിറ്റു വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ പണംതിരിമറി പിടികൂടിയത്. ഏകദേശം 33.96 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു.

നേമം, ശ്രീകാര്യം, ഉള്ളൂർ, ആറ്റിപ്ര സോണൽ ഓഫിസുകളിലാണ് പണം തട്ടിപ്പു കണ്ടെത്തിയത്. നേമത്തു 26,74,333 രൂപയാണ് ഉദ്യോഗസ്ഥർ തട്ടിയത്. ഇവിടത്തെ സൂപ്രണ്ട് എസ്. ശാന്തി, കാഷ്യർ എസ്. സുനിത എന്നിവരെ ബുധനാഴ്ച സസ്പെൻഡു ചെയ്തു. ശ്രീകാര്യം സോണൽ ഓഫിസിലാണ് തട്ടിപ്പ് ആദ്യം കണ്ടെത്തിയത്. കണക്കുകൾ പരിശോധിച്ചപ്പോൾ ആദ്യം 1.74 ലക്ഷത്തിന്റെ കുറവു കണ്ടെത്തി. വിശദ‌‌ പരിശോധനയിൽ ഇതു 5.40 ലക്ഷമായി കൂടി. സംഭവത്തിൽ ഓഫിസ് അറ്റൻഡന്റ് ബിജു, ബിൽ കലക്ടർ അനിൽ എന്നിവരെ നേരത്തെ സസ്പെൻഡു ചെയ്തിരുന്നു.

∙ തട്ടിപ്പ് ബാങ്ക് സീൽ പതിപ്പിച്ച ചെല്ലാൻ ഉപയോഗിച്ച്

ഉള്ളൂർ, ആറ്റിപ്ര സോണലുകളിൽ രണ്ടു ലക്ഷത്തിൽ താഴെയുള്ള ക്രമക്കേടാണ് കണ്ടെത്തിയത്. ഇതു കണക്കുകൾ ക്രമപ്പെടുത്തിയപ്പോൾ സംഭവിച്ചതാണോയെന്നറിയാൻ വിശദ പരിശോധന നടത്തും.
ഒരു ദിവസത്തെ കലക്‌ഷൻ ബാങ്കിൽ അടക്കുന്ന സമയം ഒന്നിനു പകരം രണ്ടു ചെല്ലാനുകളിൽ ബാങ്കിന്റെ സീൽ പതിപ്പിച്ചു വാങ്ങും. ഇതു രേഖകളാക്കിയാണ് തട്ടിപ്പ്.

ബാങ്ക് സീൽ പതിപ്പിച്ചിട്ടുള്ള ചെല്ലാൻ ആയതിനാൽ ക്രമക്കേട് എളുപ്പം കണ്ടുപിടിക്കാൻ കഴിയില്ല. ഈ പഴുതാണ് പണം തട്ടാൻ ഉപയോഗിച്ചത്. സോണൽ ഓഫിസുകളിൽ വ്യാപക പണാപഹരണം പുറത്തായതിനു പിന്നാലെ കോർപറേഷൻ സെക്രട്ടറിയിൽ നിന്നു തദ്ദേശ മന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടായത്.

∙ കണക്കുകൾ പരിശോധിക്കാൻ ഇനി പ്രത്യേക സംവിധാനം

സോണൽ ഓഫിസുകളിലും മെയിൻ ഓഫിസിലും നടത്തുന്ന പരിശോധന കൂടുതൽ ശക്തമാക്കാനും കണക്കുകൾ പരിശോധിക്കുന്നതിന് നഗരസഭാതലത്തിൽ പ്രത്യേക സംവിധാനം രൂപീകരിക്കുന്നതിനും തീരുമാനിച്ചതായി മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.

നികുതിയിനത്തിൽ ലഭിച്ച തുക ബാങ്കിൽ അടയ്ക്കാതെ ജീവനക്കാർ തിരിമറി നടത്തിയ സംഭവത്തിൽ അക്കൗണ്ട്സ് ഓഫിസറിൽ നിന്നു മേയർ കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. എന്നാൽ പണാപഹരണം കണ്ടെത്താൻ കഴിയാത്തതു സാങ്കേതിക ബുദ്ധിമുട്ടു കാരണമാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.

സോണൽ ഓഫിസുകളിലെ കലക്‌ഷൻ കോർപറേഷന്റെ ആസ്ഥാന ഓഫിസിലേക്ക് ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) പോർട്ടു ചെയ്യുന്നത് 15 മുതൽ 30 ദിവസങ്ങളുടെ ഇടവേളയിലാണ്. ഇതു കാരണം 11 സോണൽ ഓഫിസുകളിലും ആസ്ഥാന ഓഫിസിലും ദിവസം തോറും സ്വീകരിക്കുന്ന തുകയുടെ വിശദാംശങ്ങൾ അക്കൗണ്ട്സ് വിഭാഗത്തിൽ പരിശോധിക്കാൻ കഴിയുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.

English Summary: Thiruvananthapuram Corporation tax collection discrepancy, 4 officers suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com