ADVERTISEMENT

ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എറ്റവും ശക്തനായ നേതാവെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് അഭിഷേക് ബാനര്‍ജി. മാധ്യമങ്ങളില്‍നിന്ന് പൊതുവേ അകന്നു നില്‍ക്കുന്ന അഭിഷേക്, പക്ഷേ ഇപ്പോള്‍ അനധികൃത കല്‍ക്കരി കേസില്‍ തലക്കെട്ടുകളില്‍ നിറയുന്നു; ഒപ്പം അഭിഷേകിന്റെ ഭാര്യ രുചിര ബാനര്‍ജിയും. കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അഭിഷേകിന്റെ തലയ്ക്കുമുകളില്‍ വട്ടമിട്ടു പറക്കുമ്പോള്‍, അതിനെ തുറുപ്പുചീട്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 

എന്നാല്‍ അന്വേഷണ ഏജന്‍സികളുടെ സമന്‍സും നോട്ടിസുകളും തന്നെ തളര്‍ത്തില്ലെന്നാണ് അഭിഷേകിന്റെ വാദം. ബംഗാളിനപ്പുറം തൃണമൂലിന്റെ സാന്നിധ്യം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അഭിഷേകിനെ കല്‍ക്കരി കേസിന്റെ പേരില്‍ താറടിക്കാനാണ് ബിജെപി ശ്രമമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. ലോക്സഭാ എംപിയും തൃണമൂലിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ അഭിഷേകിനെയും ബന്ധുക്കളെയും രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ ഭീഷണിപ്പെടുത്താന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നും ആരോപണമുണ്ട്.

PTI04_13_2021_000228A
അഭിഷേക് ബാനര്‍ജി (ഫയൽ ചിത്രം)

∙ ഒരുക്കം ദേശീയ നേതാവാകാൻ; നോട്ടിസുമായി ഇഡി

മമതയുടെ അനന്തരവനെന്ന വിശേഷണത്തില്‍നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് അഭിഷേക്. കിഴക്കന്‍ മെട്രോപൊളിറ്റന്‍ ബൈപാസിലെ പാര്‍ട്ടി ആസ്ഥാനത്തിനു പകരം, കൊല്‍ക്കത്തയുടെ ഹൃദയഭാഗത്തുള്ള കാമക് സ്ട്രീറ്റിലെ ഓഫിസിലിരുന്നാണ് അഭിഷേകിന്റെ പ്രവര്‍ത്തനം. തൃണമൂല്‍ കോണ്‍ഗ്രസില്‍ അഭിഷേകിന്റെ സ്വാധീനം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബറില്‍നിന്ന് രണ്ടാം തവണയും എംപിയായി തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ തൃണമൂലിന്റെ പ്രധാന തന്ത്രജ്ഞരില്‍ ഒരാളായി അദ്ദേഹം മാറി. 

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബംഗാളിലേക്ക് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചത് അഭിഷേകായിരുന്നു. പാര്‍ട്ടിയുടെ താര പ്രചാരകന്‍ കൂടിയാണ് അഭിഷേക്. അഭിഷേകിന്റെ റാലികള്‍ വന്‍ ജനാവലിയെ ആകര്‍ഷിക്കുന്നു. തൃണമൂലിന്റെ യുവജന സംഘടനയെ നയിക്കുന്നതും അഭിഷേകാണ്. 

PTI03_12_2021_000082B
രുചിര ബാനര്‍ജി (ഫയൽ ചിത്രം)

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനു പിന്നാലെ ബിജെപി ഉള്‍പ്പെടെ മറ്റു പാര്‍ട്ടികളില്‍നിന്ന് തൃണമൂലിലേക്ക് നേതാക്കളെ എത്തിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ബിജെപി നേതാവായിരുന്ന മുകുള്‍ റോയി, മുന്‍ കേന്ദ്രമന്ത്രിയും രണ്ടു തവണ ബിജെപി എംപിയുമായ ബാബുല്‍ സുപ്രിയോ എന്നിവരെ തൃണമൂലിലെത്തിക്കുന്നതിലും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുസ്മിത ദേവിനെ തൃണമൂലിലെത്തിച്ച് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതിലും നിര്‍ണായക പങ്കുണ്ടായിരുന്നു അഭിഷേകിന്. 

