ADVERTISEMENT

ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലെ അപ്രതീക്ഷിത മുന്നേറ്റ തുടർച്ച അടുത്ത ആഴ്ചയിലും പ്രതീക്ഷിക്കുന്നു. രാജ്യാന്തര വിപണിയിൽ പ്രത്യേകിച്ച്  അമേരിക്കൻ വിപണിയിൽ തൽക്കാലം തിരയടങ്ങിയതും മികച്ച അമേരിക്കൻ ഫലങ്ങളും ഇന്ത്യൻ ഐടി ഫലങ്ങളും എച്ച്ഡിഎഫ്സി ബാങ്കിന്റെ മികച്ച ഫല പ്രതീക്ഷകളും ഇന്ത്യൻ വിപണിക്ക് നേട്ടമായി. ഇന്ത്യൻ വിപണി സമഗ്ര മുന്നേറ്റം നടത്തിയപ്പോൾ മെറ്റൽ, ബാങ്കിങ്, ഓട്ടോ, എനർജി, ഇൻഫ്രാ സെക്ടറുകളുടെ മുന്നേറ്റത്തിനൊപ്പം ഐടി സെക്ടറിന്റെ തിരിച്ചു വരവും സുപ്രധാന ഘടകമായി മാറി. 18338 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസ് 18530, 18770 പോയിന്റുകളിലും സപ്പോർട്ട് 18200, 18000 പോയിന്റുകളിലുമാണ്.

ദീപാവലിക്ക് 20000 പോയിന്റു പോലും നിഫ്റ്റിക്ക് പ്രാപ്യമാണെന്നും വിപണി വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. അടുത്ത തിരുത്തൽ ഇന്ത്യൻ വിപണിയിൽ അവസരമാണ്. ഓഹരി വിപണിയുടെ വരും ദിവസങ്ങളുടെ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് ചോയ്സ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻ തുരുത്തിൽ. 

അമേരിക്കൻ ഫലങ്ങൾ

ഇൻഫ്ലേഷൻ വർധനവും ഫെഡ് ടാപ്പറിങ്ങും ഉൾക്കൊണ്ടു കഴിഞ്ഞ അമേരിക്കൻ വിപണി ഫിനാൻഷ്യൽ കോർപറേറ്റുകളുടെ മികച്ച റിസൾട്ടിന്റെ ആവേശത്തിലാണ്. അവസാന മൂന്നു ദിവസങ്ങളിലും മുന്നേറിയ അമേരിക്കൻ വിപണിയും മികച്ച ഏണിങ് നമ്പറുകളുടെ പിന്തുണയിൽ അടുത്ത വാരവും മുന്നേറ്റപ്രതീക്ഷയിലാണ്. മികച്ച ജോബ് ഡേറ്റയും ചില്ലറ വിൽപനക്കണക്കുകളും എനർജി റാലിയും ഗോൾഡ് മാൻ സാക്സിന്റെ ഫലങ്ങളും അമേരിക്കൻ വിപണിയുടെ അടിത്തറ ശക്തമാക്കിയത് അനുകൂലമാണ്. ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ, ബിൽഡിങ് പെർമിറ്റ്, ഹൗസിങ് കണക്കുകളും, ജോബ് ഡേറ്റയും റിസൾട്ടുകൾക്കൊപ്പം അടുത്ത ആഴ്ച അമേരിക്കൻ വിപണിയുടെ ഗതി നിയന്ത്രിക്കും. നാളത്തെ ചൈനീസ് ഡാറ്റകളും ലോക വിപണിക്കു പ്രധാനമാണ്. ചൈനയും അമേരിക്കയും നാളെ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ ഡേറ്റകളും ചൈന ജിഡിപി കണക്കുകളും അവതരിപ്പിക്കുന്നു.

