ADVERTISEMENT

ഓഗസ്റ്റ് ആദ്യ ആഴ്ച 16,000 പോയിന്റു കടന്നു മുന്നേറ്റം ആരംഭിച്ച നിഫ്റ്റി 18,000 പോയിന്റിന് തൊട്ടു താഴെയാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. രണ്ടു മാസം കൊണ്ട് 7000 പോയിന്റു മുന്നേറിയ സെൻസെക്സ് 60,000 പോയിന്റു മറികടന്നു. മുൻ വെള്ളിയാഴ്ചയിൽ 17,800 പോയിന്റിന് തൊട്ട് താഴെനിന്നു ലാഭമെടുക്കലിൽ വീണ നിഫ്റ്റിക്ക് അമേരിക്കൻ ഫെഡ് നയപ്രഖ്യാപന ഭീതിയും ചൈനീസ് എവർ ഗ്രാൻഡെ കടക്കെണി ഭീഷണിയും ആഴ്ചയുടെ ആദ്യ ദിനങ്ങളിൽ മുന്നേറ്റം നിഷേധിച്ചു.

എന്നിരുന്നാലും ഫെഡിന്റെ നയപരമായ നയപ്രഖ്യാപനങ്ങളും എവർ ഗ്രാൻഡെയുടെ തിരിച്ചടവു തൽക്കാലം മുടങ്ങാതിരുന്നതും ഇന്ത്യൻ വിപണിക്കു വർധിത ശൗര്യം നൽകി. ടെക് സൂചിക മുന്നേറിയപ്പോഴും ബാങ്ക് നിഫ്റ്റിയിലെ കയറ്റിറക്കങ്ങൾ ഇന്ത്യൻ വിപണിക്കും ചാഞ്ചാട്ടം നൽകി. കഴിഞ്ഞ വാരം റിയൽറ്റി, മീഡിയ, ഐടി, ഹോട്ടൽ സെക്ടറുകൾ കുതിപ്പു നേടിയപ്പോൾ ബാങ്കിങ്, ഫിനാൻസ്, ഇൻഫ്രാ, ഓട്ടോ, എനർജി, എഫ്എംസിജി സെക്ടറുകൾ റേഞ്ച് ബൗണ്ട് ആയതു ശ്രദ്ധിക്കുക.

മെറ്റൽ, പൊതുമേഖലാ ബാങ്കിങ് സെക്ടറുകൾ കഴിഞ്ഞ വാരം നഷ്ടം രേഖപ്പെടുത്തി. ഓഹരി വിപണിയിലെ കുതിച്ചു കയറലിനിടെ വിപണിയുടെ പ്രതീക്ഷകളും ആശങ്കകളും വിശകലനം ചെയ്യുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

മികച്ച വ്യവസായ ഉൽപാദന, പണപ്പെരുപ്പ കണക്കുകളുടെ പിന്തുണയിൽ ഇന്ത്യൻ വിപണി മുന്നേറ്റ പ്രതീക്ഷയിലാണ്. 18,000 പോയിന്റു കടന്നാൽ നിഫ്റ്റി വീണ്ടും മുന്നേറ്റം തുടർന്നേക്കാം. 17750, 17630, 17550 പോയിന്റുകളിൽ നിഫ്റ്റി പിന്തുണ പ്രതീക്ഷിക്കുമ്പോൾ 18,300 മേഖലയിൽ നിഫ്റ്റി വിൽപന സമ്മർദം നേരിട്ടേക്കാം. എഫ്എംസിജി, ബാങ്കിങ്, ഇൻഫ്രാ, സിമന്റ്, ഐടി, ഓട്ടോ, ഹോട്ടൽ, സെക്ടറുകൾ മുന്നേറ്റ പ്രതീക്ഷയിലാണ്. അടുത്ത ആഴ്ചയിലെ ധനക്കമ്മി കണക്കുകളും, പിഎംഐ, ഇൻഫ്രാ ഔട്ട്പു‌ട് ഡേറ്റകളും ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്.

