ADVERTISEMENT

കൊച്ചി ∙ വ്യാജ പുരാവസ്തുകാണിച്ചു സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നവംബർ മൂന്നു വരെ കോടതി നീട്ടി. എറണാകുളം സിജെഎം കോടതിയിൽ വിഡിയോ കോൺഫറൻസിലൂടെയാണ് ഇയാളെ ഹാജരാക്കിയത്. 

പ്രതി പുറത്തുവരുന്നത് തെളിവു നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. മോന്‍സന് ഉന്നത ബന്ധങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വാദം. എച്ച്എസ്ബിസി ബാങ്കില്‍ കോടികളുടെ നിക്ഷേപമുണ്ടെന്നു വ്യാജരേഖ ചമച്ച് പലരിൽ നിന്നായി കോടികൾ തട്ടിയെടുത്തെന്നാണ് കേസ്. ഇയാൾക്ക് വൻ തുക നൽകിയവർ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്.

സാമ്പത്തിക തട്ടിപ്പുകൾക്കു പുറമേ കഴിഞ്ഞ ദിവസം പോക്സോ കേസ് കൂടി വന്നതോടെ മോൻസനുള്ള കുരുക്കു മുറുകി. ഇയാളുടെ സൗന്ദര്യവർധക സ്ഥാപനത്തിൽ ജോലിക്കുനിന്ന സ്ത്രീയുടെ മകളെ പ്രായപൂർത്തിയാകും മുൻപു മുതൽ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പരാതി. വിവാഹ വാഗ്ദാനവും പഠിക്കാൻ വേണ്ട സൗകര്യങ്ങളും ഇയാൾ നൽകുമെന്നായിരുന്നു പറഞ്ഞിരുന്നത്.

പിന്നീട് പരാതി നൽകുന്നതിന് എതിരെ ഭീഷണി ഉണ്ടായെന്നും യുവതി പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാതെ വന്നതോടെ മുഖ്യമന്ത്രിയെ സമീപിക്കുകയും സിറ്റി പൊലീസ് കമ്മിഷണറെ അന്വേഷണം ഏൽപ്പിക്കുകയുമായിരുന്നു. തുടർന്നാണ് നോർത്ത് പൊലീസ് കേസെടുത്തത്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. 

പോക്സോ കേസിൽ പ്രാഥമിക അന്വേഷണങ്ങൾക്കു ശേഷമായിരിക്കും അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തുക. പെൺകുട്ടിയുടെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തുകയും ആരോഗ്യ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. 

English Summary: Monson Mavunkal Remad extended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com