ADVERTISEMENT

തിരുവനന്തപുരം∙ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനം. എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി കാണാന്‍ വരരുതെന്ന് നിയമസഭയില്‍ പറഞ്ഞതിനെ എ.എന്‍.ഷംസീറാണ് വിമര്‍ശിച്ചത്. ആരെയൊക്കെ കൂട്ടി കാണാന്‍ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് ഷംസീര്‍ തുറന്നടിച്ചു. വിമര്‍ശനത്തോട് മുഹമ്മദ് റിയാസ് യോഗത്തില്‍ പ്രതികരിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസാന്നിധ്യത്തിലായിരുന്നു പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്നത്.

ഒക്ടോബർ 7ന് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശമാണ് ഷംസീറിനെ ചൊടിപ്പിച്ചത്. എംഎല്‍എമാര്‍ക്ക് സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കണം, പ്രശ്നങ്ങള്‍ പരിഹരിക്കണം. അതിന് മണ്ഡലത്തിലുള്ള പലരെയും കൂട്ടിവന്ന് മന്ത്രിയെ കാണേണ്ടിവരും. ആരെയൊക്കെ കൂട്ടിവരണമെന്ന് മന്ത്രിയല്ല തീരുമാനിക്കുന്നത്. അങ്ങനെ അഹങ്കാരത്തോടെ പറയുന്നത് ശരിയല്ലെന്നും മുഹമ്മദ് റിയാസിന്‍റെ പേരു പറയാതെ ഷംസീര്‍ തുറന്നടിച്ചു.

തുടര്‍ഭരണം കിട്ടിയ സാഹചര്യത്തില്‍ എല്ലാവരും കൂടുതല്‍ വിനയാന്വിതരാകണമെന്ന പാര്‍ട്ടി മാര്‍ഗരേഖ കൂടി ഓര്‍മിപ്പിച്ചാണ് ഷംസീര്‍ അവസാനിപ്പിച്ചത്. യോഗത്തില്‍ അധ്യക്ഷനായിരുന്ന സിപിഎം നിയമസഭാകക്ഷി സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍ റിയാസിന് പ്രതിരോധവുമായി രംഗത്തെത്തി. അഴിമതിക്കുള്ള സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാവണം അങ്ങനെ പറഞ്ഞതെന്നു പറഞ്ഞ് ടി.പി.രാമകൃഷ്ണന്‍ രംഗം തണുപ്പിക്കാന്‍ ശ്രമിച്ചു. എന്നാൽ മുഹമ്മദ് റിയാസ് മൗനം പാലിച്ചു.

പ്രതിപക്ഷം പോലും പ്രശ്നമാക്കാതിരുന്ന മുഹമ്മദ് റിയാസിന്‍റെ വാക്കുകളാണ് സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ വിമര്‍ശിക്കപ്പെട്ടത്. പുതിയ അംഗങ്ങള്‍ നിയമസഭയില്‍ കാര്യങ്ങള്‍ പഠിച്ച് പറയണമെന്ന് ആമുഖമായി സംസാരിച്ച പാര്‍ലമെന്‍ററികാര്യ മന്ത്രി കൂടിയായ കെ.രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. പിന്നാലെ, പരമാവധി കാര്യങ്ങള്‍ പഠിച്ചാണ് സംസാരിക്കുന്നതെന്നും ചില മന്ത്രിമാരുടെ ഓഫിസില്‍നിന്ന് വേണ്ടത്ര വിവരങ്ങള്‍ കിട്ടുന്നില്ലെന്നും അഴീക്കോട് എംഎല്‍എ കെ.വി.സുമേഷ് കുറ്റപ്പെടുത്തി. 

English Summary: AN Shamseer against PA Mohammed Riyas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com