ADVERTISEMENT

ബർലിൻ∙ അംഗല മെർക്കൽ അരങ്ങൊഴിയുമ്പോൾ ആരായിരിക്കും യൂറോപ്പിനു ദിശാബോധം നൽകുക? യൂറോപ്യൻ യൂണിയന്റെ പ്രതിസന്ധി കാലത്ത് (അഭയാർഥി പ്രവാഹം, ബ്രക്സിറ്റ് തുടങ്ങിയവ) മെർക്കൽ ശാന്തയായി, പ്രായോഗിക ജ്ഞാനത്തോടെ സഹരാഷ്ട്രങ്ങൾക്കു കരുത്തു പകർന്നു. അടുത്ത ഊഴം ആരുടേതാകും എന്ന ചിന്തയിലാണ് നയതന്ത്ര നിരീക്ഷകർ.

ഏറ്റവും സാധ്യത കൽപിക്കുന്നത് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിക്കാണ്. ‘‘യൂറോപ്യൻ കൗൺസിലിൽ മരിയോ സംസാരിക്കുമ്പോൾ ഞങ്ങളെല്ലാം നിശബ്ദരായി കാതോർക്കും. ഇത് എല്ലാവരുടെ കാര്യത്തിലും സംഭവിക്കുന്നതല്ല.’’ പറഞ്ഞത് സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചസ്. ഈ വാക്കുകളിലുണ്ട് അദ്ദേഹത്തിന്റെ സ്വീകാര്യത. ഇറ്റലിയിലെ ജനകീയത, കോവിഡ് പ്രതിരോധത്തിലെ മികവ്, സ‌ാമ്പത്തിക രംഗ‌ം മെച്ചപ്പെടുത്തൽ എന്നിവയെല്ലാം അദ്ദേഹത്തിന്റെ നേട്ടങ്ങളാണെങ്കിലും ഏറ്റവും കയ്യടി നേടിയത് ജുഡീഷ്യറിയെ ശുദ്ധീകരിച്ചതായിരുന്നു. മെർക്കലിന്റെ രണ്ടു ഗുണങ്ങൾ ഇദ്ദേഹത്തിലും നീരീക്ഷകർ കാണുന്നു– പ്രയോഗിക ബുദ്ധിയും ശാന്തതയും. പക്ഷേ, മെർക്കലിൽനിന്നു വ്യത്യസ്തമായി, അപ്രിയസത്യങ്ങൾ തുറന്നു പറയുന്ന നേതാവാണ് അദ്ദേഹം.

അടുത്ത സാധ്യത ജർമനിയുടെ ചാൻസലറാകാനിടയുള്ള ഒലാഫ് ഷോൽസിനാണ്. അതിന് ആദ്യം അദ്ദേഹം ചാൻസലറാകണം. മെർക്കലിന്റെ പാർട്ടിക്കാരനല്ല ഷോൽസ്. അതുകൊണ്ട് യൂറോപ്യൻ യൂണിയനോടുള്ള ന‌ിലപാടു മാറ്റുമെന്ന‌‌് ആരും കരുതുന്നില്ല. കാരണം യൂറോപ്യൻ യൂണിയന് ജർമനിയെ വേണ്ടതിനേക്കാളേറെ ജർമനിക്കു യൂറോപ്യൻ യൂണിയനെ വേണം.

1200-angela-merkel
അംഗല മെർക്കൽ (Photo by Michael Kappeler / POOL / AFP)

അദ്ദേഹം മെർക്കലിന്റെ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്നു. താരതമ്യേന മികച്ച പ്രകടനം നടത്താനായി. യൂറോപ്പ് കരുത്താർജിച്ചാലേ ജർമനി ശക്തമാകൂ എന്നാണ് അദ്ദേഹത്തിന്റെ നയം. ജർമനിയിലെ ഇലക്‌ഷൻ സമയത്തും അദ്ദേഹമിതു പറഞ്ഞിരുന്നു. അഭയാർഥി പ്രശ്നം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ മെർക്കലിനേക്കാൾ മികച്ച നിലപാട‌് ഇദ്ദേഹത്തിൽനിന്നു യൂറോപ്യൻ യൂണിയൻ പ്രതീക്ഷിക്കുന്നു. ക്രാന്തദർശിയല്ല, വ്യക്തിപ്രഭാവം പോരാ, പക്ഷേ പ്രായോഗിക സമീപനം സ്വീകരിക്കാനറിയാം– ആശയക്കുഴപ്പത്തേക്കാൾ നല്ലത് ഇതല്ലേ.

1200-olaf-scholz
ഒലാഫ് ഷോൽസ് (Photo by Odd ANDERSEN / AFP)

സാധ്യത കൽപിക്കുന്നതിൽ അടുത്തയാൾ ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയാണ്. മറ്റു രണ്ടു പേരിൽനിന്നും വ്യത്യസ്തനാണ് അദ്ദേഹം. യൂറോപ്യൻ യൂണിയനെക്കുറിച്ച് അദ്ദേഹത്തിന് ഒട്ടും അഭിനന്ദനപരമല്ലാത്ത അഭിപ്രായമാണുള്ളത്. ‘‘തീർത്തും ദുർബലം, തീരെ വേഗം കുറഞ്ഞത്, തീർത്തും കഴിവുകെട്ടത്.’’ അതിന് പരിഹാരവും അദ്ദേഹത്തിന്റെ പക്കലുണ്ട്– യൂറോപ്പിന് പൊതുവായ പ്രതിരോധം, അഭയാർഥി പ്രശ്നത്തിനു പൊതുനയം, ഡിജിറ്റൽ ടാക്സ് തുടങ്ങിയവ. അദ്ദേഹം നേരത്തേതന്നെ ഇവയെല്ലാം മുന്നോട്ടു വച്ചതാണ്. പക്ഷേ, കാര്യമായി മുന്നേറിയില്ല. അതിനു കാരണം മെർക്കലായിരുന്നു. അവധാനതയോടെ നീങ്ങിയാൽ മതിയെന്ന അവരുടെ നിലപാട് മക്രോയുടെ വേഗത്തിനു തടസ്സമായി. അതിനാൽ, മെർക്കൽ പോകുന്നതോടെ കരുത്താർജിക്കുക മക്രോയായിരിക്കും എന്നു കരുതുന്നവരുണ്ട‌്.

1200-emmanuel-macron
ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ∙ (Photo by Ludovic MARIN / AFP)

അഫ്ഗാനിസ്ഥാനിലെ പിൻമാറ്റത്തോടെ യുഎസിനെ വിശ്വസിച്ചു മുന്നോട്ടു പോകാൻ ആകില്ല എന്ന ധാരണ യൂറോപ്പിന്റെ മനസ്സിനെ കീഴടക്കിയിട്ടുണ്ട‌്. കൂടുതൽ ഐക്യമുള്ള യൂറോപ്പിനു മാത്രമേ ചൈനയുടെ വെല്ലുവിളികളെ നേരിടാനാകൂ എന്നും വിശ്വസിക്കുന്നവരുണ്ട്. അന്തർവാഹിന‌ി ഇടപാടിൽ യുഎസുമായി ഇടഞ്ഞത്, ഈ പശ്ചാത്തലത്തിൽ, അദ്ദേഹത്ത‌ിന്റെ താരമൂല്യം ഉയർത്തിയിട്ടുമുണ്ട‌്.

English Summary: After Angela Merkel, Who Will Lead Europe?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com