ADVERTISEMENT

ന്യൂഡൽഹി ∙ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, മണിപ്പുർ, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ബിജെപി തന്നെ അധികാരത്തിൽ എത്തുമെന്ന് സർവേ. പഞ്ചാബിൽ തൂക്കുസഭയ്ക്കാണു സാധ്യതയെന്നും ഇവിടെ ആംആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്നും എബിപി–സി വോട്ടർ സർവേ പറയുന്നു.

ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസിനും ബിജെപിക്കും കനത്ത വെല്ലുവിളിയായി എഎപി ഉണ്ടാകും. മൂന്നാം ശക്തിയായി ഉയർന്നുവരാനും സാധ്യതയുണ്ട്. പഞ്ചാബിലെ അധികാര തർക്കം കോൺഗ്രസിന് തിരിച്ചടിയാകുമെന്നും മണിപ്പുരിൽ വലിയ നേട്ടമുണ്ടാക്കില്ലെന്നും ഒന്നാംഘട്ട സർവേഫലം സൂചിപ്പിക്കുന്നു.

യുപിയിൽ യോഗി; ലഖിംപൂരിന് ശേഷം...?

ഉത്തർപ്രദേശിൽ, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപിക്ക് 41.3 ശതമാനവും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിക്ക് 32 ശതമാനം വോട്ടു ലഭിക്കും. ബഹുജൻ സമാജ് പാർട്ടി 15%, കോൺഗ്രസ് 6%, മറ്റുള്ളവ 6% എന്നിങ്ങനെയാണ് വോട്ടുനിലയെന്ന് സർവേ പറയുന്നു. 2017ൽ 41.4 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട്. ഇത്തവണയും അതേ പ്രകടനം കാഴ്ചവയ്ക്കാനാകും.

സർവേ പ്രകാരം, ബിജെപിക്ക് 241 മുതൽ 249 സീറ്റ് വരെ ലഭിക്കും. സമാജ്‌വാദി പാർട്ടിക്ക് 130–138 സീറ്റ്, മായാവതിയുടെ ബിഎസ്പിക്ക് 15–17, കോൺഗ്രസിന് 3–7 സീറ്റുകൾ പ്രതീക്ഷിക്കാമെന്നാണു പ്രവചനം. കഴിഞ്ഞ മാസമാണ് സർവേ റിപ്പോർട്ട് തയാറാക്കിയത്. ലഖിംപുർ ഖേരി സംഭവം ആളിക്കത്തുന്നതിനാൽ സർവേ റിപ്പോർട്ടിൽ മാറ്റങ്ങൾ വരാൻ സാധ്യതയേറെയാണ്.

YOGI-AIDTHYA
യോഗി ആദിത്യനാഥ്

പഞ്ചാബിൽ എഎപി ഒറ്റക്കക്ഷി

പഞ്ചാബിൽ, അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാർട്ടിയുടെ മുന്നേറ്റമായിരിക്കുമെന്നു സർവേ പറയുന്നു. 117 അംഗ പഞ്ചാബ് നിയമസഭയിൽ 49 മുതൽ 55 വരെ സീറ്റുകൾ (36%) നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എഎപി മാറും. എഎപിക്ക് തൊട്ടുപിന്നാലെ കോൺഗ്രസിനാണ് സ്ഥാനം. 30 മുതൽ 47 സീറ്റുകൾ വരെ നേടാം. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കാമെന്നും സർവേ പറയുന്നു. അകാലി ദളിന് 22 ശതമാനവും മറ്റുള്ളവയ്ക്ക് 6 ശതമാനം വോട്ടു ലഭിക്കാനാണ് സാധ്യത.

ഉത്തരാഖണ്ഡ് നിലനിർത്തി ബിജെപി

ഉത്തരാഖണ്ഡിന്റെ കാര്യമെടുത്താൽ, ബിജെപി അധികാരം നിലനിർത്തുമെന്നാണ് സർവേ പറയുന്നത്. 70 അംഗ നിയമസഭയിൽ ബിജെപിക്ക് 45 ശതമാനവും  (42–46 സീറ്റ്), കോൺഗ്രസിന് 34 ശതമാനം (21–25 സീറ്റ്) വോട്ടും ലഭിക്കും. ആംആദ്മിക്ക് 0–4 സീറ്റും മറ്റുള്ളവ 0–2 വരെയും നേടാം.

ഗോവയിൽ അധികാരം ബിജെപിക്ക്

ഗോവയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. 40 അംഗ നിയമസഭയിൽ ബിജെപിക്ക് 24 മുതൽ 28 വരെ സീറ്റുകളും കോൺഗ്രസിന് 1 മുതൽ 5 വരെയും ആം ആദ്മി പാർട്ടിക്ക് 3 മുതൽ 7 വരെയും മറ്റുള്ളവർക്ക് 4 മുതൽ 8 സീറ്റുകളും ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷം കോൺഗ്രസ് ഒറ്റക്കക്ഷിയായി ഉയർന്നുവന്നെങ്കിലും സർക്കാർ രൂപീകരിക്കാനായില്ല.

INDIA-ELECTION
കോൺഗ്രസ് പതാക

മണിപ്പുരിൽ മുന്നിൽ ബിജെപി

മണിപ്പുരിൽ, ബിജെപിക്ക് 21 മുതൽ 25 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. കോൺഗ്രസിന് 18 മുതൽ 22 വരെ സീറ്റുകളും പ്രാദേശിക പാർട്ടിയായ നാഗ പീപ്പിൾസ് ഫ്രണ്ടിന് (എൻപിഎഫ്) 4 മുതൽ 8 വരെയും മറ്റുള്ളവർക്ക് 1 മുതൽ 5 വരെയും സീറ്റ് ലഭിച്ചേക്കാം. സർക്കാർ രൂപീകരിക്കാൻ കുറഞ്ഞത് 31 സീറ്റുകളാണ് വേണ്ടത്. ബിജെപിക്ക് 36 ശതമാനം വോട്ടും കോൺഗ്രസിന് 34 ശതമാനവും എൻപിഎഫിന് 9 ശതമാനവും മറ്റുള്ളവർക്ക് 21 ശതമാനവും വോട്ട് ലഭിക്കുമെന്ന് സർവേ വ്യക്തമാക്കുന്നു.

English Summary: Assembly Elections 2022: Opinion poll predicts BJP win in UP, Uttarakhand, Manipur; hung assembly in Punjab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com