മാർ സേവേറിയോസ് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ; സ്ഥാനാരോഹണം വെള്ളിയാഴ്ച

Dr-Mathews-Mar-Severios-4
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. മാത്യൂസ് മാർ സേവേറിയോസ് വിശ്വാസികളെ ആശിർവദിക്കുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ
SHARE

പരുമല ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ തിരഞ്ഞെടുത്തു. പരുമല സെമിനാരി അങ്കണത്തിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രഖ്യാപനത്തെ തുടര്‍ന്ന് ഡോ. മാത്യൂസ് മാർ സേവേറിയോസ് മലങ്കര മെത്രാപ്പൊലീത്തായായി ചുമതലയേറ്റു. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, 22 ാം മലങ്കര മെത്രാപ്പൊലിത്തായും ഒൻപതാം കാതോലിക്കായുമായാണ് തിരഞ്ഞെടുക്കപ്പെട്ടത്. 

Dr-Mathews-Mar-Severios
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. മാത്യൂസ് മാർ സേവേറിയോസിനെ സ്ഥാന ചിഹ്നം അണിയിക്കുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ

കാതോലിക്കാ സ്ഥാനാഭിഷേകച്ചടങ്ങ് വെള്ളിയാഴ്ച പരുമല പള്ളിയില്‍ നടത്താൻ വൈകിട്ടു ചേർന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചതായി സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് അറിയിച്ചു. രാവിലെ 6.30 ന് പ്രഭാത നമസ്‌ക്കാരവും, തുടര്‍ന്ന് കുർബാനയും നടക്കും. കുർബാനമധ്യേയാണ് സ്ഥാനാരോഹണ ശുശ്രൂഷ. സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരും സ്ഥാനാരോഹണ ശുശ്രൂഷയില്‍ സംബന്ധിക്കും. സഭാധ്യക്ഷന്റെ പുതിയ പേര് വാഴിക്കൽ ചടങ്ങിൽ പ്രഖ്യാപിക്കും.

Dr-Mathews-Mar-Severios-1
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. മാത്യൂസ് മാർ സേവേറിയോസിനെ സ്ഥാന ചിഹ്നം അണിയിക്കുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ

നേരത്തേ, മാർ സേവേറിയോസിനെ പുതിയ കാതോലിക്കാ ബാവായായി സുന്നഹദോസ് നിർദേശിച്ചിരുന്നു. ഇതിന് മലങ്കര അസോസിയേഷൻ വ്യാഴാഴ്ച ഒൗദ്യോഗിക അംഗീകാരം നൽകുകയായിരുന്നു. പരുമല പള്ളിയിലെ പ്രാർഥനയ്ക്ക് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നഗറിലേക്ക് ഘോഷയാത്രയായി എത്തിയ ശേഷം പ്രത്യേകം തയാറാക്കിയ അസോസിയേഷൻ നഗരിയിൽ എല്ലാ പ്രതിനിധികളും പ്രവേശിച്ച് യോഗവും തിരഞ്ഞെടുപ്പും നടത്തുകയായിരുന്നു.

Dr-Mathews-Mar-Severios-2
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. മാത്യൂസ് മാർ സേവേറിയോസിന് സ്ഥാന ചിഹ്നം നൽകുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ

സഭാ അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയതായി മുഖ്യവരണാധികാരി ഫാ. ഡോ. അലക്സാണ്ടർ ജെ. കുര്യൻ അറിയിച്ചതോടെ അസോസിയേഷന് അധ്യക്ഷത വഹിച്ച സീനിയർ മെത്രാപ്പൊലീത്തയും അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ പ്രസിഡന്റുമായ കുര്യാക്കോസ് മാർ ക്ലിമ്മീസ് പുതിയ ബാവായുടെ പേരു പ്രഖ്യാപിച്ചു. തീരുമാനം അസോസിയേഷൻ അംഗങ്ങൾ കയ്യടിയോടെ പാസ്സാക്കുകയും ആചാര വെടി മുഴക്കുകയും ചെയ്തു. കുര്യാക്കോസ് മാർ ക്ലിമ്മീസ്, സഖറിയാ മാർ അന്തോണിയോസ്, ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. സഖറിയാ മാർ അപ്രേം എന്നിവർ മാര്‍ സേവേറിയോസിനെ മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാന ചിഹ്നങ്ങള്‍ ധരിപ്പിച്ചു. 