ഇന്ത്യൻ വിപണിയിൽ അടുത്ത ആഴ്ച

ടിസിഎസ് റിസൾട്ട് വിപണി പ്രതീക്ഷകൾക്ക് അടുത്തെത്തിയതും വിപ്രോയുടെയും ഇൻഫിയുടെ മികച്ച ഫലങ്ങളും ഐടി സെക്ടറിനു വീണ്ടും പുതു ജീവൻ നൽകിയിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ മികച്ച ഫലം ബാങ്കിങ് ഓഹരികളിൽ കുതിപ്പിനു തുടർച്ച നൽകിയേക്കാം. അൾട്രാ ടെകിനന്റെ റിസൽട്ടിൽ പ്രതീക്ഷ വെച്ച് സിമന്റ്, ഇൻഫ്രാ സെക്ടറുകളിൽ റാലിക്ക് തുടക്കമായിട്ടുണ്ട്. ഇതെല്ലാം അടുത്ത ആഴ്ചയിലും ഇന്ത്യൻ വിപണിക്കു പ്രതീക്ഷയാണ്. 18600 കടന്നാൽ  നിഫ്റ്റിയുടെ അടുത്ത കടമ്പ 18930 പോയിന്റിലാണ്.  ബാങ്കിങ്, പൊതു മേഖല, ഇൻഫ്രാ, സിമന്റ്, ഫാഷൻ, ഹോട്ടൽ, ഏവിയേഷൻ, ഓട്ടോ, ഓട്ടോ ആൻസിലറി, മാനുഫാക്ച്ചറിങ് സെക്ടറുകൾ മുന്നേറ്റ പ്രതീക്ഷയിലാണ്.

dalal-street
ദലാൽ സ്ട്രീറ്റിലെ കാഴ്‌ച. ചിത്രം: AFP

ഓഹരികളും സെക്ടറുകളും

∙ മുൻ വർഷത്തിൽ 7513 കോടി രൂപയും ജൂണിൽ അവസാനിച്ച പാദത്തിൽ 7729 കോടി രൂപയും അറ്റാദായം സ്വന്തമാക്കിയ എച്ച്ഡിഎഫ്സി ബാങ്ക് രണ്ടാം പാദത്തിൽ 8834 കോടി രൂപയുടെ അറ്റാദായം നേടിക്കൊണ്ട് വിപണി പ്രതീക്ഷകൾക്കൊപ്പമെത്തിയത് ഓഹരിക്കനുകൂലമാണ്. ബാങ്കിന്റെ മൊത്ത വരുമാനം 41436 കോടിയിലേക്കും പലിശ വരുമാനം 17684 കോടിയിലേക്കും ഉയർന്നു. ആസ്തി മൂല്യം വർധിച്ചതും കിട്ടാക്കട നിരക്കു താഴ്ന്നതും ഓഹരിയെ കൂടുതൽ ആകർഷകമാക്കുന്നു. 1800 രൂപയാണ് ഓഹരിയുടെ അടുത്ത ലക്‌ഷ്യം. പോസ്റ്റ് റിസൾട് വീഴ്ച ഓഹരിയിൽ നിക്ഷേപാവസരമാണ്.

∙ 39300പോയിന്റു കടന്നു മുന്നേറുന്ന ബാങ്ക് നിഫ്റ്റിക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ അടുത്ത നൂറു രൂപ മുന്നേറ്റം 40000 പോയിന്റ് കടക്കാൻ സഹായകമാകും. ആക്സിസ്, ഐസിഐസിഐ, കൊട്ടക്, ഇൻഡസ് ഇന്ദ് ബാങ്കുകൾക്കൊപ്പം എസ്ബിഐ, കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയും മുന്നേറ്റ പ്രതീക്ഷയിലാണ്.

∙ ഐടി ഭീമന്മാരായ ഇൻഫോസിസ് 12%വും വിപ്രോ 17%വും ടിസിഎസ് 28%വും വർധനവ് അറ്റാദായത്തിലും ഇൻഫോസിസ് 20%വും വിപ്രോ 30%വും ടിസിഎസ് 16%വും വാർഷിക വരുമാന വർധനവും രേഖപ്പെടുത്തിയത് ഐടിയുടെ സമയം  ഇനിയും കഴിഞ്ഞിട്ടില്ല എന്നു തന്നെ സൂചിപ്പിക്കുന്നു. അട്രീഷൻ റേറ്റ് ഉയരുന്നത് ടെക് ഓഹരികൾക്ക് ആശങ്കയാണ്.

∙ എച്ച്സിഎൽ ടെക് വിപണി പ്രതീക്ഷക്കൊപ്പമെത്തി 20655 കോടി രൂപയിലെത്തി. 3265 കോടി രൂപയുടെ ലാഭമുണ്ടാക്കിയിട്ടുണ്ട്. മികച്ച ഓർഡർ ബുക്ക് ഓഹരിയെ ആകർഷകമാക്കുന്നു.

∙ മൈൻഡ് ട്രീ അറ്റാദായത്തിൽ 58 ശതമാനവും വരുമാനത്തിൽ 34% വർധനവുമാണ് മുൻ വർഷത്തിൽ നിന്നും നേടിയത്. ഇടത്തരം ഐടി ഓഹരികൾ നിക്ഷേപത്തിനായി പരിഗണിക്കാം.

∙ മുൻ വർഷത്തിലെ 199 കോടി രൂപയുടെ  അറ്റാദായത്തിൽ നിന്നു 110% വളർച്ചയോടെ ഡിമാർട്ട് 417 കോടി രൂപയുടെ അറ്റാദായം കഴിഞ്ഞ പാദത്തിൽ സ്വന്തമാക്കി. 115 കോടി രൂപ മാത്രമായിരുന്നു ജൂണിലാവസാനിച്ച ഒന്നാം പാദത്തിൽ അവന്യൂ സൂപ്പർമാർട്ടുകളുടെ ലാഭം.

∙ ടാറ്റായുടെ പുതിയ ഇലക്ട്രിക്ക് വെഹിക്കിൾ സംരംഭമായ ഈവികോ 7500 കോടിയുടെ വിദേശ നിക്ഷേപം സ്വന്തമാക്കിയതിന് പിന്നാലെ ടാറ്റ മോട്ടോർസ് നടത്തിയ റെക്കോർഡ് റാലി ഓട്ടോ സെക്ടറിനെ തന്നെ പറക്കാൻ പ്രേരിപ്പിച്ചു.  ടാറ്റാ മികച്ച പുതിയ 10 ഇലക്ട്രിക് കാറുകൾ കൂടി ഇറക്കാൻ തീരുമാനിച്ചിരിക്കുന്നതു കമ്പനിയെ മറ്റ് ലോകോത്തര കമ്പനികൾക്കിടയിൽ തന്നെ മുൻ പന്തിയിലെത്തിച്ചേക്കാം. ടാറ്റ മോട്ടോർസ് തീർച്ചയായും ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം.

∙ ബ്രെന്റ് ക്രൂഡ് വില ബാരലിന് 84 ഡോളറിലേക്കു കയറിയത് ഓഎൻജിസി, ഓയിൽ ഇന്ത്യ ഓഹരികൾക്ക് മുന്നേറ്റം നൽകും. 190 രൂപയാണ് ജെപി മോർഗൻ ഓഎൻജിസിക്ക് കാണുന്ന വില.

∙ വൈദ്യുതി ക്ഷാമം സ്വകാര്യ ഉൽപാദന കമ്പനികൾക്കും ട്രാൻസ്മിഷൻ കമ്പനികൾക്കും പവർ എക്‌സ്‌ചെഞ്ചുകളിൽ 16 രൂപക്കു വരെ ഇലെക്ട്രിസിറ്റി വിൽക്കാൻ സാധിക്കുന്നത് പവർ ഓഹരികൾക്ക് അനുകൂലമാണ്. ടാറ്റ പവർ, ജെഎസ്ഡബ്ല്യൂ എനർജി, അദാനി പവർ മുതലായ ഓഹരികൾ ഇനിയും മുന്നേറ്റം പ്രതീക്ഷിക്കുന്നു.

electricity
പ്രതീകാത്മക ചിത്രം

∙ സോളാർ, വിൻഡ് എനർജി ഓഹരികളും ദീർഘ കാല നിക്ഷേപത്തിനു പരിഗണിക്കാം. സ്റ്റെർലിങ് & വിൽ‌സൺ, ഐനോക്‌സ് വിൻഡ് അടക്കമുള്ള ഓഹരികൾ മുന്നേറുന്നത് ശ്രദ്ധിക്കുക.

∙ ഐഇഎക്സ് പുതിയ ഉയരങ്ങൾ കുറിച്ചു കഴിഞ്ഞു. പങ്കാളിത്തം വർധിക്കുന്നതും ഫിനാൻഷ്യൽ കോൺട്രാക്ടുകളുടെയും ദീർഘ കാല ഫിസിക്കൽ കോൺട്രാക്ടുകളുടെയും വരവ് ഐഇഎക്സിന്റെ പ്രാധാന്യം ഉയർത്തും. ഓഹരിയുടെ അടുത്ത ലക്‌ഷ്യം 1000 രൂപയാണ്.

∙ നാളത്തെ അൾട്രാ ടെകിന്റെ റിസൾട്ട് സിമന്റ് ഓഹരികൾക്കും മുന്നേറ്റ പ്രതീക്ഷ നൽകുന്നു. എസിസി, രാംകോ സിമന്റ്, അംബുജ സിമന്റ്, ഡാൽമിയ ഭാരത് മുതലായ കമ്പനികളും അടുത്ത ആഴ്ച റിസൾട്ടുകൾ പുറത്ത് വിടുന്നു.

