പൊതുമരാമത്തിലെ അവിശുദ്ധ കൂട്ടുകെട്ട്: റിയാസിനെ പ്രകോപിപ്പിച്ചത് ഏതു റോഡ്?

Riyas-Main-Image-1
പനമരം – ബീനാച്ചി റോഡ് നിർമാണത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ എത്തിയ മന്ത്രി മുഹമ്മദ് റിയാസ് (2021 ജൂലൈയിലെ ചിത്രം–ഇടത്), പനമരം– ബീനാച്ചി റോഡിൽ നിർമാണത്തിനിടെ കുണ്ടും കുഴിയുമായി മാറിയ നിലയിൽ, മെറ്റലും ഒഴുകിപ്പോയതു കാണാം (2020 സെപ്റ്റംബറിലെ ചിത്രം–വലത്)
SHARE

കോഴിക്കോട്∙ എംഎൽഎമാർ കരാറുകാരുമായി മന്ത്രിമാരെ കാണാൻ വരരുതെന്ന മന്ത്രി പി.എം.മുഹമ്മദ് റിയാസിന്റെ നിയമസഭയിലെ മറുപടിയും അതിനെതിരെ സ്വന്തം പാർട്ടിയിലെ എംഎൽഎമാരിൽനിന്നു തന്നെ ഉയർന്ന എതിർപ്പുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ രാഷ്ട്രീയ വിവാദം. പൊതുമരാമത്ത് വകുപ്പിൽ കരാറുകാരും ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട് എന്നും മന്ത്രി നിയമസഭയിൽ തുറന്നടിച്ചു.

സിപിഎം യുവനിരയിലെ ഭിന്നത മറനീക്കി പുറത്തുവരാൻ വഴിമരുന്നിട്ട ഈ വിവാദ പ്രസ്താവന നടത്താനുള്ള പ്രകോപനമെന്തായിരുന്നു? സുൽത്താൻ ബത്തേരി എംഎൽഎയും വയനാട് ഡിസിസി മുൻ പ്രസിഡന്റുമായ ഐ.സി.ബാലകൃഷ്ണന്റെ ചോദ്യത്തിനായിരുന്നു മുഹമ്മദ് റിയാസിന്റെ ആ വിവാദ മറുപടി.

എംഎൽഎ ചോദിച്ച റോഡ് മന്ത്രിക്കും അറിയാം

വയനാട് ജില്ലയിലെ പനമരം–ബീനാച്ചി റോഡിന്റെ നിർമാണം മൂന്നര വർഷമായിട്ടും പൂർത്തിയാകാത്തതിനെക്കുറിച്ചായിരുന്നു ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ ചോദ്യം. ഏഴിന് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ചോദ്യോത്തര വേളയിൽ ഉപചോദ്യത്തിന് അവസരം ലഭിച്ചപ്പോഴാണ് ഐ.സി.ബാലകൃഷ്ണൻ സ്വന്തം മണ്ഡലത്തിലെ റോഡിന്റെ സ്ഥിതി ചൂണ്ടിക്കാട്ടിയത്. ഒപ്പം ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഒത്തുകളി മൂലം കേരളത്തിലെ മിക്ക റോഡുകളുടെയും നിർമാണം പാതിവഴിയിലാണെന്നും എംഎൽഎ പറഞ്ഞു.

Beenachi-Panamaram-Road-Chali
നിർമാണത്തിനായി വെട്ടിപ്പൊളിച്ച് ചെളിക്കുളമായി മാറിയ പനമരം - ബീനാച്ചി റോഡ് (2020 ജൂണിലെ ചിത്രം)

ഈ റോഡ് നിർമാണം വൈകിയതിന്റെ പിന്നാമ്പുറക്കഥകൾ ഒരിക്കൽ റോഡ് സന്ദർശിച്ച മന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ ചോദ്യത്തിനുള്ള മറുപടിയിൽ തന്നെ വകുപ്പിലെ അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചതെന്ന് റോഡുമായി ബന്ധമുള്ളവർ കരുതുന്നു.

കരാർ പിന്നെ ഉപകരാർ, നിലവാരമില്ലാത്ത നിർമാണം

22 കിലോ മീറ്റർ ദൂരമുള്ള പനമരം–ബീനാച്ചി റോഡിന്റെ നിർമാണം 2019ലാണ് ആരംഭിച്ചത്. കിഫ്ബിയുടെ ധനസഹായത്തോടെ 50.55 കോടി രൂപയാണ് വകയിരുത്തിയത്. തമിഴ്നാട് ആസ്ഥാനമായ നിർമാണ കമ്പനിക്കായിരുന്നു കരാർ. എറണാകുളത്തെ മറ്റൊരു കമ്പനിക്ക് ഇവർ ഉപകരാർ നൽകി.

കലുങ്കുകൾ, സംരക്ഷണഭിത്തി, ഓവുചാൽ എന്നിവയുടെ നിർമാണവും റോഡ് പ്രതലത്തിന്റെ ക്രമപ്പെടുത്തലും പൂർത്തിയായപ്പോൾതന്നെ ഗുണനിലവാരമില്ലാത്ത നിർമാണമാണു നടക്കുന്നതെന്നു നാട്ടുകാർക്ക് ബോധ്യമായി. നിർമാണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്താനായി നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ചു. ജനകീയ സമിതി അംഗങ്ങൾ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി.

തുടർന്ന് എംഎൽഎയുടെ നേതൃത്വത്തിൽ ഒരു യോഗം വിളിച്ചു. റോഡ് കടന്നുപോകുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ജനകീയ സമിതി അംഗങ്ങൾ, കരാറുകാർ, പൊതുമരാമത്ത് വകുപ്പ്, കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നെങ്കിലും റോഡ് നിർമാണത്തിന്റെ ഗുണനിലവാരം മാത്രം ഉയർന്നില്ല. പണി ഇഴഞ്ഞുനീങ്ങി. ജനകീയസമിതിയും കിഫ്ബിയിലെ എൻജിനീയർമാരും ചൂണ്ടിക്കാട്ടിയിട്ടും നിർമാണത്തിലെ അപാകതകൾ പരിഹരിക്കാൻ കരാറുകാർ തയാറായില്ല.

wayanad-panamarom-beenachy-road-1
തകർന്ന പനമരം–ബീനാച്ചി റോഡ് (ഫയൽ ചിത്രം)

ഒടുവിൽ പണി പൂർത്തിയായ ഭാഗത്തു വ്യാപകമായ തകരാറുകൾ കണ്ടെത്തിയതോടെ നിർമാണ കരാർ പാതിവഴിയിൽ വച്ചു റദ്ദാക്കി. റോഡ് പൊളിച്ചിട്ട 12 കിലോമീറ്റർ ദൂരത്തിൽ ഒന്നാം ലെയർ ടാറിങ് അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിക്കൊണ്ടാണ് കരാർ റദ്ദാക്കിയത്. ഒപ്പം ഇത്രയും ദൂരത്തിൽ കിഫ്ബി ചൂണ്ടിക്കാട്ടിയ നിർമാണത്തിലെ അപാകതകൾ പരിഹരിക്കാനും നിർദേശിച്ചു.

എന്നാൽ ഈ പ്രവൃത്തിയും കരാറുകാർ പൂർത്തിയാക്കാതെ വലിച്ചുനീട്ടുകയാണെന്നു ജനകീയ സമിതി ആരോപിക്കുന്നു. പുതിയ ടെൻഡർ ക്ഷണിച്ചു ബാക്കി ജോലികൾ പൂർത്തിയാക്കുകയാണ് ഇനി സർക്കാർ ചെയ്യേണ്ടതെന്നും ജനകീയ സമിതി ചൂണ്ടിക്കാട്ടുന്നു. ജൂൺ നാലിന് പനമരം–ബീനാച്ചി റോഡ് സന്ദർശിച്ച മന്ത്രി പി.എം.മുഹമ്മദ് റിയാസിനെയും ഇവർ വിവരങ്ങൾ ധരിപ്പിച്ചിരുന്നു.

