ADVERTISEMENT

മുംബൈ∙ അംബാനിക്കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയോട്, ബാറുകളില്‍നിന്ന് എല്ലാ മാസവും 100 കോടി രൂപ പിരിക്കാന്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നതായി വിവാദ വെളിപ്പെടുത്തല്‍ നടത്തിയ മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് റഷ്യയിലേക്കു കടന്നുവെന്ന് അഭ്യൂഹം. മേയ് 5 മുതല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയില്‍ പ്രവേശിച്ച പരംബീര്‍ പിന്നീട് അവധി നീട്ടുകയായിരുന്നു. ഓഗസ്റ്റ് രണ്ടാംവാരമാണ് അവധി നീട്ടാനായി അവസാനമായി സര്‍ക്കാരിനെ സമീപിച്ചത്. പിന്നീട് അദ്ദേഹത്തില്‍നിന്നുള്ള വിവരങ്ങളൊന്നുമില്ല. 

മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പരംബീറിനെ സര്‍ക്കാര്‍ ഹോം ഗാര്‍ഡ്‌സിലേക്കു മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് അന്നത്തെ ആഭ്യന്തരമന്ത്രിക്കെതിരെ അതിശക്തമായ ആരോപണങ്ങള്‍ പരംബീര്‍ ഉന്നയിച്ചത്. ഭീഷണിപ്പെടുത്തി പണം തട്ടിയതുമായി ബന്ധപ്പെട്ട് നാലു പരാതികളാണ് പരംബീറിനെതിരെ നിലവിലുള്ളത്. ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നിര്‍ദേശവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതിനിടയിലാണ് പരംബീര്‍ റഷ്യയിലേക്കു കടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. 

പരം ബിര്‍ സിങ് റഷ്യയിലേക്കു കടന്നുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വല്‍സെ പാട്ടീല്‍ പറഞ്ഞു. 'കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനൊപ്പം ഞങ്ങളും പരംബീറിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുകയാണ്. റഷ്യയിലേക്കു പോയെന്ന വാര്‍ത്തകള്‍ കേട്ടിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ സര്‍ക്കാര്‍ അനുമതി കൂടാതെ വിദേശത്തേക്കു പോകാന്‍ കഴിയില്ല. ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. റഷ്യയിലേക്കു കടന്നെങ്കില്‍ അത് ഒട്ടും ശരിയായില്ല. എന്തു നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് കേന്ദ്രവുമായി ആലോചിച്ചു തീരുമാനിക്കും. ഇപ്പോള്‍ അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബാക്കി നടപടികള്‍ അതിനു ശേഷം തീരുമാനിക്കും.'- ആഭ്യന്തരമന്ത്രി പറഞ്ഞു. 

ഫെബ്രുവരി 25-നാണ് മുകേഷ് അംബാനിയുടെ വീടിനു സമീപം ജലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച വാഹനം കണ്ടെത്തിയത്. വാഹനത്തിന്റെ ഉടമ മന്‍സൂഖ് ഹിരന്റെ മൃതദേഹം പിന്നീട് കടലിടുക്കില്‍ കണ്ടെത്തുകയും ചെയ്തു. കേസ് അന്വേഷിച്ച പരംബീര്‍ സിങ്ങിന്റെ വിശ്വസ്തനായ സച്ചിന്‍ വാസെ തന്നെ പിന്നീട് കേസിലെ മുഖ്യപ്രതിയായി. മാര്‍ച്ചില്‍ സച്ചിന്‍ വാസെയെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനു ശേഷം പരംബീറിനെ മുംബൈ പൊലീസ് കമ്മിഷണര്‍ സ്ഥാനത്തുനിന്നു നീക്കി. 

ഇതിനു ശേഷമാണ് അന്നത്തെ ആഭ്യന്തരമന്ത്രി ദേശ്മുഖിനെതിരെ വന്‍വിമര്‍ശനങ്ങളുമായി പരംബീര്‍ രംഗത്തെത്തിയത്. അഴിമതിയുടെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു കത്തു നല്‍കിയതും കോടതിയെ സമീപിച്ചതും മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തതോടെ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. 

English Summary:Did Mumbai Ex-Top Cop Flee To Russia? Minister Says "We're Searching"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com