ADVERTISEMENT

കൊച്ചി∙ മുട്ടിൽ മരംമുറിക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ വയനാട് വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യ ഹർജികളാണ് സിംഗിൾ ബെഞ്ച് തള്ളിയത്. ഇവരുടെ സഹായി വിനീഷിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി. പ്രതികൾക്കു ജാമ്യം നൽകിയാൽ തെളിവു നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി.

പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ അതീവഗുരുതരമെന്നു കോടതി നിരീക്ഷിച്ചു. മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് റജിസ്റ്റർ ചെയ്‌ത കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയാണ് തള്ളിയത്. വില്ലേജ് അധികാരികളുമായി പ്രതികൾക്കു വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് വാദത്തിനിടെ സർക്കാർ വ്യക്തമാക്കിയിരുന്നു. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ പ്രതികള്‍ വധഭീഷണി മുഴക്കിയതും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, പകപ്പോക്കലിന്റെ ഭാഗമായാണ് കേസിൽ അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രതികളുടെ വാദം. രേഖകളും മുറിച്ചുകടത്തിയ തടികളും പിടിച്ചെടുത്തിട്ടുള്ളതിനാൽ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ല. അറസ്റ്റിലായി ഒരു മാസത്തിലേറെയായതിനാൽ ജാമ്യം അനുവദിക്കണം. കേസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പ്രതികൾ വാദിച്ചു.

നിയമവിരുദ്ധമായി ഭൂഉടമകളിൽനിന്നു മരം വാങ്ങി മുറിച്ചുകടത്തിയതിനാണ് ജൂലൈ 28നു മൂന്നു പേരെയും കൊച്ചിയിൽനിന്നു വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് അറസ്റ്റു ചെയ്തത്. കുറ്റിപ്പുറം പാലത്തിൽ വഴിയിൽ വാഹനമിട്ടു തടഞ്ഞായിരുന്നു തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇവരെ പിടികൂടിയത്. പട്ടയഭൂമികളിൽനിന്നു ചന്ദനം ഒഴികെയുള്ള മരങ്ങൾ വെട്ടാമെന്ന വിധത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവിലായിരുന്നു മുട്ടിൽ സൗത്ത് വില്ലേജിലെയും മറ്റു പട്ടയ ഭൂമികളിലെയും സർക്കാർ നിക്ഷിപ്ത ഈട്ടി ഉൾപ്പടെയുള്ള തടികൾ പ്രതികൾ വെട്ടിക്കടത്തിയത്.

English Summary: Muttil Tree Felling Case: High Court Rejects Bail Plea of Augustine Brothers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com