∙ ടൂറിസം സെക്ടറുകളെല്ലാം മുന്നേറ്റം തുടരുകയാണ്. ഹോട്ടൽ, ഗെയിമിങ്, ആൽക്കഹോൾ, ഫുഡ്, ഏവിയേഷൻ ഓഹരികൾ ഇനിയും നിക്ഷേപത്തിന് അനുകൂലമാണ്.

∙ ഫാഷൻ & ടെക്സ്റ്റൈൽ സെക്ടറുകൾ ഉത്സവ-വെഡിങ് സീസൺ പിന്തുണയിൽ ഇനിയും മുന്നേറും. ട്രെന്റ്, സിയാറാം സിൽക്‌സ്, എബിഎഫ്ആർഎൽ, അരവിന്ദ്, ഡോളർ ഇൻഡസ്ട്രീസ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

∙ പൊതുമേഖല ഓഹരികൾ ദീർഘ കാല ലക്ഷ്യത്തോടെയുള്ള നിക്ഷേപത്തിനു നിർബന്ധമായും പരിഗണിക്കുക. ബിപിഎലിന്റെ ഫിനാൻഷ്യൽ ബിഡ് അടുത്തു തന്നെ പ്രതീക്ഷിക്കാം. ഓഹരി ഓരോ ഉയർച്ചയിലും വാങ്ങി വെക്കുക.

∙ പവർ ഗ്രിഡ് ദീർഘ കാല നിക്ഷേപത്തിന് അനുയോജ്യമാണ്.

റിസൾട്ടുകൾ

നാളെ അൾട്രാ ടെക്ക് സിമന്റ്, ടാറ്റ കോഫി, റൂട്ട് മൊബൈൽ, എൽടിഐ, ലോയ്ഡ് സ്റ്റീൽ, ഹാറ്റ്സൺ മുതലായ കമ്പനികൾ നാളെ റിസൾട്ട് പ്രഖ്യാപിക്കുന്നു. റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എസിസി, ഹാവെൽസ്, പോളി ക്യാബ്, ജെഎസ്ഡബ്ലിയു സ്റ്റീൽ, നെസ്‌ലെ, നെൽകോ, മാസ്റ്റെക്, ജൂബിലന്റ് ഫുഡ്, എൽടിടിഐ, കണ്ടെയ്നർ കോർപറേഷൻ, എൽഐസി ഹൗസിങ്, ക്യാൻ ഫൈൻ ഹോംസ്, പിവിആർ, എച്ച് ഡിഎഫ്സി ലൈഫ്, ടാറ്റ കൺസ്യൂമർ, ടാറ്റ എൽഎക്‌സി, ഗ്ലാൻഡ് ഫാർമ, ഫെഡറൽ ബാങ്ക് എംഫാസിസ്, സിൻജീൻ, റാണെ ഗ്രൂപ് കമ്പനികൾ മുതലായവ അടുത്ത ആഴ്ചയിൽ റിസൾട്ട് പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കുക.

ക്രൂഡ് ഓയിൽ

ഇക്കണോമിക് റിക്കവറി വാർത്തകൾ ബ്രെന്റ് ക്രൂഡ് ഓയിൽ വില 84 ഡോളറിനു മുകളിലേക്കു കയറ്റി. 90 ഡോളർ കടന്നാൽ പിന്നെ 100 രൂപ ഡോളറാണ് ക്രൂഡിന്റെ  ലക്‌ഷ്യം.

crude-oil

സ്വർണം

അമേരിക്കൻ ബോണ്ട് യീൽഡിന്റെ കയറ്റിറക്കങ്ങൾക്ക് അനുസരിച്ചു സ്വർണവും കഴിഞ്ഞ വാരം ചാഞ്ചാട്ടങ്ങൾക്കു വിധേയമായി. ബോണ്ട് യീൽഡ് മുന്നേറിയതിനെ തുടർന്ന് സ്വർണം 1790 ഡോളറിനു മുകളിൽ നിന്ന് 1767 ഡോളറിലേക്ക് ഇറങ്ങി. 1760 ഡോളറിൽ സ്വർണം പിന്തുണ പ്രതീക്ഷിക്കുന്നു.

English Summary: BSE Stock Exchange Analysis - What to Expect Next Week and What Happened This Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com