ADVERTISEMENT

തിരുവനന്തപുരം∙ മുതിർന്ന അർബുദ രോഗവിദഗ്ധൻ ഡോ.എം.കൃഷ്ണൻനായർ(81) അന്തരിച്ചു. തിരുവനന്തപുരം റീജനൽ ക്യാന്‍സർ സെന്ററിന്റെ (ആർസിസി) സ്ഥാപക ഡയറക്ടറാണ്. വെള്ളയമ്പലത്തെ വസതിയായ ഇലങ്കം ഗാർഡൻസിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കാൻസർ ഉപദേശക സമിതി അംഗമായിരുന്നു. ഭാര്യ:വൽസല, മകൾ മഞ്ചു (പരേത)

പേരൂർക്കടയിലെ ചിറ്റല്ലൂർ കുടുംബത്തിൽ മാധവൻ നായരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1939-ൽ ജനനം. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് 1963ൽ എംബിബിഎസ് പഠനം പൂർത്തിയാക്കി. ക്ലിനിക്കൽ ഓങ്കോളജിയിൽ എംഡി പൂർത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ റേഡിയോളജി വിഭാഗത്തിൽ ജോലിക്കു ചേർന്നു. ലണ്ടനിലെ വിദഗ്ധ പഠനത്തിനുശേഷം മടങ്ങിയെത്തി തിരുവനന്തപുരം മെഡിക്കൽ കോളജിൽ കാൻസർ ചികിൽസയ്ക്കുള്ള ചെറിയവിഭാഗം രൂപീകരിച്ചു. 1981 മുതൽ 2003 വരെ ആർസിസി ഡയറക്ടറായിരുന്നു. പിന്നീട് ആർസിസിയുടെ രൂപീകരണത്തിൽ പങ്കാളിയായി. ‘ഞാനും ആർസിസിയും’ എന്നപേരിൽ ക്യാന്‍സർ ചികില്‍സാ രംഗത്തെ അനുഭവങ്ങൾ പുസ്തകമായി എഴുതി.

m-krishnan-nair-cremation
തിരുവനന്തപുരം റീജനൽ കാൻസർ സെൻറർ സ്ഥാപക ഡയറക്ടർ ആയിരുന്ന എം കൃഷ്ണൻ നായരുടെ സംസ്കാരചടങ്ങിൽ കേരള പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു. ചിത്രം – മനോജ് ചേമഞ്ചേരി ∙ മനോരമ

1981-ൽ ആർസിസിയിൽ ഡോ. കൃഷ്‌ണൻ നായരുടെ പരിശ്രമ ഫലമായി ഇന്ത്യയിലാദ്യമായി കുട്ടികൾക്കായുള്ള കാൻസർ ചികിത്സാ വിഭാഗം തുടങ്ങി. നിർധനരായ കുട്ടികൾക്ക് മരുന്നുകളും മറ്റു സൗജന്യമായി നൽകുകയും ചെയ്‌തു. കാൻസർ നിയന്ത്രണത്തിനായുളള പൊതുജന ബോധവൽക്കരണ പരിപാടികൾ ഏകോപിപ്പിച്ച് ഇന്ത്യയിൽ ആദ്യമായി 1985-ൽ ഒരു കമ്യൂണിറ്റി ആൻഡ് പ്രിവന്റീവ് ഓങ്കോളജി ഡിപ്പാർട്ട്‌മെന്റ് ആർസിസിയിൽ ആരംഭിച്ചു. 

കാൻസർ നിയന്ത്രണവുമായി ബന്ധപ്പെട്ട ദേശീയ, സംസ്‌ഥാന തലത്തിലുളള നിരവധി സംഘടനകളിൽ അംഗമായ ഇദ്ദേഹത്തിന് ആശുപത്രി നാഥ്വാഹി കാൻസർ അവാർഡ്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ വിമല ഷാ അവാർഡ്, 1993 ലെ ഭീഷ്‌മാചാര്യ അവാർഡ്, ധന്വന്തരി ട്രസ്‌റ്റിന്റെ ചികിൽസാരത്നം അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. നിരവധി ദേശീയ, രാജ്യാന്തര സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുളള ഇദ്ദേഹം 75-ലേറെ ഗവേഷണപദ്ധതികൾ രൂപപ്പെടുത്തുകയും 150 ഓളം ശാസ്‌ത്രപ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

English Summary : Dr.M.Krishnan Nair, the leading oncologist and founding director of the Regional Cancer Centre, Thiruvananthapuram, passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com