ADVERTISEMENT

ന്യൂഡല്‍ഹി ∙ ട്രാന്‍സ്‌ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതോടെ സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിനുമുള്ള 27 ശതമാനം സംവരണത്തില്‍ ഉള്‍പ്പെടാന്‍ ഇവര്‍ക്ക് അവസരമൊരുങ്ങും. സാമൂഹികനീതി മന്ത്രാലയം ഇതിനായി കാബിനറ്റ് കുറിപ്പ് തയാറാക്കി. നിരവധി മന്ത്രാലയങ്ങളുമായും ദേശീയ പിന്നാക്കവിഭാഗ കമ്മിഷനുമായും വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് കാബിനറ്റ് നോട്ട് തയാറാക്കിയത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ‘മൂന്നാം ലിംഗ’ക്കാരായി അംഗീകരിച്ചും അവര്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക വിഭാഗത്തിലാണെന്നുമുള്ള സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രത്തിന്റെ നടപടി. വിദ്യാഭ്യാസത്തിലും ജോലിയിലും ഇവര്‍ക്കു സംവരണ ആനുകൂല്യം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

ഒബിസി പട്ടിക ഭേദഗതി ചെയ്ത് ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുത്താനാണ് സാമൂഹികനീതി മന്ത്രാലയം കാബിനറ്റ് നോട്ട് തയാറാക്കിയിരിക്കുന്നത്. ഇതിനു പുറമേ 25 പിന്നാക്ക വിഭാഗങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടാനായി കാത്തിരിക്കുന്നുണ്ട്. ഏതെങ്കിലും വിഭാഗത്തെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രാഷ്ട്രപതിയുടെ ഉത്തരവില്‍ ഭേദഗതി വരുത്തണം. ഇതിനു പാര്‍ലമെന്റിന്റെ അംഗീകാരം വേണം. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയുടെ ഉത്തരവ് ഭേദഗതി ചെയ്യാനുള്ള നടപടി സ്വീകരിക്കും.

ഒബിസി പട്ടികയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠിക്കുന്ന ജസ്റ്റിസ് ജി.രോഹിണി കമ്മിഷന്റെ ശുപാര്‍ശകളും പരിഗണിക്കും. വിഷയം ഏറെ സങ്കീര്‍ണമായതിനാല്‍ അടുത്ത വര്‍ഷം ഉത്തര്‍പ്രദേശിലും പഞ്ചാബിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്ന ശേഷമേ ഒബിസി ലിസ്റ്റ് പുതുക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. 

English summary: Cabinet note to classify transpeople as OBCs to enable access to reservations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com