ADVERTISEMENT

കോട്ടയം ∙ പാലാ സെന്‍റ് തോമസ് കോളജിൽ നടന്ന ക്രൂരകൊലപാതകത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ നേതാവ് എ.എ.റഹിം. കൊല്ലപ്പെട്ട നിഥിനയുടെ ചിത്രം പങ്കുവച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. യെസ് എന്നു മാത്രമല്ല, നോ എന്നുകൂടി കേട്ട് വളരാൻ പുതിയ തലമുറയെ നമ്മൾ പഠിപ്പിക്കേണ്ടിയിരിക്കുന്നുവെന്ന് റഹിം പറഞ്ഞു. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തനങ്ങളിലൂടെ നാട്ടിലും കോളജിലും സജീവമായിരുന്നു നിഥിന.

റഹിമിന്റെ കുറിപ്പിന്റെ പൂർണരൂപം:

ബന്ധങ്ങളിൽ വീണ്ടും ചോര പടരുന്നു. അടുത്ത കാലത്തായി നിരവധി കൗമാരക്കാരാണ് സുഹൃത്തുക്കളുടെ കൊലക്കത്തിക്ക് ഇരയായത്. പാലാ സെന്റ് തോമസ് കോളജിൽ ഒരു പെൺകൊടി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു, നിഥിന മോൾ. ഡിവൈഎഫ്ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ് പ്രസിഡന്റ് കൂടി ആയിരുന്നു. സമൂഹ അടുക്കളയിലും മറ്റ് സന്നദ്ധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സഖാവ്.

കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അപമാനകരമാണ്. ഭാവിയിൽ സമൂഹത്തിന് തുണയാകേണ്ട, വ്യത്യസ്‌ത മേഖലകളിൽ ശോഭിക്കേണ്ട പ്രതിഭകളാണ് സുഹൃത്തിന്റെ ചോരക്കൊതിയിൽ ഇല്ലാതാകുന്നത്. ഇതൊരു സാമൂഹ്യ പ്രശ്നമാണ്. യെസ് എന്ന് മാത്രമല്ല, നോ എന്ന് കൂടി കേട്ടുവളരാൻ പുതിയ തലമുറയെ നമ്മൾ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

വിജയങ്ങൾ മാത്രമല്ല, ജീവിതത്തിൽ പരാജയങ്ങളും സ്വാഭാവികമെന്ന് കുട്ടികൾ പഠിക്കണം. സാമൂഹ്യ ഇടങ്ങൾ ഇല്ലാതാവുകയും, സംഘർഷ രഹിതമായ അനുഭവങ്ങളിലൂടെ വളർന്നു വരികയും ചെയ്യുന്ന കൗമാരം സാമൂഹ്യ പ്രശ്നമായി വളരുന്നു. ഒരു നിമിഷം കൊണ്ട്, സ്നേഹിച്ചിരുന്ന സുഹൃത്തിനെ ക്രൂരമായി കൊന്നുതള്ളാൻ മടിയില്ലാത്ത ക്രിമിനൽ മനസ്സുമായി നടക്കുന്ന കൗമാരത്തെ നമുക്ക് തിരുത്തിയേ മതിയാകൂ.

ഇനി ഇതുപോലെ ഒരു ദുരന്ത വാർത്തയും ഉണ്ടാകാതിരിക്കട്ടെ. ആൺ–പെൺ ബന്ധങ്ങളിലെ ജനാധിപത്യം സംബന്ധിച്ചു പുനർവായന വേണം. ഇഷ്ടമുള്ള ഒരാൾ എന്നാൽ, തന്റെ കയ്യിലെ പാവ അല്ല എന്ന ബോധം കൗമാരക്കാരിൽ വളരണം. കൊല്ലപ്പെട്ട നിഥിന മോളുടെ വീട് സന്ദർശിച്ചു. കുറ്റവാളിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ എല്ലാ നിയമസഹായവും ഉറപ്പാക്കും. നിഥിനയ്ക്ക് ആദരാഞ്ജലികൾ.

English Summary : AA Rahim facebook post about Nithina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com