ഫെഡ് ടാപ്പറിങ്‌ ആൻഡ് എവർ ഗ്രാൻഡെ

ഫെഡ് റിസർവ് നയ പ്രഖ്യാപന ഭീതിക്കൊപ്പം ചൈനീസ് റിയൽ എസ്റ്റേറ്റ് ഭീമൻ എവർ ഗ്രാൻഡെയുടെ തിരിച്ചടവുകൾ മുടങ്ങിയേക്കുമെന്ന വാർത്തയും ചേർന്ന് ഈ ആഴ്ച ലോക വിപണിക്ക് മോശം തുടക്കം നൽകിയെങ്കിലും ഫെഡ് ടാപ്പറിങ് ഡേറ്റ് പ്രഖ്യാപിക്കാതിരുന്നതും പലിശ നിരക്കിനെ തൽക്കാലം തൊടാതെ വിട്ടതും ലോക വിപണിക്കു തിരിച്ചു വരവ് നൽകി. ഫെഡ് ടാപ്പറിങ് അമേരിക്കൻ വിപണി ഉൾക്കൊണ്ട് കഴിഞ്ഞതും മികച്ച ഹോം സെയിൽസ്, ഹൗസിങ്, ജോബ് ഡേറ്റകളും അമേരിക്കൻ വിപണിക്ക് അനുകൂലമായി.

എവർ ഗ്രാൻഡെയുടെ സാമ്പത്തിക പ്രതിസന്ധി മെറ്റൽ സെക്ടറിനും വിപണിക്കും ആശങ്കയായി തുടരുന്നു. അമേരിക്കൻ, യൂറോപ്യൻ, ജാപ്പനീസ് വിപണികൾക്കൊപ്പം ചൈനീസ് വിപണിയും ഒരു താൽക്കാലിക മുന്നേറ്റം പ്രതീക്ഷിക്കുന്നു. അമേരിക്കയുടെ കൺസ്യൂമർ കോൺഫിഡൻസ്, കൺസ്യൂമർ സ്‌പെൻഡിങ്, ഇൻഫ്‌ളേഷൻ, ജിഡിപി, ജോബ് ഡേറ്റകൾക്കൊപ്പം ചൈനീസ്- യൂറോപ്യൻ ഇക്കണോമിക് ഡേറ്റകളും, അമേരിക്കൻ ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങളും അടുത്ത ആഴ്ച ലോക വിപണിക്കു ചലനങ്ങൾ നൽകിയേക്കും. എവർ ഗ്രാൻഡെ ഇഫക്ട് ഏതൊരു നെഗറ്റീവ് ഇക്കണോമിക് - കോർപറേറ്റ് വാർത്തയുടെയും വിപണി ആഘാതം വർധിപ്പിച്ചേക്കാം.

ഇന്ത്യൻ റിയൽ എസ്റ്റേറ്റ് റാലി

ചൈനീസ് റിയൽ എസ്റ്റേറ്റ് ഭീമനായ എവർ ഗ്രാൻഡെയുടെ കടക്കെണി കണക്കുകൾ ലോക വിപണിയെ ഞെട്ടിച്ച കഴിഞ്ഞ ആഴ്ചതന്നെ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് സെക്ടർ ബ്രേക്ക് ഔട്ട് സ്വന്തമാക്കി. 2008 ലെ തകർച്ചയ്ക്കു ശേഷം ദീർഘകാല കൺസോളിഡേഷൻ പിന്നിട്ട ഇന്ത്യൻ റിയൽറ്റി സെക്ടർ ദീർഘകാല റാലിയുടെ ലക്ഷണങ്ങളാണു കാണിച്ചത്. ബാങ്കുകളുടെ ഹോം ഫിനാൻസ് ഓഫറുകളും കർണാടക സർക്കാരിന്റെ പാത പിന്തുടർന്നു മറ്റു സംസ്ഥാനങ്ങളും റജിസ്ട്രേഷൻ ഇളവുകൾ പ്രഖ്യാപിച്ചേക്കാവുന്നതും ഗോദ്‌റേജ്‌ പ്രോപ്പർട്ടീസിന്റെ ഒറ്റ ദിവസത്തെ 575 കോടി രൂപയുടെ വിറ്റുവരവുമാണു കഴിഞ്ഞ ആഴ്ച റിയൽറ്റി സെക്ടറിന് 22% മുന്നേറ്റം നൽകിയത്.

ഡൽഹി, മുംബൈ റിയൽറ്റി ലീഡർമാരായ ഡിഎൽഎഫ്, ഗോദ്‌റേജ്‌ പ്രോപ്പർട്ടീസ്, ലോധ, ഒബ്‌റോയ് എന്നിവയെക്കാൾ ബെംഗളൂരു കമ്പനികളായ ശോഭ, പുറവങ്കര, പ്രസ്റ്റീജ്, ബ്രിഗേഡ് മുതലായ ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് അനുകൂലമാണ്. വിദേശ  ഫണ്ടുകൾ ചൈനീസ്, ഹോങ്കോങ് കമ്പനികൾക്കു പകരം ഇന്ത്യൻ റിയൽ എസ്റ്റേറ്റ് കമ്പനികൾ പോർട്‌ഫോളിയോകളിൽ ഉൾപ്പെടുത്തിയേക്കാവുന്നതും ഇന്ത്യൻ റിയൽറ്റി സെക്ടറിന് അനുകൂലമാണ്.

ഓഹരികളും സെക്ടറുകളും

∙ എഫ് ആൻഡ് ഒ ക്ളോസിങ് ഈ ആഴ്ച ഇന്ത്യൻ വിപണിയിൽ തരംഗം തീർത്തേക്കാം. ഷോർട് കവറിങ് എല്ലാ കൗണ്ടറുകൾക്കും കുതിപ്പ് നൽകാനും സാധ്യതയുണ്ട്. ആഴ്ചയുടെ ആദ്യ ദിനങ്ങളിൽ മുന്നേറ്റം തുടർന്നാൽ അവസാന ദിനങ്ങളിൽ തിരുത്തൽ പ്രതീക്ഷിക്കാം.

∙ ബാങ്കിങ് സെക്ടർ 38,000 പോയിന്റിലെ റെസിസ്റ്റൻസ് മറികടന്നു മുന്നേറാനാകാതെ നിൽക്കുന്നത് ഇന്ത്യൻ വിപണിക്കും ക്ഷീണമാണ്. എച്ച്ഡിഎഫ്സി ബാങ്ക് 1600 രൂപയ്ക്കു മുകളിൽ ക്ലോസ് ചെയ്യുന്നതും, എസ്ബിഐ 460 രൂപയിൽ ക്രമപ്പെടുന്നതും ബാങ്ക് നിഫ്റ്റിയെ 38,000 പോയിന്റിനു മുകളിൽ നിർത്തിയാൽ 40,000 പോയിന്റാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത ലക്ഷ്യം. എച്ച്ഡിഎഫ്സി ബാങ്കിന്റെ അടുത്ത 100 രൂപയുടെ റാലി ബാങ്ക് നിഫ്റ്റിക്ക് 1000 രൂപ മുന്നേറ്റം നൽകും.

∙ റിലയൻസിന്റെ 2400 രൂപയിൽനിന്ന് 2505 രൂപയിലേക്കുള്ള റാലിയാണ് കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിക്കും അടിത്തറയിട്ടത്. 2800 രൂപയാണ് റിലയൻസിന്റെ ഹ്രസ്വകാല ലക്ഷ്യം.

∙ ഹോസ്പിറ്റാലിറ്റി സെക്ടർ വിപണിക്കു മുന്നേ പറക്കുകയാണ്. ‘ലോക്ഡൗൺ ഫ്രസ്‌ട്രേഷൻ ഇംപാക്ട്’ ഹോട്ടലുകൾക്ക് വീക്കെന്റുകളിലും, അവധി ദിനങ്ങളിലും ഓവർ ബുക്കിങ് നൽകുന്നത് ഇന്ത്യൻ ഹോസ്പിറ്റാലിറ്റി സെക്ടറിന്റെ തിരിച്ചു വരവാണു കാണിക്കുന്നത്. മൂന്നാം പാദത്തിൽ തന്നെ ഹോട്ടലുകൾ ലാഭക്കണക്കുകൾ പ്രഖ്യാപിച്ചേക്കാം. ഷാലെറ്റ്, ഇന്ത്യൻ ഹോട്ടൽ, ഏഷ്യൻ ഹോട്ടൽ മുതലായ ഓഹരികൾ ഇനിയും ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

∙ ടൂറിസം സെക്ടറിലെ വളർച്ച ഈസി ട്രിപ്പ് അടക്കമുള്ള ട്രാവൽ ഓഹരികൾക്കും അനുകൂലമാണ്.

∙ ക്രൂഡ് ഓയിലിന്റെയും, നാച്ചുറൽ ഗ്യാസിന്റെയും വില വർധന ഒഎൻജിസി, ഓയിൽ ഇന്ത്യ, ഗെയിൽ മുതലായ ഓഹരികൾക്കു മുന്നേറ്റം നൽകി. ഇത്തവണ ക്രൂഡ്, ഗ്യാസ് ഓഹരികൾ മികച്ച റിസൽട്ടുകൾ പ്രഖ്യാപിക്കും.

∙ തിരുത്തലിനു ശേഷം ഓട്ടോ ഓഹരികൾ മുന്നേറി തുടങ്ങിയതു ശ്രദ്ധിക്കുക. വെള്ളിയാഴ്ച വരുന്ന വാഹന വിൽപന കണക്കുകൾക്കു മുന്നോടിയായി വാഹന ഓഹരികൾ ഒന്നു മുന്നേറിയേക്കാം. അടുത്ത തിരുത്തൽ ഓട്ടോ ഓഹരികളിൽ നിക്ഷേപാവസരമാണ്. ചിപ്പ് ക്ഷാമം മൂലമുള്ള വിൽപന ശോഷണം വിപണി ഉൾക്കൊണ്ടു കഴിഞ്ഞതും ഉത്സവ കാല ഓഫറുകളും വിൽപന സാധ്യതയും ഓട്ടോ ഓഹരികൾക്കു മൂന്നാം പാദത്തിൽ തിരിച്ചുവരവ് നൽകിയേക്കും. മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, അശോക് ലെയ്‌ലാൻഡ്, ഓലെക്ട, ബജാജ്, ടിവിഎസ് മുതലായവ ശ്രദ്ധിക്കുക.

∙ പ്രീ- കോവിഡ് നിലവാരത്തിലേക്ക് ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം തിരികെയെത്തി തുടങ്ങിയത് ഏവിയേഷൻ ഓഹരികൾക്കു മുന്നേറ്റം നൽകി. കൂടുതൽ രാജ്യങ്ങൾ ഇന്ത്യൻ യാത്രക്കാർക്കും വിദേശ യാത്രക്കാർക്ക് ഇന്ത്യ വീസ ഇളവുകളടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നതും വ്യോമയാന ഓഹരികൾക്ക് അനുകൂലമാണ്.

∙ മൾട്ടിപ്ളെക്സ് ഓഹരികൾ അടുത്ത കുതിപ്പു നടത്തിയെങ്കിലും പിവിആറിന്റെ നിക്ഷേപ ഉപകരണങ്ങളുടെ റേറ്റിങ് കുറച്ചത് ഓഹരിക്ക് തിരിച്ചടിയായി. പിവിആർ ഓഹരിക്കു മുന്നേറ്റ സാധ്യതയുണ്ട്. ഐനോക്‌സും അടുത്ത നിരക്കിലേക്ക് ഉയർന്നു കഴിഞ്ഞു.

∙ സീ ലിമിറ്റഡ് ബോർഡിലെ അഴിച്ചു പണികൾക്കു പിന്നാലെ സോണി പിക്ചേഴ്സ് നെറ്റ്‌വർക് ഇന്ത്യയുമായുള്ള ലയന വാർത്തകൾ ഓഹരിക്ക് നൽകിയ കുതിപ്പ് നടത്തിയത് മീഡിയ സെക്ടറിനു കഴിഞ്ഞമാസം 33 ശതമാനത്തിൽ കൂടുതൽ മുന്നേറ്റം സ്വന്തമാക്കി. ഓഹരി അടുത്ത തിരുത്തലിൽ ദീർഘ കാല നിക്ഷേപത്തിനു പരിഗണിക്കാം.

ഐപിഒ

ആദിത്യ ബിർള സൺ ലൈഫ് എഎംസി ഐപിഒ ബുധനാഴ്ച ആരംഭിക്കുന്നു. എഎംസി ഓഹരികളും മുന്നേറ്റം പ്രതീക്ഷിക്കുന്നു.

സ്വർണം

ഫെഡ് പ്രഖ്യാപനങ്ങൾക്കൊപ്പം വീണുപോയ രാജ്യാന്തര സ്വർണ വില 1750 ഡോളറിൽ ക്രമപ്പെടുന്നതു ശ്രദ്ധിക്കുക. ബോണ്ട് യീൽഡ് മുന്നേറുന്നതും സ്വർണത്തിന് പ്രതിസന്ധിയായേക്കും. സ്വർണം റേഞ്ച് ബൗണ്ട് ചലനങ്ങൾ പ്രതീക്ഷിക്കുന്നു. 1730 ഡോളറാണ് സ്വർണത്തിന്റെ സപ്പോർട്ട്.

ക്രൂഡ് ഓയിൽ

ഐഡ ഇഫക്ടിൽ അമേരിക്കൻ ക്രൂഡ് ഇൻവെന്ററി കുറഞ്ഞു നിൽക്കുന്നത് രാജ്യാന്തര എണ്ണ വിലക്കുതിപ്പിന് അടിത്തറയിടുന്നു. ഫെഡ് നയങ്ങളും, ചൈനീസ് വളർച്ച പ്രതീക്ഷകളും പല ഒപെക് അംഗ രാജ്യങ്ങൾക്കും എണ്ണയുടെ ഉൽപാദന വർധന അസാധ്യമാണെന്നതും ക്രൂഡിന് അനുകൂലമാണ്.

അമേരിക്കൻ റിഗ്ഗുകൾ ഡ്രില്ലിങ് പുനഃരാരംഭിക്കുന്നതും, അടുത്ത ആഴ്ചയിൽ അമേരിക്കൻ ഓയിൽ ഇൻവെന്ററി വർധന പ്രതീക്ഷിക്കുന്നതും എണ്ണ വില 80 ഡോളർ കടക്കുന്നതു തടഞ്ഞേക്കാം. ഗോൾഡ് മാൻ സാക്‌സ് ബ്രെന്റ് ക്രൂഡിന് 2022 ആദ്യം 100 ഡോളർ പ്രതീക്ഷിക്കുന്നു. എണ്ണയ്ക്കൊപ്പം നാച്ചുറൽ ഗ്യാസിന്റെ കൂടി മുന്നേറ്റം എനർജി ഓഹരികൾക്കു മുന്നേറ്റ സാധ്യത നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്: 8606666722, ഇമെയിൽ: buddingportfolios@gmail.com

Content Highlights: Stock Market Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com