പാര്‍ട്ടിക്കുള്ളില്‍ നിരവധി സംഘടനാ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നതിലും അഭിഷേകിന്റെ പങ്ക് വലുതാണ്. സയോണി ഘോഷിനെ യൂത്ത് പ്രസിഡന്റായി നാമനിര്‍ദേശം ചെയ്യുന്നതിലും മുന്‍ സിപിഎം എംപി ഋതബ്രത ബാനര്‍ജിയെ തൃണമൂലിന്റെ തൊഴിലാളി വിഭാഗത്തിന്റെ തലപ്പത്ത് നിയമിക്കുന്നതിലും അഭിഷേകിന്റെ പങ്ക് നിര്‍ണായകമാണ്. കഴിഞ്ഞ മാസം പാര്‍ട്ടിയില്‍ ‘ഒരു വ്യക്തി, ഒരു പദവി’ നയം കൊണ്ടുവന്നതിന്റെ ഫലമായി നിരവധി മന്ത്രിമാര്‍ സംഘടനാ പദവികള്‍ ഉപേക്ഷിക്കുകയും ജില്ലാ തലത്തില്‍ പുതിയ നേതൃനിര ഉയര്‍ന്നുവരികയും ചെയ്തു. 

വരാനിരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ പ്രചാരണത്തിനു നേതൃത്വം നല്‍കുന്നത് അഭിഷേകാണ്. തൃണമൂലിനെ ദേശീയപാർട്ടി എന്ന നിലയിലേക്കു വളർത്തുകയും ദേശീയ നേതാവ് എന്ന തലത്തിലേക്കു വളരുകയുമാണ് അഭിഷേകിന്റെ ലക്ഷ്യമെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അതിനുള്ള ആദ്യ ചവിട്ടുപടിയെന്ന നിലയിൽ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെയാണ് കല്‍ക്കരി കേസില്‍ ഇടയ്ക്കിടെ സിബിഐയും ഇഡിയും നോട്ടിസും സമന്‍സുമായി അഭിഷേകിനെ വിളിപ്പിക്കുന്നത്.

PTI09_06_2021_000194A
അഭിഷേക് ബാനര്‍ജി (ഫയൽ ചിത്രം)

∙ കല്‍ക്കരി കുംഭകോണം

ബംഗാളിലെ കുനുസ്തോറിയ, കജോറ എന്നിവിടങ്ങളിലെ ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡ് (ഇസിഎല്‍) ഖനികളില്‍നിന്ന് വന്‍തോതില്‍ കല്‍ക്കരി അനധികൃതമായി കടത്തിയെന്നാണ് കേസ്. 2020 മേയ് മുതല്‍ ഇസിഎല്ലിന്റെ വിവിധ ഖനികളില്‍ വിജിലന്‍സും ഇസിഎല്ലിന്റെ ടാസ്‌ക് ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനകളില്‍ അനധികൃത ഖനനത്തിന്റെ തെളിവുകള്‍ കണ്ടെത്തി. കൂടാതെ, 2020 ഓഗസ്റ്റ് 7 ന് പാണ്ഡേശ്വര്‍ പ്രദേശത്തു നടന്ന പരിശോധനയില്‍ 9.050 മെട്രിക് ടണ്‍ മോഷ്ടിച്ച കല്‍ക്കരി കണ്ടെടുത്തു.