എംഎൽഎ ചൂണ്ടിക്കാട്ടി, മന്ത്രി അടിവരയിട്ടു

പനമരം–ബീനാച്ചി റോഡിന്റെ സ്ഥിതി ചൂണ്ടിക്കാട്ടിയതിനൊപ്പം പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും റോഡ് പണി പാതിവഴിയിലാകുന്നതിനെപ്പറ്റിയും ഐ.സി.ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടിയിരുന്നു ആ ചോദ്യം ഇങ്ങനെ:
‘പല റോഡുകളും പാലങ്ങളും പാതിവഴിയിലാണ്. അനാസ്ഥ കാണിക്കുന്ന കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തുമെന്നാണു മന്ത്രി പറഞ്ഞത്. ഇത് കരാറുകാരുടെ കുഴപ്പം തന്നെയാണ്. കരാറുകാർ ടെൻഡർ എടുത്ത് ഒരു ധാരണപത്രമുണ്ടാക്കും. അതിൽ പറയുന്ന സമയപരിധിക്കുള്ളിൽ പണി പൂർത്തിയായില്ലെങ്കിൽ ഉദ്യോഗസ്ഥർ വീണ്ടും വീണ്ടും കരാർ പുതുക്കിക്കൊടുക്കും. കാലാകാലം ഈ റോഡ് പണികൾ ഇഴഞ്ഞുപോകും.

എന്റെ മണ്ഡലത്തിലെ പനമരം–ബീനാച്ചി 22 കിലോമീറ്റർ റോഡ് പണി തുടങ്ങിയിട്ട് മൂന്നര വർഷമായി. തമിഴ്നാട്ടിലെ ഒരു കമ്പനിയാണു കരാർ എടുത്തത്. ഇപ്പോൾ മന്ത്രി ഇടപെട്ടതിന്റെ ഫലമായി വീണ്ടും റോഡ് പണി ആരംഭിച്ചിട്ടുണ്ട്. പക്ഷേ പഴയ വേഗത്തിൽതന്നെയാണ്. വയനാട്ടിലെ പല റോഡുകളും പാതിവഴിയിലാണ്. പണി പൂർത്തിയാക്കാത്ത കരാറുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം’.

Beenachi-Panamaram-Road-Chali-2
പനമരം - ബീനാച്ചി റോഡിൽ ചെളിമൂടിയതിനെ തുടർന്നു യാത്രക്കാർ റോഡിന്റെ അരികിലൂടെ കയറി നടക്കുന്നു (2020 ജൂണിലെ ചിത്രം)

ഇതിനുള്ള മറുപടിയിലാണു ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മന്ത്രി കൂടുതൽ വ്യക്തമാക്കിയത്. ആ മറുപടി ഇങ്ങനെ– ‘ബഹുമാനപ്പെട്ട എംഎൽഎ പറഞ്ഞത് പ്രധാനപ്പെട്ട കാര്യമാണ്. ഒരു കൂട്ടുകെട്ട് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുണ്ട്. സിഎജിയുടെ റിപ്പോർട്ട് ഞാൻ വായിക്കുകയുണ്ടായി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് ഈ കൂട്ടുകെട്ടിന്റെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.

ബിറ്റുമിൻ മാർക്കറ്റ് വില കുറഞ്ഞാലും പഴയ വില എഴുതുന്ന രീതി. മറ്റൊരു പ്രവൃത്തിയുടെ ബിൽ വച്ചുകൊണ്ടു മറ്റൊരിടത്തുനിന്നു പണം വാങ്ങുന്ന രീതി. റീ എസ്റ്റിമേറ്റിനു കരാറുകാരനു സൗകര്യം ചെയ്യുന്ന രീതി. പണി കൃത്യമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പ്രശ്നങ്ങൾ. ഇങ്ങനെ ഒരു കൂട്ടുകെട്ട് കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുണ്ട്.

