ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തു കൽക്കരി ക്ഷാമം രൂക്ഷം. ഊർജ ഉത്പാദനം വർധിച്ചതും കനത്ത മഴയില്‍ കല്‍ക്കരി ഖനികൾ വെള്ളത്തിലായതുമാണ് ക്ഷാമത്തിന് കാരണം. സർക്കാർ കണക്കനുസരിച്ച്, സെപ്തംബർ അവസാനമായപ്പോഴേക്കും ഇന്ത്യൻ താപവൈദ്യുത നിലയങ്ങളിലെ മൊത്ത കൽക്കരി സംഭരണം 8.1 ദശലക്ഷം ടണ്ണായി കുറഞ്ഞതായാണ് റിപ്പോർട്ട്.

മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 76% കുറവാണ് കൽക്കരി ഉത്പാദനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങളാണ് ഇന്ത്യയുടെ മൊത്ത വൈദ്യുത ഉത്പാദനത്തിന്റെ 70 ശതമാനത്തോളം വൈദ്യുതി ഉത്പാദിപ്പിക്കുന്നത് അതുകൊണ്ടുതന്നെ കല്‍ക്കരിക്ഷാമം വൈദ്യുത നിരക്കുകളിലും വർധനയുണ്ടാക്കിയിട്ടുണ്ട്. സെപ്തംബർ 30 ഓടെ 14,875 മെഗാവാട്ട് ശേഷിയുള്ള 15 നിലയങ്ങളിൽ കൽക്കരി പൂർണമായും തീർന്ന അവസ്ഥയാണ്. പല നിലയങ്ങളിലും നാല് ദിവസം മാത്രം ഉപയോഗിക്കാനുള്ള കൽക്കരി ശേഖരം മാത്രമേയുള്ളൂ. 39 നിലയങ്ങളിലാകട്ടെ, മൂന്ന് ദിവസം മാത്രം പ്രവർത്തിക്കാനുള്ള കൽക്കരി ശേഖരവും.

രാജ്യാന്തര വിപണിയിൽ കൽക്കരി വില കൂടിയത് ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. യൂറോപ്പിലും ചൈനയിലും കൽക്കരി ഉപഭോഗം കൂടിയത് ഇറക്കുമതി ചെലവു കൂടാൻ കാരണമായി. അടുത്ത ആറുമാസം വരെ ഈ പ്രതിസന്ധി തുടരാനാണ് സാധ്യത. എന്നാൽ ഒക്ടോബർ രണ്ടാം വാരത്തോടെ പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ രാജ്യം നേരിടാൻ പോകുന്നതു കടുത്ത വൈദ്യുതി പ്രതിസന്ധിയായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാജ്യത്ത് കൽക്കരി ക്ഷാമം ഉണ്ടെന്ന് കേന്ദ്ര ഊർജമന്ത്രി ആർ.കെ സിങ് സ്ഥിരീകരിച്ചു. എന്നാൽ വലിയ പ്രതിസന്ധിയില്ലാതെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൽക്കരി ക്ഷാമം ഊർജ പ്രതിസന്ധിയിലേക്കു നയിക്കുമെന്നു കരുതുന്നില്ല. ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ടെന്നു നിലവിൽ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ ആവശ്യകതയ്ക്കൊപ്പം ഉത്പാദനം ഉയർത്താനാകുമെന്നാണ് പ്രതീക്ഷ. – അദ്ദേഹം പറഞ്ഞു.

കൽക്കരി നീക്കത്തിൽ ചെറിയ തടസ്സങ്ങൾ ഉണ്ടായിട്ടുണ്ട്. രാജ്യത്ത് ഊർജ ആവശ്യം മുൻപത്തേക്കാൾ ഉയർന്നത് സന്തോഷകരമാണെങ്കിലും അതിനൊപ്പം കൽക്കരിയുടെ ആവശ്യവും ഉയർന്നിട്ടുണ്ട്. മുൻവർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നലെ മാത്രം രാജ്യത്ത് 15,000 മെഗാവാട്ടിന്റെ അധിക ഊർജം വേണ്ടിവന്നു. കൃത്യമായ നിരീക്ഷണത്തോടെയും മറ്റും കൽക്കരി ഖനികളിൽ നിന്നുള്ള ഉത്പാദനം ഉറപ്പാക്കാനായാൽ ക്ഷാമമില്ലാതെ നീങ്ങാനാകും. – മന്ത്രി അഭിപ്രായപ്പെട്ടു.

കനത്തമഴയെ തുടർന്ന് കൽക്കരി ഖനനകേന്ദ്രങ്ങളിൽ വെള്ളം കയറിയതോടെ വൈദ്യുതി നിലയങ്ങളിലേക്കുള്ള കൽക്കരി വിതരണം പ്രതിദിനം 60,000 മുതൽ 80,000 ടൺ വരെ കുറഞ്ഞെന്ന് കേന്ദ്ര കൽക്കരി മന്ത്രാലയം സെക്രട്ടറി അനിൽ കുമാർ ജെയ്ൻ പറഞ്ഞു. രാജ്യത്തെ പ്രധാന കൽക്കരി ഖനികളിലൊന്നായ ധൻബാദിൽ കഴിഞ്ഞ മാസം ഉണ്ടായ അസാധാരണ പേമാരി കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഒക്ടോബർ രണ്ടാം വാരത്തോടെ ക്ഷാമം പരിഹരിക്കാൻ കഴിയണം. കാലാവസ്ഥ കൂടി ആശ്രയിച്ചായിരിക്കുമിതെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Four Days Of Coal Reserves Left In India, Energy Crisis Deepens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com