ADVERTISEMENT

കൊല്ലം∙ ഉത്രവധക്കേസിലെ ശിക്ഷാവിധി തൃപ്തികരമാണെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ ഐജി ഹരിശങ്കർ. കേസന്വേഷണ വേളയിൽ കൊല്ലം റൂറൽ എസ്പിയായിരുന്നു ഹരിശങ്കർ. നിലവിൽ പൊലീസ് ആസ്ഥാനത്ത് അസിസ്റ്റന്റ് ഐജിയാണ്.

17 വർഷവും അതിനുശേഷം ജീവപര്യന്തവും തടവ് എന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം തൃപ്തികരമാണ്. പൊലീസ് കണ്ടെത്തിയ എല്ലാ കുറ്റങ്ങളും അംഗീകരിക്കാൻ കോടതി തയാറായി. പരമാവധി ശിക്ഷയായ വധശിക്ഷ നൽകാൻ തയാറായില്ല. അത് കോടതിയുടെ വിവേചനാധികാരമാണ്. പ്രതിയുടെ പ്രായവും മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നില്ല എന്ന കാരണവും മുൻനിർത്തിയാണ് കോടതി വധശിക്ഷ ഒഴിവാക്കിയത്. വിധി പൂർണമായി വന്നശേഷം മാത്രമേ അപ്പീൽ പോകുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്നും അദ്ദേഹം പറഞ്ഞു. 

ഉത്രയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണു രാജ്യത്തുതന്നെ അപൂര്‍വമായ ക്രൂരതയുടെ ചുരുളഴിഞ്ഞത്. കൊലപാതകമാണെന്ന പരാതിയുമായി മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിനെ കണ്ടതിനെ തുടര്‍ന്ന്‌ ലോക്കല്‍ പൊലീസ് എഴുതിത്തള്ളിയ കേസിനു വഴിത്തിരിവുണ്ടായി. ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് കൈമാറി. സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, രാസപരിശോധനാ ഫലങ്ങള്‍, മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 14ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതിയില്‍ വിചാരണ നടപടികളും വേഗത്തിലായിരുന്നു. ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി.

English Summary: Uthra case verdict is satisfying; IG Harishankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com