ADVERTISEMENT

കൊച്ചി∙ വ്യാജ പുരാവസ്തു–സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിന്റെ മുൻ കൂട്ടാളി അനിത പുല്ലയിലിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വിഡിയോ കോൺഫറൻസിലൂടെയാണ് മൊഴി രേഖപ്പെടുത്തിയത്. മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ആരാഞ്ഞതെന്ന് അനിത മാധ്യമങ്ങളോടു പറഞ്ഞു.

മോൻസന്റെ ഉന്നത ബന്ധങ്ങൾ സംബന്ധിച്ച വിവരങ്ങളും അയാളെ സംരക്ഷിച്ചിരുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങളും കൈമാറി. മോൻസന്റെ തട്ടിപ്പിന് ഇരയായവരിൽ അറിയുന്നവരെ കുറിച്ചുള്ള വിവരങ്ങളും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു. തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞതോടെ തെറ്റിപ്പിരിഞ്ഞു. തട്ടിപ്പിന് ഇരയായവരെ സഹായിക്കുകയാണ് താൻ ചെയ്തതെന്നും അനിത മൊഴി നൽകി.

പ്രവാസി സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മോൻസനുമായി അടുപ്പത്തിലാകുന്നത്. മോൻസനുമായി യാതൊരു സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടില്ല. മോൻസനെ സംരക്ഷിക്കുന്ന ഒരു കാര്യവും ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയത് സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായാണ്.

താൻ മോൻസനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നെങ്കിൽ നാട്ടിലെത്താൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെടുമായിരുന്നു. അതില്ലാത്തതിനാൽ വിവരങ്ങൾ ചോദിച്ചറിയാനാണ് വിളിച്ചത്. ഉദ്യോഗസ്ഥർ ഇക്കാര്യങ്ങളിൽ നേരത്തേ തന്നെ വിവരങ്ങൾ ശേഖരിച്ചിട്ടാണ് തന്നെ വിളിച്ചത്. എല്ലാ കാര്യങ്ങളും ചോദിച്ചു, എല്ലാറ്റിനും മറുപടിയും നൽകി.

ഒന്നും ഒളിക്കാൻ ഇല്ലാത്തതിനാൽ എല്ലാം പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും തെറ്റു ചെയ്തിരുന്നെങ്കിൽ എല്ലാം മൂടിവയ്ക്കാനാണ് ശ്രമിക്കുക. എന്നാൽ, പരാതിക്കാരെ സഹായിക്കുകയാണ് ചെയ്തത്. ഇത്ര ഉയർന്ന സംരക്ഷണം ഉണ്ടായിട്ടും തന്റെ കൂടി ഇടപെടൽ ഉള്ളതുകൊണ്ടാണ് മോൻസനെ പിടികൂടിയിരിക്കുന്നത്. മോൻസൻ പാവങ്ങളെ പറ്റിച്ചില്ല എന്നാണ് ചിലർ പറയുന്നത്. എന്നാൽ പാവങ്ങളെ പറ്റിച്ചായിരുന്നു ഇയാളുടെ തുടക്കമെന്നും അനിത പറഞ്ഞു. എന്നാൽ, മോൻസനും അനിതയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നെന്നു നേരത്തേ ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചതായാണ് സൂചന.

English Summary: Crime Branch quizzes Anitha Pullayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com