Dr-Mathews-Mar-Severios-5
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഡോ. മാത്യൂസ് മാർ സേവേറിയോസ് സഹമെത്രാപ്പൊലീത്താമാർക്കും സഭാ സ്ഥാനികൾക്കുമൊപ്പം പരുമല പള്ളിയിൽ. ചിത്രം: അരവിന്ദ് വേണുഗോപാൽ

മലങ്കര സഭ ഒന്നാണെന്നും ഒരു കുടുംബമാണെന്നും സഹോദരങ്ങൾ തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കപ്പെടണമെന്നും തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിൽ ഡോ. മാത്യൂസ് മാർ സേവേറിയോസ് പറഞ്ഞു. വിഭാഗിയത ആഗ്രഹിക്കുന്നില്ല. സുസംഘടിതവും സുസ്ഥിരവുമായ നിയമ വ്യവസ്ഥയുടെ കീഴിൽ അച്ചടക്കത്തോടെ പരിപാലിക്കപ്പെടേണ്ട ജനസംഘമായി സമുദായം നിലനിൽക്കണമെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പ്രോട്ടോകോളിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച സ്ഥാനാരോഹണ ശുശ്രൂഷ നടക്കുന്ന സമയത്ത് പൊതുജനങ്ങള്‍ക്ക് പരുമല സെമിനാരിയില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. സ്ഥാനാരോഹണ ശുശ്രൂഷയെ തുടര്‍ന്ന് കേരളത്തിലെ മതമേലധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന അനുമോദന സമ്മേളനവും ഉണ്ടായിരിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

ഡോ.മാത്യൂസ് മാർ സേവേറിയോസ് - ജീവിതരേഖ

∙ ജനനം – 1949 ഫെബ്രുവരി 12.

∙ ഇടവക – കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി.

∙ മാതാപിതാക്കൾ – മറ്റത്തിൽ ചെറിയാൻ അന്ത്രയോസ്, പാമ്പാടി വാലേൽ വടക്കേകടുപ്പിൽ മറിയാമ്മ.

∙ സ്കൂൾ – സെന്റ് പീറ്റേഴ്സ് എൽപി സ്കൂൾ, സെന്റ് പോൾസ് ഹൈസ്കൂൾ, വാഴൂർ എസ് വി ആർവി എൻഎസ്എസ് ഹൈസ്കൂൾ

∙ പ്രീഡിഗ്രി – വാഴൂർ എസ്‌വി ആർ എൻഎസ്എസ് കോളജ്, ഡിഗ്രി – സിഎംഎസ് കോളജ് കോട്ടയം (കെമിസ്ട്രി).

∙ തിയോളജി – ഓർത്തഡോക്സ് വൈദിക സെമിനാരിയിൽ പഠിച്ച് സെറാംപൂർ യൂണിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം

∙ ബിരുദാനന്തര പഠനം – പിജി ഡിപ്ലോമ ഇൻ സെഞ്ചുറി ബൈസന്റൈൻ ഓർത്തഡോക്സ് തിയോളജി. തിയോളജിക്കൽ അക്കാദമി, ലെനിൻഗ്രാഡ്.

∙ ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം – ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് റോം.

∙ പിഎച്ച്ഡി– മാബൂഗിലെ മാർ പീലക്സിനോസ് പിതാവിന്റെ ക്രിസ്തുശാസ്ത്രം – ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട്, റോം.

∙ വൈദിക പട്ടം – 1978 ജൂൺ 30.

∙ മേൽപട്ട സ്ഥാന തിരഞ്ഞെടുപ്പ് – 1989 ഡിസംബർ 28.

∙ റമ്പാൻ സ്ഥാനം – 1990 മാർച്ച് 31.

∙ എപ്പിസ്കോപ്പാ സ്ഥാനാഭിഷേകം – 1991 ഏപ്രിൽ 30.

∙ മെത്രാപ്പൊലീത്താ – 1993 സെപ്റ്റംബർ 22.

∙ കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്ത – 1993 സെപ്റ്റംബർ 26ന്.

∙ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത - 2002.

∙ കോട്ടയം സെൻട്രൽ, കണ്ടനാട്, ഇടുക്കി (രണ്ടു തവണ), മലബാർ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പൊലീത്തായായിരുന്നു.

∙ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി സ്ഥാനം 2 തവണ വഹിച്ചിട്ടുണ്ട്.

English Summary: New Catholicos for Malankara Orthodox Syrian Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA