ADVERTISEMENT

കോട്ടയം ∙ ഓർത്തഡോക്സ് യാക്കോബായ തർക്കമുണ്ടാകുന്ന പള്ളികളിൽ ഹിതപരിശോധന നടത്തണമെന്ന് നിയമ പരിഷ്കരണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് കെ.ടി. തോമസ്. തര്‍ക്കമുണ്ടാകുന്ന പള്ളികളിൽ റഫറണ്ടം നടത്തണമെന്ന നിർദേശമടങ്ങിയ റിപ്പോർട്ടാണ് സർക്കാരിന് കൈമാറിയതെന്നു ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. സുപ്രീം കോടതി വിധിക്കു ശേഷം ശാശ്വതമായ സമാധാനം ഉണ്ടാകാത്തതിനാലാണു നിയമ നിർമാണം വേണ്ടി വരുന്നത്. നിയമം സർക്കാർ നടപ്പാക്കിയാൽ സംഘർഷങ്ങൾ ഇല്ലാതാകും. 

തർക്കമുണ്ടാകുന്ന പള്ളിയിലെ അംഗങ്ങളിൽ പ്രായപൂർത്തിയായവർക്ക് വോട്ടവകാശം നൽകി അതിലൂടെ പള്ളിയുടെ ഉടമവസ്ഥാവകാശം തീരുമാനിക്കുന്ന രീതിയാണു റിപ്പോര്‍ട്ടിൽ നിർദേശിച്ചത്. സർക്കാർ നിയമം നടപ്പാക്കുമെന്നു കരുതുന്നു. മുൻ മാതൃകകളില്ലാതെ വളരെ ശ്രമകരമായാണു റിപ്പോർട്ട് തയാറാക്കിയത്. സുപ്രിം കോടതി വിധിയുടെ ലംഘനമല്ല നിയമം. വിധി ശാശ്വത സമാധാനം കൊണ്ടുവന്നില്ല. സുപ്രിം കോടതി വിധി തെറ്റ് എന്നല്ല പൂർണമാകണം എന്നാണ് അഭിപ്രായം. ഇന്ത്യൻ ജുഡീഷ്യൽ സിസ്റ്റത്തിൽ പുനഃപരിശോധന എപ്പോഴുമുണ്ട്. മാറ്റങ്ങൾ അനുസരിച്ച് വിധികളിലും മാറ്റങ്ങൾ ഉണ്ടാകും. ഭരണഘടനാ ലംഘനം ഉണ്ടോയെന്നു പരിശോധിക്കേണ്ടതു കോടതികളുടെ കടമയാണ്. 

ഒത്തുതീർപ്പു ചർച്ചകളുമായി നിയമത്തിനു ബന്ധമില്ല. ബിൽ നിയമ മന്ത്രിക്കു കൈമാറി. സെമിത്തേരി ബിൽ സർക്കാർ നടപ്പാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ശാശ്വതമായ ഒരു പരിഹാരം സെമിത്തേരി ബിൽ വഴി ഉണ്ടായി. തർക്കമുണ്ടെങ്കിൽ മാത്രം റഫറണ്ടം അടക്കമുള്ള നിയമ നടപടികളിലേക്ക് കടന്നാൽ മതി. അല്ലെങ്കിൽ നിലവിലുള്ള സംവിധാനം തുടരാമെന്നും അദ്ദേഹം പറഞ്ഞു. 

ചർച്ച് ആക്ട് സംബന്ധിച്ച റിപ്പോർട്ടും സർക്കാരിന് കൈമാറിയിട്ടുണ്ട്. എല്ലാ സമുദായങ്ങൾക്കും ഭരണഘടന അടിസ്ഥാനത്തില്‍ ഇന്ത്യയിൽ നിയമങ്ങളുണ്ട്. ക്രിസ്ത്യൻ സമുദായത്തിനു മാത്രമില്ല. പള്ളിയുടെയും സഭയുടെയും വസ്തുവകകളും സമ്പത്തും സുതാര്യവും ഉത്തരവാദിത്തമുള്ളതുമാകണം എന്നതാണ് ചർച്ച് ആക്ടിന്റെ കാതൽ. അത് ഒരു സഭയ്ക്കും എതിരല്ല. വിമർശനങ്ങൾ ചർച്ച് ആക്ട് വായിക്കാതെയുണ്ടാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

English Summary : Justice KT Thomas on Orthodox- Jacobite church row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com