ADVERTISEMENT

കോഴിക്കോട് ∙ സ്വർണത്തിൽ നികുതി വെട്ടിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ ചരക്കുസേവന നികുതി വിഭാഗം പരിശോധന തുടങ്ങി. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് നൂറ്റമ്പതോളം കേസാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്. 10 കോടിയോളം രൂപ പിഴയായി ഈടാക്കി. സംസ്ഥാനത്ത് വൻ തോതിൽ നികുതി വെട്ടിപ്പു നടക്കുന്നുണ്ടെന്ന റിപ്പോർട്ടു പുറത്തു വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അന്വേഷണം ഊർജിതമാക്കാൻ നിർദേശം നൽകിയിരുന്നു. വെട്ടിപ്പ് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്ക് അധിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഇതോടെയാണു സ്വർണത്തിലെ നികുതിവെട്ടിപ്പു തടയാൻ ഇന്റലിജൻസ് വിഭാഗം വീണ്ടും സജീവമായത്.

∙ വെട്ടിപ്പ് പലവിധം

കള്ളക്കടത്ത് സ്വർണത്തിന്റെ വരവു കൂടിയതോടെയാണു കേരളത്തിൽ നികുതി വെട്ടിപ്പും സജീവമായത്. കടത്തുന്ന സ്വർണത്തിനു സ്രോതസ് കാണിക്കാൻ കഴിയാത്തതിനാൽ ഇതിൽ നിന്നുണ്ടാക്കി വിൽക്കുന്ന ആഭരണങ്ങൾ നികുതി വെട്ടിപ്പ് നടത്തി വിൽക്കുകയാണു ചെയ്യുന്നത്.

gold

സ്വർണ വിലയുടെ മൂന്നു ശതമാനമാണ് ജിഎസ്ടി. ഈ തുക കുറച്ചു നൽകുന്നതിനാൽ വാങ്ങുന്നവർക്കും ലാഭമാണെന്ന പ്രചാരണമാണു നടത്തുന്നത്. ചില കേന്ദ്രങ്ങളിൽ സ്വർണത്തിനു ബിൽ നൽകുന്നുണ്ടെങ്കിൽ പോലും ഇതിലും തിരിമറി നടക്കുന്നുവെന്ന് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. യഥാർഥ തുക രേഖപ്പെടുത്താത്ത വ്യാജ ബില്ലുകളാണു നൽകുന്നത്. ഇതും സർക്കാരിനുവൻ തോതിൽ നഷ്ടമുണ്ടാക്കുന്നുണ്ട്.

∙ അന്യസംസ്ഥാനങ്ങളിൽ നിന്നും സ്വർണക്കടത്ത്

ഇതിനു പുറമേ ഒരു തരത്തിലുമുള്ള രേഖയുമില്ലാതെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് അടക്കം സ്വർണക്കടത്തും വ്യാപകമാകുകയാണ്. കോഴിക്കോട് സോണിൽ ഈ വർഷം ഇതുവരെ 48 കേസാണു പിടികൂടിയത്. ഇവയെല്ലാം വാഹനങ്ങളിൽ രേഖയില്ലാതെ കടത്തിയ സ്വർണമാണ്. രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വലിയ തോതിൽ സ്വർണം എത്തുന്നു. സംസ്ഥാനത്തിനകത്തു തൃശൂർ കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ കൂടുതൽ സ്വർണക്കടത്ത് നടത്തുന്നത്.

ട്രെയിനുകളിലും, ദീർഘദൂര ബസ്സുകളിലുമാണു വൻതോതിൽ സ്വർണം കടത്തുന്നത്. സംശയിക്കപ്പെടാൻ സാധ്യത കുറവായതിനാൽ സ്ത്രീകളാണ് പ്രധാന ക്യാരിയർമാർ. ജിഎസ്ടി നിയമപ്രകാരമുള്ള ഇൻവോയ്സ് ബില്ലോ, ഡെലിവെറി രസീതോ ഇല്ലാത്ത സ്വർണാഭരണങ്ങൾ ജിഎസ്ടി വിഭാഗം പിടിച്ചെടുക്കും. ഇതിൽ കൃത്യമായ രേഖ സമർപ്പിച്ചാൽ ജിഎസ്ടിയും പിഴയും അടപ്പിച്ചു സ്വർണം വിട്ടു കൊടുക്കും. അല്ലെങ്കിൽ സ്വർണം കണ്ടുകെട്ടി ലേലം ചെയ്യും.

