ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമെ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ചയാളെ ആശ്രയിച്ചു കഴിയുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല.

വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരിച്ചതായാലും കുടുംബം സംസ്ഥാനത്ത് സ്ഥിര താമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും. ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചയിക്കുമ്പോള്‍ മരിച്ചയാളുടെ വരുമാനം ഒഴിവാക്കും. ഒറ്റ പേജില്‍ ലളിതമായ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ആശ്രിതര്‍ക്കു കഴിയണം. ഇതിനാവശ്യമായ തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. 

അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നല്‍കണം. ആശ്രിത കുടുംബത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫിസര്‍ ഉറപ്പുവരുത്തണം. അപേക്ഷ തീര്‍പ്പാക്കുന്നതിന് അപേക്ഷകരെ ഓഫിസില്‍ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുത്. പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയി ആദ്യം സമാശ്വാസം ലഭിക്കുന്ന മാസം മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് നല്‍കുക. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് വഹിക്കാനും തീരുമാനിച്ചു.

മറ്റു തീരുമാനങ്ങൾ:

∙ സ‍ർക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റത്തിന് കര്‍ശന മാനദണ്ഡം

സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായും സുതാര്യമായും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്ഥലം മാറ്റങ്ങള്‍ നടത്തുന്നുവെന്ന് ഓരോ വകുപ്പും ഉറപ്പുവരുത്തണം. എല്ലാ വകുപ്പുകളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സ്ഥലംമാറ്റം സുതാര്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു.

∙ വ്യവസായ ഇടനാഴിയുടെ വികസനം

കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ വികസനത്തിന് പാലക്കാട്, പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ കണ്ടെത്തിയ 375 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു. 

∙ തടി നീക്കം ചെയ്യാന്‍ സമയം

ലോക്ഡൗണ്‍ കാരണം, ലേലം കൊണ്ട തടി യഥാസമയം ലേലത്തുകയും നികുതിയും അടച്ചിട്ടും നീക്കം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തടി നീക്കം ചെയ്യാന്‍ ഉത്തരവ് ഇറങ്ങുന്ന തീയതി മുതല്‍ രണ്ടാഴ്ചത്തെ സമയം അനുവദിക്കും.

∙ പാട്ടത്തിന് നല്‍കും

കാസര്‍കോട് മുന്നാഡ് വില്ലേജില്‍ 0.10 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് നൂല്‍നൂല്‍പ്പ് കേന്ദ്രത്തിന്‍റെ കെട്ടിടം നിര്‍മിക്കുന്നതിന് ആര്‍. ഒന്നിന് 100 രൂപ സൗജന്യ നിരക്കില്‍ പുതുക്കി നിശ്ചയിച്ച് 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിക്കും.

English Summary: Kerala Cabinet meeting decisions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com