ADVERTISEMENT

ലക്നൗ∙ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ ഉൾപ്പെട്ടതിനെ സ്ഥാനക്കയറ്റമോ തരംതാഴ്ത്തലോ ആയി കാണേണ്ടതില്ലെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന ജിതിൻ പ്രസാദ. ‘ഇത് സ്ഥാനക്കയറ്റമോ തരംതാഴ്ത്തലോ അല്ല. ജനങ്ങളെ സേവിക്കണമെന്നുള്ളതാണ്. എനിക്ക് ലഭിച്ച അവസരത്തിനും ഉത്തരവാദിത്തത്തിനും ബിജെപി നേതൃത്വത്തോട്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരോട് നന്ദിയുള്ളവനായിരിക്കും’– അദ്ദേഹം പറഞ്ഞു.

സമയം അത്ര പ്രധാനമല്ലെന്നും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും പുരോഗതിക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിതിൻ പ്രസാദ ഉൾപ്പെടെ ഏഴു പേരെ ഉൾപ്പെടുത്തി ഞായറാഴ്ച യോഗി ആദിത്യനാഥ് മന്ത്രിസഭ വികസിപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് നാലു മാസം മാത്രം ശേഷിക്കെയാണ് മന്ത്രിസഭ വികസിപ്പിച്ചത്. എല്ലാ പുതിയ മന്ത്രിമാരും തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാർക്ക് വകുപ്പുകൾ നൽകിയിട്ടില്ല.

പുതിയ മന്ത്രിമാരിൽ മൂന്നു പേർ ഒബിസി വിഭാഗത്തിൽനിന്നും രണ്ടും പേർ പട്ടിക ജാതിൽയിൽനിന്നുമാണ്. ബിഎസ്പി വിട്ടു ബിജെപിയിലെത്തിയ റാം പൾത്തുവും മന്ത്രിയായി. അന്തരിച്ച മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര പ്രസാദിന്റെ മകനും രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയും ആയിരുന്ന ജിതിൻ പ്രസാദ, കഴിഞ്ഞ ജൂണിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.

ഇദ്ദേഹത്തെ മന്ത്രിസഭയിലെടുത്ത വഴി സംസ്ഥാന ജനസംഖ്യയിൽ 13 ശതമാനത്തോളം വരുന്ന ബ്രാഹ്മണ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്. 23 കാബിനറ്റ് മന്ത്രിമാരുൾപ്പെടെ 53 മന്ത്രിമാരാണ് യുപിയിൽ ഉണ്ടായിരുന്നത്. ചട്ടപ്രകാരം ഏഴു പേരെക്കൂടി നിയമിക്കാമെന്നിരിക്കെ പുതിയ മന്ത്രിസഭാ വികസനത്തോടെ അതു പൂർത്തിയായി.

English Summary: "Not About Promotion or Demotion": Jitin Prasada on UP Cabinet Job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com