അഞ്ച് ഇസിഎല്‍ ഉദ്യോഗസ്ഥരടക്കം ആറു പേരെ പ്രതികളാക്കി 2020 നവംബര്‍ 27ന് സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തു. കുനുസ്തോറിയയിലെ അന്നത്തെ ജനറല്‍ മാനേജർ അമിത് കുമാര്‍ ധര്‍, കജോറയിലെ ജനറല്‍ മാനേജറായിരുന്ന ജയേഷ് ചന്ദ്ര റായ്, സുരക്ഷാ മേധാവി തന്മയ് ദാസ്, അസന്‍സോളിലെ ഏരിയ സെക്യൂരിറ്റി ഇന്‍സ്പെക്ടര്‍ ധനഞ്ജയ റായ്, കജോറ സെക്യൂരിറ്റി ഇന്‍ചാര്‍ജ് ദേബാഷിഷ് മുഖര്‍ജി എന്നിവരാണ് എഫ്ഐആറില്‍ പേരുള്ള ഇസിഎല്‍ ഉദ്യോഗസ്ഥര്‍. അനധികൃത ഖനനത്തിന്റെ പ്രധാന പ്രതി അനൂപ് മജീയാണെന്നും എഫ്ഐആറില്‍ പറയുന്നു.

PTI06_07_2021_000182B
അഭിഷേക് ബാനര്‍ജി (ഫയൽ ചിത്രം)

സിബിഐയുടെ എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍, ഇഡി അടുത്ത ദിവസം തന്നെ എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) റജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണം ആരംഭിക്കുകയും ചെയ്തു. സിബിഐയുടെ എഫ്ഐആറിലോ ഇഡിയുടെ ഇസിഐആറിലോ അഭിഷേക് ബാനര്‍ജിയുടെയോ ഭാര്യ രുചിരയുടെയോ പേര് പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട് അനൂപ് മജീ നല്‍കിയ കോഴപ്പണം അഭിഷേകിന്റെ കുടുംബത്തില്‍ എത്തിയിട്ടുണ്ടെന്നാണ് സിബിഐയുടെയും ഇഡിയുടെയും വിലയിരുത്തല്‍. അഭിഷേകിന്റെ ഭാര്യയും സഹോദരീ ഭര്‍ത്താവും ബിസിനസുകാരനായ വിനയ് മിശ്ര മുഖേന കോഴ വാങ്ങിയെന്നാണ് നിഗമനം. മാത്രമല്ല, നിയമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകളിലൊന്നുമായി രുചിര ബാനര്‍ജിക്കു ബന്ധമുണ്ടെന്നും സിബിഐ വ്യക്തമാക്കി. വിനയ് മിശ്ര തൃണമൂലിന്റെ യുവജന വിഭാഗം ജനറല്‍ സെക്രട്ടറിയായിരുന്നു. അഭിഷേകുമായി വിനയ് മിശ്രയ്ക്ക് നല്ല ബന്ധമുണ്ട്. കേസില്‍ അന്വേഷണം തുടങ്ങിയതിനു പിന്നാലെ വിനയ് മിശ്ര ഒളിവിലാണ്. 

അഭിഷേകിനു പുറമേ ഭാര്യ രുചിര ബാനര്‍ജി, സഹോദരി മനേക ഗംഭീര്‍, ഭര്‍ത്താവ് അങ്കുഷ് അറോറ, അങ്കുഷിന്റെ പിതാവ് പവന്‍ അറോറ എന്നിവരെയും സിബിഐ ചോദ്യം ചെയ്തു. സെപ്റ്റംബര്‍ ആദ്യം ഡല്‍ഹിയില്‍ അഭിഷേകിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അഭിഷേക് ബാനര്‍ജിയും ഭാര്യയും ഇഡി നല്‍കിയ സമന്‍സ് റദ്ദാക്കണമെന്നും ഇഡി കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചുന്നു. സമന്‍സില്‍ തങ്ങള്‍ സാക്ഷികളാണോ പ്രതികളാണോ എന്ന് വ്യക്തമാക്കുന്നില്ലെന്നും ഇസിഐആറിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും ഇരുവരും ആരോപിച്ചു. എന്നിരുന്നാലും ചോദ്യം ചെയ്യലിനെ നേരിടാന്‍ തയാറാണെന്നും വ്യക്തമാക്കി. എന്നാല്‍ കേസ് കൊല്‍ക്കത്തയില്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

PTI11_11_2019_000144B
അഭിഷേക് ബാനര്‍ജി (ഫയൽ ചിത്രം)

ഒക്ടോബര്‍ 12ന് നേരിട്ടു ഹാജരാകാനുള്ള പട്യാല ഹൗസ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് രുചിര ബാനര്‍ജി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമവിരുദ്ധ ഇടപാടില്‍ തനിക്ക് 10 പൈസയുടെയെങ്കിലും പങ്കാളിത്തമുണ്ടെന്ന് ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്കു തെളിയിക്കാനായാല്‍ തന്നെ പരസ്യമായി തൂക്കിക്കൊല്ലാമെന്ന് അഭിഷേക് സെപ്റ്റംബര്‍ 5 ന് വെല്ലുവിളിച്ചിരുന്നു. 

അതേസമയം, കല്‍ക്കരി കുംഭകോണവുമായി അഭിഷേക് ബാനര്‍ജിയുടെ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊല്‍ക്കത്ത പൊലീസ് നല്‍കിയ സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 14ന് ഇഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. അഭിഷേക് ബാനര്‍ജി ഏപ്രില്‍ മാസത്തില്‍ കാലിഘട്ട് പൊലീസ് സ്റ്റേഷനില്‍ ഒരു ടിവി ചാനലിനെതിരെ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജൂലൈ 22 നും ഓഗസ്റ്റ് 21നും കല്‍ക്കരി കുംഭകോണം അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ചതായി ഇഡി കോടതിയെ അറിയിച്ചു. ഈ കേസും കോടതിയുടെ പരിഗണനയിലാണ്.

മമതാ ബാനർജി (ഫയൽ ചിത്രം – Photo by Diptendu DUTTA / AFP)
മമതാ ബാനര്‍ജി (ഫയൽ ചിത്രം)

∙ രാഷ്ട്രീയ പകപോക്കലോ?

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഓഗസ്റ്റില്‍ ഇഡി അഭിഷേകിനു നോട്ടിസ് നല്‍കിയതിനു പിന്നാലെ ബിജെപിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിരുന്നു. രാഷ്ട്രീയ പകപോക്കലിനായി ബിജെപി സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച മമത ബിജെപി കല്‍ക്കരി മാഫിയയുമായി കൈകോര്‍ക്കുകയാണെന്നും ആരോപിച്ചു.

സ്വന്തം എംഎല്‍എമാരെയും എംപിമാരെയും ഇഡിയില്‍നിന്ന് സംരക്ഷിക്കാന്‍ ശ്രമിക്കണമെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് ഈയിടെ അഭിഷേകിനോട് ആവശ്യപ്പെട്ടിരുന്നു. 25 ഓളം ബിജെപി എംഎല്‍എമാര്‍ തൃണമൂലില്‍ ചേരാന്‍ സന്നദ്ധരാണെന്ന അഭിഷേകിന്റെ അവകാശവാദത്തിനു പിന്നാലെയായിരുന്നു, കല്‍ക്കരി കേസ് പരാമര്‍ശിച്ചുകൊണ്ടുള്ള ദിലിപ് ഘോഷിന്റെ പരാമര്‍ശം. ആരോപണങ്ങളും പ്രത്യാരോപണങ്ങളും തൊടുത്തു യുദ്ധം മുറുകുമ്പൊഴും കല്‍ക്കരി കേസില്‍നിന്ന് അഭിഷേകിനും ഭാര്യയ്ക്കും തലയൂരാനാകുമോയെന്നതാണ് ചോദ്യം.

English Summary: Coal theft case against Abhishek Banerjee and his wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com