ADVERTISEMENT

തിരുവനന്തപുരം∙ നഗരസഭയിൽ കെട്ടിട –ഭൂനികുതി അടച്ച ഒരാൾക്കും പണം നഷ്ടപ്പെടില്ലെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.രാധാകൃഷ്ണൻ. തിരുവനന്തപുരം നഗരസഭയിലെ കെട്ടിട–ഭൂനികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് എം.വിൻസെന്റ് നൽകിയ അടിയന്തര പ്രമേയ നോട്ടിസിനു തദ്ദേശ മന്ത്രിക്കുവേണ്ടി മറുപടി പറയുകയായിരുന്നു കെ.രാധാകൃഷ്ണൻ.

പരാതി ലഭിച്ചിട്ടും മാസങ്ങളോളം അന്വേഷിച്ചില്ല എന്ന ആരോപണം തെറ്റാണ്. വിവരം ശ്രദ്ധയിൽപ്പെട്ട ഉടനെ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. 4 ജീവനക്കാരെ അറസ്റ്റു ചെയ്തു. 13പേരെ സസ്പെൻഡ് ചെയ്തു. അഴിമതിക്കാരെ സംരക്ഷിക്കാതെ കടുത്ത നടപടികളെടുക്കും. നികുതി അടച്ചവരുടെ കയ്യിൽ റസീപ്റ്റ് ഇല്ലെങ്കിലും ഓഫിസ് റജിസ്റ്ററിൽ പേരുവിവരങ്ങൾ കാണുമെന്നും അതിനാൽ പണം നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കു സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് എം.വിൻസെന്റ് പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കു മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാൻ സർക്കാർ അവസരം കൊടുത്തു. മുന്‍കൂർ ജാമ്യം ലഭിക്കാത്തതിനെത്തുടർന്നാണ് ജീവനക്കാർ കീഴടങ്ങിയത്, അല്ലാതെ പൊലീസ് അറസ്റ്റു ചെയ്തതല്ല. അഴിമതിയുടെ കാര്യത്തിൽ ഇരട്ടച്ചങ്കുള്ള സർക്കാരാണിതെന്നും വിൻസെന്റ് പറഞ്ഞു.

അഴിമതിയെക്കുറിച്ച് തദ്ദേശ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. സിപിഎം സംഘടനയിൽപ്പെട്ട തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary: Minister K Radhakrishnan on Tax fraud at TVM corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com