business-boom-consumer-behaviour-in-the-gold-market-of-kerala

∙ പരിശോധനയ്ക്ക് ഹൈ ടെക് രീതി

നികുതി വെട്ടിക്കുന്നവരെ കണ്ടെത്താൻ ശാസ്ത്രീയ വഴി തേടുകയാണ് ഇന്റലിജൻസ് വിഭാഗം. അനലിറ്റിക്സ് പോർട്ടലിന്റെ സഹായത്തോടെ ഡാറ്റ അനാലിസിസ് നടത്തി സ്ഥാപനങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്തുകയാണു ചെയ്യുന്നത്. ജിഎസ്ടി റിട്ടേൺ, ഹാൾമാർക്കിങ് സ്ഥാപനങ്ങൾ, കടകളിലേക്കു സ്വർണം എത്തിക്കുന്ന സപ്ലൈ ചെയിൻ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ശേഖരിക്കുന്ന വിവരങ്ങൾ അനാലിസിസ് നടത്തി ഓരോ സ്ഥാപനത്തിനും ഏകദേശം എത്ര വിറ്റുവരവുണ്ടെന്നു നിജപ്പെടുത്തുന്നുണ്ട്.

നിശ്ചയിച്ച ബെഞ്ച് മാർക്കിനേക്കാൾ ഏറെ കുറഞ്ഞ രീതിയിൽ വ്യാപാരം കാണിക്കുന്ന കടകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്കാണ് ഇന്റലിജൻസ് വിഭാഗം തയാറെടുക്കുന്നത്. ഡാറ്റാ അനാലിസിസ് വഴി ലഭിക്കുന്ന വിവരങ്ങൾ ഫീൽഡിലേക്കു കൈമാറി മിന്നൽ പരിശോധനകൾ നടത്തും.

സംശയാസ്പദമായ സ്വർണ്ണക്കടകൾക്കു മുൻപിലും ഹാൾമാർക്കിങ് കേന്ദ്രങ്ങൾക്കു മുൻപിലും രഹസ്യ നിരീക്ഷണത്തിന് ആളുകളെ നിയോഗിച്ചിട്ടുണ്ട്. ഇവിടെ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും പരിശോധനകൾ കർശനമാക്കുകയാണ്.

MARKETS-GOLD

അതിർത്തിയിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ നിർത്തി പരിശോധിക്കുന്നതിനു പകരം സ്മാർട് ക്യാമറകൾ ഘടിപ്പിച്ച് വാഹനങ്ങളുടെ നമ്പർ തിരിച്ചറിയുകയും ഡാറ്റാ ബേസിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു സംശയാസ്പദമായ വിവരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നുണ്ട്. സ്വർണക്കടകളിലെ കൗണ്ടറുകളിലെ സിസിടിവികൾ ജിഎസ്ടി ഓഫിസിലിരുന്നു പരിശോധിക്കാൻ കഴിയുന്ന സംവിധാനവും പരിഗണനയിലാണ്.

∙ പൊതുജനങ്ങൾക്കും പാരിതോഷികം

ചരക്ക് സേവന നികുതി വെട്ടിപ്പിനെ കുറിച്ചു രഹസ്യ വിവരം കൈമാറുന്നവർക്ക് നികുതി വകുപ്പ് പാരിതോഷികം നൽകും. വിവരങ്ങളിലൂടെ ഖജനാവിനു ലഭിക്കുന്ന വരുമാനത്തിന്റെ 20% വരെ പാരിതോഷികം ലഭിക്കും. ഒരു ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് പിടികൂടിയാൽ 20,000 രൂപ വരെ പൊതുജനങ്ങൾക്കു ലഭിക്കും. കണ്ടു കെട്ടുന്ന സ്വർണത്തിൽ 10 ഗ്രാം സ്വർണത്തിന് 1500 രൂപ നിരക്കിലാണു സമ്മാനം. സംസ്ഥാന നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകളിലേക്കോ inform.sgst@kerala.gov.in എന്ന വിലാസത്തിലോ അറിയിക്കാം.

English Summary: GST Intelligence to tighten the noose around tax-evading gold traders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com