എങ്കിലും വളരെ ആത്മാർഥമായി ജോലി ചെയ്യുന്ന പ്രത്യേകിച്ചും പുതിയ തലമുറയിലെ ഉദ്യോഗസ്ഥരുണ്ട്. സമയബന്ധിതമായി നല്ല നിലയിൽ പൂർത്തീകരിക്കുന്ന കരാറുകാരുമുണ്ട്. പക്ഷേ ഈ പറയുന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്. ഇതിനെതിരെ മുഖം നോക്കാതെ നടപടി എടുക്കേണ്ടതുണ്ട്. ഇതോടൊപ്പം ഒരു കാര്യം ബഹുമാനപ്പെട്ട എംഎൽഎമാരുടെ ശ്രദ്ധയിൽ പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. കരാരുകാർ തൊട്ടുകൂടാൻ പറ്റാത്തവരല്ല, പക്ഷേ കരാറുകാരെ കൂട്ടി, അല്ലെങ്കിൽ കരാറുകാർ എംഎൽഎമാരുടെ ശുപാർശയിൽ മന്ത്രിയുടെ അടുത്തുവരുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല. അങ്ങനെ വന്നാൽ അതു ഭാവിയിൽ പലരീതിയിലുള്ള ദോഷത്തിനു കാരണമാകും.’

mohammed-riyas
മന്ത്രി മുഹമ്മദ് റിയാസ്

നാലു ദിവസം കഴിഞ്ഞു നടന്ന സിപിഎം നിയമസഭാ കക്ഷിയോഗത്തിൽ മന്ത്രിയുടെ ഈ മറുപടിക്കെതിരെ സിപിഎമ്മിലെ യുവ എംഎൽഎമാർ വിമർശനമുന്നയിച്ചതോടെയാണ് മന്ത്രി പറഞ്ഞതു കേരളം വീണ്ടും വീണ്ടും കേട്ടത്.

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള കൂട്ടുകെട്ടിനെക്കുറിച്ച് ഐ.സി.ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടിയതിന് അടിവരയിടുകയാണു മുഹമ്മദ് റിയാസ് ചെയ്തത്. പക്ഷേ കരാറുകാരെ കൂട്ടി മന്ത്രിമാരെ കാണാൻ പോകുന്ന എംഎൽഎമാരെക്കുറിച്ച് മന്ത്രി ഈ മറുപടിയിൽ തന്നെ പരാമർശിച്ചത് യാദൃശ്ചികമാണോ എന്ന സംശയമുയർന്നു.

‘ഞാൻ പോയിട്ടില്ല; പോയവർക്കു പൊള്ളിയിട്ടുണ്ടാകാം’

കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ പോകുന്നുവെന്നു മന്ത്രി ഉദ്ദേശിച്ചത് എന്തായാലും തന്നെ അല്ലെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ പറയുന്നു. ‘കേരളത്തിന്റെ പൊതുവായ സ്ഥിതിയാണ് ഞാൻ ഉപചോദ്യത്തിൽ ചൂണ്ടിക്കാട്ടിയത്. അത് മന്ത്രി ശരിവയ്ക്കുകയും ചെയ്തു. കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ പോകുന്നു എന്നു പറഞ്ഞത് എന്നെ ഉദ്ദേശിച്ചില്ല.

IC-Balakrishnan-bathery
ഐ.സി.ബാലകൃഷ്‌ണൻ എംഎൽഎ

ഞാൻ അങ്ങനെ കാണാൻ പോയിട്ടില്ല. അത് അദ്ദേഹത്തിന് അറിയാം. ആരോ അങ്ങനെ പോയിട്ടുണ്ട്. അങ്ങനെ പോയവർക്ക് ആ മറുപടി കേട്ടപ്പോൾ പൊള്ളിയിട്ടുണ്ടാകാം.’– സിപിഎം നിയമസഭാ കക്ഷി യോഗത്തിലെ വിമർശനങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് ഐ.സി.ബാലകൃഷ്ണൻ പറഞ്ഞു.

