ADVERTISEMENT

കോട്ടയം ∙ ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ ഇടവകാംഗങ്ങളിലെ ഭൂരിപക്ഷ തീരുമാനമനുസരിച്ചു പള്ളികളിന്മേലുള്ള അവകാശം തീരുമാനിക്കാൻ നിയമനിർമാണം നടത്തണമെന്ന നിയമപരിഷ്കരണ കമ്മിഷന്റെ ശുപാർശ തള്ളി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഹിതപരിശോധനയ്ക്കുള്ള ശുപാർശ അംഗീകരിക്കില്ലെന്നും കോടതി വിധിയെ മറികടക്കുന്ന നിയമനിർമാണം അംഗീകരിക്കാനാവില്ലെന്നും പരിശുദ്ധ കാതോലിക്കാ ബാവാ വ്യക്തമാക്കി.

സുപ്രീംകോടതി വിധിയെ ലംഘിച്ചുള്ള നിയമനിർമാണത്തിന് സാധുതയില്ല. സഹിഷ്ണതയുടെ പേരിൽ വിട്ടുവീഴ്ചയ്ക്കില്ല. വിട്ടുവീഴ്ച ചെയ്താൽ നീതി നിഷേധിക്കപ്പെടും. സമവായമല്ല സമാധാനം വേണമെന്നാണ് സുപ്രീംകോടതി നിർദേശം. സുപ്രീംകോടതി വിധി നടപ്പാക്കാൻ ആർജവമുള്ള സർക്കാരാണ് ഭരിക്കുന്നതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

പള്ളികളുടെയും സ്വത്തുക്കളുടെയും അവകാശം തീരുമാനിക്കാൻ പ്രായപൂർത്തിയായ ഇടവകാംഗങ്ങൾക്കിടയിൽ ഹിതപരിശോധന നടത്താനാണു ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷന്റെ ശുപാർശ. ഇതിനായി സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജി അധ്യക്ഷനായ അതോറിറ്റിയെ നിയോഗിക്കണമെന്നാണ് ശുപാർശ. ‘ദ് കേരള പ്രൊട്ടക്‌ഷൻ ഓഫ് റൈറ്റ്, ടൈറ്റിൽ, ആൻഡ് ഇന്ററസ്റ്റ് ഓഫ് പാരിഷ് ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് റൈറ്റ് ഓഫ് വർഷിപ് ഓഫ് ദ് മെംബേഴ്സ് മലങ്കര ചർച്ച് ബിൽ 2020’എന്നാണു ബില്ലിന്റെ പേര്.

ശുപാർശ കഴിഞ്ഞ ദിവസം കമ്മിഷൻ വൈസ് ചെയർമാൻ കെ.ശശിധരൻ നായർ നിയമമന്ത്രി പി.രാജീവിനു സമർപ്പിച്ചു. നിയമനിർമാണം നടത്തണമോ എന്ന കാര്യം നിയമവകുപ്പിന്റെ പരിശോധനയ്ക്കു ശേഷം സർക്കാർ തീരുമാനിക്കും.

നിയമപരിഷ്കരണ കമ്മിഷന്റെ നിഗമനങ്ങൾ ഇവയാണ്:

∙ 1934 ലെ ഭരണഘടന ഒരു റജിസ്റ്റേഡ് രേഖ അല്ലാത്തതിനാൽ ഇപ്പോഴോ ഭാവിയിലോ അതിന്റെ അടിസ്ഥാനത്തിൽ ആസ്തി–ബാധ്യതകളുടെ അവകാശം ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യില്ല.

∙ സഭയുടെ തനതു സ്വത്തുക്കൾ ഒഴികെ പള്ളികൾ ഉൾപ്പെടെ മറ്റു സ്വത്തുക്കളുടെ ഉടമസ്ഥാവകാശം വിശ്വാസികൾക്കാണ്. ഹിതപരിശോധനയുടെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം തെളിയിച്ച് അവകാശം ഉറപ്പിച്ചാൽ, ആ വിഭാഗത്തെ കോടതിവിധി എന്തായാലും പള്ളികളിൽ നിന്ന് ഒഴിവാക്കാനോ ആരാധന നിഷേധിക്കാനോ പാടില്ല. ന്യൂനപക്ഷം എന്നു തെളിയുന്ന വിഭാഗത്തിനു തുടരുകയോ മറ്റു പള്ളികളിൽ ചേരുകയോ ചെയ്യാം.

∙ പള്ളികളെയും ആരാധനയെയും സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം ഉണ്ടാകുന്ന പക്ഷം ആ ഇടവകയിൽ ഭൂരിപക്ഷം ആർക്കെന്നു നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ മജിസ്ട്രേട്ടിനു നിവേദനം നൽകാം. മജിസ്ട്രേട്ട് അന്വേഷണം നടത്തി ഇത് അതോറിറ്റിക്കു കൈമാറണം.

അതോറിറ്റി സർക്കാർ രൂപീകരിക്കണം. അധ്യക്ഷനു പുറമേ ഇരുവിഭാഗങ്ങളും നാമനിർദേശം ചെയ്യുന്ന 2 പ്രതിനിധികളും ഉണ്ടാകണം. നിശ്ചിത സമയത്തിനകം പ്രതിനിധികളെ തീരുമാനിച്ചില്ലെങ്കിൽ സർക്കാരിനു നിയമിക്കാം. ഡോ. എൻ.കെ.ജയകുമാർ, ലിസമ്മ ജോർജ്, കെ.ജോർജ് ഉമ്മൻ എന്നിവരാണു കമ്മിഷനിലെ മറ്റ് അംഗങ്ങൾ.

English Summary: Baselios Marthoma Mathews III rejects recommendation for opinion poll to decide madate in churches under dispute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com