ADVERTISEMENT

ന്യൂഡൽഹി∙ വിമാനത്താവളത്തിൽ പരിശോധനയ്ക്കായി എന്നും കൃത്രിമക്കാൽ ഊരിമാറ്റേണ്ടിവരുന്നതിൽ പ്രതിഷേധവുമായി നടിയും നർത്തകിയുമായ സുധ ചന്ദ്രൻ. ഔദ്യോഗികാവശ്യങ്ങള്‍ക്കായി യാത്രചെയ്യുമ്പോൾ വിമാനത്താവളങ്ങളിൽ പരിശോധനയുടെ ഭാഗമായി കൃത്രിമക്കാൽ ഊരിമാറ്റേണ്ടി വരുന്നത് വേദനാജനകമാണെന്നും തന്റെ അവസ്ഥയ്ക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ലെന്നും നടി പരാതിപ്പെട്ടു.

ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരിനെയും പരാമര്‍ശിച്ച് സുധ ചന്ദ്രന്റെ പരാതി. തന്നെപ്പോലുള്ള മുതിർന്ന പൗരന്മാർക്ക് ഇത്തരം പരിശോധനകൾ ഒഴിവാക്കുന്നതിനായി പ്രത്യേക കാർ‌ഡ് നൽകണമെന്നും പ്രധാനമന്ത്രിയോട് നടി ആവശ്യപ്പെട്ടു.

അതേസമയം പരിശോധനയ്ക്കായി കൃത്രിമ കാൽ ഊരിമാറ്റിയതിൽ നടി സുധ ചന്ദ്രനോട് ക്ഷമാപണം നടത്തി സിഐഎസ്എഫ്( സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്). വിമാനത്താവളത്തിൽ സുധയുടെ കൃത്രിമ കാൽ ഊരിമാറ്റി പരിശോധന നടത്തിയെന്ന ദേശീയ മാധ്യമത്തിൽ വന്ന വാർത്തയ്ക്ക് മറുപടിയായി സിഐഎസ്എഫ് ട്വീറ്റ് ചെയ്യുകയായിരുന്നു.

‘സുധ ചന്ദ്രന് അനുഭവപ്പെട്ട ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തുന്നു. പ്രോട്ടോകോൾ പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് കൃത്രിമവസ്തുക്കൾ അഴിച്ചുമാറ്റി പരിശോധന നടത്തേണ്ടത്. എന്നാൽ എന്തുകൊണ്ടാണ് സുധയുടെ കൃത്രിമ കാൽ അഴിച്ചുമാറ്റി പരിശോധിച്ചതെന്നും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്തെന്നും അന്വേഷിക്കും.’– സിഐഎസ്എഫ് ട്വീറ്റ് ചെയ്തു. 

സുധയുടെ പരാതി വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. പ്രമുഖരടക്കമുള്ളവർ നടിയെ പിന്തുണച്ചെത്തി. രാജ്യം അംഗീകരിച്ച കലാകാരിയുടെ പരാതിയിൽ പരിഹാരം കാണണമെന്ന് നിരവധിപ്പേർ ആവശ്യപ്പെട്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപാണ് കാറപകടത്തിൽ സുധയുടെ കാൽ നഷ്ടമായത്. ഏറെ നാളത്തെ വിശ്രമത്തിന് ശേഷം ഇവർ നൃത്തരംഗത്തും അഭിനയരംഗത്തും തിരിച്ചെത്തുകയായിരുന്നു.

English Summary: Actress-Dancer Sudhaa Chandran Tags PM Modi In Post On Being Stopped At Airport For Prosthetic Limb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com