ഉദാഹരണങ്ങൾ വേറെയും ഉണ്ടെന്ന് മുഹമ്മദ് റിയാസ്
.
കരാറുകാരുടെ കുഴപ്പം മൂലം നിർമാണം പാതിവഴിയിലാകുന്നതിനും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ബന്ധത്തിനും പനമരം –ബീനാച്ചി റോഡ് പോലെ സംസ്ഥാനത്ത് ഒട്ടേറെ ഉദാഹരണം ഉണ്ടെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പനമരം–ബീനാച്ചി റോഡ് സന്ദർശിച്ചതിനാൽ അവിടുത്തെ പ്രശ്നങ്ങൾ നേരിട്ടറിയാം. ഈ കാര്യങ്ങൾ എംഎൽഎ ചൂണ്ടിക്കാണിച്ചപ്പോൾ സിഎജി റിപ്പോർട്ടിലെ കാര്യങ്ങൾ ഉദ്ധരിച്ച് അതു ശരിവയ്ക്കുകയാണ് ചെയ്തതെന്നും റിയാസ് പറഞ്ഞു. കരാറുകാരെ കൂട്ടി കാണാൻ വന്ന എംഎൽഎ ഐ.സി.ബാലകൃഷ്ണൻ അല്ലെന്നും റിയാസ് പറഞ്ഞു.

‘പനമരം–ബീനാച്ചി പാഠമാകണം’

കേരളത്തിൽ റോഡ് നിർമാണ കരാർ നൽകുന്നതിലെ തെറ്റായ പ്രവണതകൾ തിരുത്തണമെന്ന പാഠമാണ് പനമരം–ബീനാച്ചി റോഡ് പഠിപ്പിക്കുന്നത് എന്നു ജനകീയ സമിതി ഭാരവാഹികൾ പറയുന്നു. പണി പൂർത്തിയാക്കേണ്ട സമയം, ഉപയോഗിക്കേണ്ട നിർമാണ വസ്തുക്കളുടെയും യന്ത്രങ്ങളുടെയും നിലവാരം എന്നിവ കരാറിൽ വ്യക്തമാക്കണം. റോഡിലെ വൈദ്യുത തൂണുകൾ, മരങ്ങൾ, ജല–വൈദ്യുതി കേബിളുകൾ എന്നിവ മാറ്റുന്നതിനുള്ള (യൂട്ടിലിറ്റി ഷിഫ്റ്റിങ്) ചുമതല കരാറുകാരന് നൽകാതെ സർക്കാർ ഏറ്റെടുക്കണം.

Beenachi-Panamaram-Road-Janakeeya-Samithi

പണിയുടെ നിർമാണ പുരോഗതിയും ഗുണനിലവാരവും ഉറപ്പുവരുത്താൻ എംഎൽഎയുടെ നേതൃത്വത്തിൽ മോണിട്ടറിങ് കമ്മിറ്റി വേണം. 50 ശതമാനത്തിൽ താഴെയുള്ള തൊഴിൽ കരാറുകൾ മാത്രമേ ഉപകരാർ നൽകാൻ പാടുള്ളുവെന്നും ജനകീയ സമിതി ആവശ്യപ്പെടുന്നു. പൊതുമരാമത്ത് വകുപ്പിനെ അഴിമതി മുക്തമാക്കാൻ നിയമസഭയിൽ മന്ത്രി പ്രഖ്യാപിച്ച നടപടികൾക്കൊപ്പം ഈ കാര്യങ്ങൾ കൂടി ചെയ്യണമെന്നാണ് ആവശ്യം.

English Summary: Which Road Provokes Minister PA Riyas to Take Firm Stand Against MLA-Contractor Ties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA