ADVERTISEMENT

കോഴിക്കോട് ∙ വിദ്യാർഥി സമരങ്ങളിൽ കൈകളിലേന്തിയ ഇരു നിറമുള്ള കൊടികൾ പിടിച്ചുതന്നെ അവർ ഒരു കുടക്കീഴിലേക്ക്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.നിഹാലും എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റിയംഗം ഐഫ അബ്ദുറഹ്മാനും ഒരുമിക്കുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത വർഷമാണ് വിവാഹം.

കോഴിക്കോട് ലോ കോളജിലെ വിദ്യാർഥികളായിരുന്നു നിഹാലും ഐഫയും. നിഹാൽ അവസാന വർഷ എൽഎൽബി വിദ്യാർഥിയായിരുന്നപ്പോഴാണ് ഐഫ പഞ്ചവത്സര എൽഎൽബി ഒന്നാം വർഷ വിദ്യാർഥിയായി എത്തുന്നത്. എസ്എഫ്ഐയുടെ കോട്ടയായിരുന്ന ലോ കോളജിൽ, കെഎസ്‌യുവിന്റെ തീപ്പൊരി നേതാവായിരുന്നു നിഹാൽ.

Aifa-Nihal-3
ഐഫ അബ്ദുറഹ്മാനും വി.ടി.നിഹാലും

എസ്എഫ്ഐയിൽ ചേർന്ന ഐഫ കോളജ് യൂണിയൻ ജോയിന്റ് സെക്രട്ടറിയും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായി. നിഹാൽ കെഎസ്‌യു ജില്ലാ പ്രസിഡന്റും ഐഫ എസ്എഫ്ഐ വനിതാ വിഭാഗമായ മാതൃകത്തിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായി. ലോ കോളജിലെ സംഘടാനപ്രവർത്തകർ എന്ന നിലയിൽ പരിചയമുണ്ടായിരുന്നെങ്കിലും അതു പ്രണയമായി വളർന്നിരുന്നില്ലെന്ന് ഇരുവരും പറയുന്നു.

പഠനത്തിനു ശേഷം 2018ൽ നിഹാൽ ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 2021ൽ കോഴ്സ് പൂർത്തിയാക്കി 3 മാസം മുൻപ് ഐഫയും ജില്ലാ കോടതിയിൽ എത്തിയതോടെ പരിചയം വളർന്നു. ഐഫയുടെ ബന്ധുവഴിയാണ് വിവാഹ ആലോചന എത്തിയത്. രാഷ്ട്രീയം പ്രശ്നമാകുമോ എന്ന സംശയമുണ്ടായിരുന്നെങ്കിലും തുറന്നു സംസാരിച്ചപ്പോൾ അതൊരു തടസ്സമേയല്ലെന്നു തിരിച്ചറിഞ്ഞെന്നു നിഹാൽ പറയുന്നു. വിവാഹം കഴിഞ്ഞാലും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങളിൽ മാറ്റം വരുത്താനില്ലെന്നാണ് ഇരുവരുടെയും തീരുമാനം.

English Summary: SFI and KSU leaders getting married

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com