ADVERTISEMENT

കോഴിക്കോട് ∙ വനം വകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗം വഴി 12 വർഷത്തിനിടെ സംസ്ഥാനത്ത് 80.49 കോടി രൂപ മുടക്കി 6.41 കോടി വൃക്ഷത്തൈകൾ വിതരണം ചെയ്തതായാണ് കണക്കെങ്കിലും ഇതുസംബന്ധിച്ച് ക്രോഡീകരിച്ച വിവരങ്ങൾ വനം ആസ്ഥാനത്ത് ലഭ്യമല്ല. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും അതത് ജില്ലകളിൽനിന്ന് ലഭ്യമാക്കുമെന്നും ക്രോഡീകരിച്ച വിവരങ്ങൾ ആസ്ഥാനത്ത് ലഭ്യമല്ലെന്നുമാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗം അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഓഫിസിൽനിന്നു നൽകിയ മറുപടി.

ഇതുപ്രകാരം 12 ജില്ലകൾ മറുപടി നൽകിയെങ്കിലും മലപ്പുറം, കോട്ടയം സോഷ്യൽ ഫോറസ്ട്രി വിഭാഗം അതിനും തയാറായില്ല. വനം ആസ്ഥാനത്തുനിന്ന് നിർദേശമുണ്ടായിട്ടും ഈ ജില്ലകളിലെ ഉദ്യോഗസ്ഥർ വിവരാവകാശ നിയമത്തോട് മുഖം തിരിച്ചുനിന്നു. മറുപടി തയാറാക്കുന്നത് ഓഫിസ് പ്രവർത്തനത്തെ ബാധിക്കുമെന്നും മുൻകൂട്ടി അറിയിച്ച്, തിരിച്ചറിയൽ രേഖകളുമായി എത്തി നേരിട്ട് പരിശോധിക്കാനുമാണ് കോട്ടയം, മലപ്പുറം പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാരായ എം.മനോജ് കുമാറും ടി.സി.മനോജും നൽകിയ മറുപടി.

ഫണ്ട് നൽകുന്നതും മറ്റും കേന്ദ്രീകൃത സംവിധാനത്തിലൂടെയാണെങ്കിലും ഫീൽഡിൽനിന്നുള്ള അടിസ്ഥാന വിവരങ്ങൾ വനം ആസ്ഥാനത്ത് ക്രോഡീകരിക്കാത്തത് വലിയ പോരായ്മയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹരിത കേരളം പദ്ധതിയിൽ 2009 മുതലാണ് വനം വകുപ്പ് വൃക്ഷത്തൈകൾ ഉൽപാദിപ്പിച്ച് വിവിധ സംഘടനകൾ വഴി നട്ടുപിടിപ്പിക്കാനായി നൽകാൻ തുടങ്ങിയത്. കോട്ടയം, മലപ്പുറം ജില്ലകളിലെ കണക്ക് ഒഴികെ 6.41 കോടി വൃക്ഷത്തൈകൾ നടാനായി നൽകിയിട്ടുണ്ട്. 80.49 കോടി രൂപയും ചെലവഴിച്ചു. ഈ ജില്ലകളിലെ കൂടി ശരാശരി കണക്കാക്കിയാൽ തൈ എണ്ണം 7.5 കോടിയിലും തുക 90 കോടിയിലും എത്തും.

സൗജന്യത്തൈകൾ കൊണ്ടു പോകുന്നവർ കൃത്യമായി നടുന്നുണ്ടോ, പരിപാലിക്കുന്നുണ്ടോ എന്നതിൽ ഗൗരവ പഠനങ്ങളൊന്നും നടന്നില്ല. 20 കോളജുകളുമായി സഹകരിച്ച് പഠനം നടത്താൻ വനം വകുപ്പ് ശ്രമിച്ചപ്പോൾ  കണക്കുകൾ ലഭ്യമായത് 2016–18 വർഷങ്ങളിലേതു മാത്രമാണ്. നാലു പേജ് മാത്രമുള്ള ഈ പഠന റിപ്പോർട്ട് ശാസ്ത്രീയമല്ലെന്ന് വനം വകുപ്പിലെ ഉന്നതർതന്നെ സമ്മതിക്കുന്നുണ്ട്. 2016–17 ൽ ശരാശരി വളർച്ച 55.24%, 2017–18 ൽ 62.53% ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. തൈകളുടെ പകുതിയോളം പാഴാവുന്നെന്നു ചുരുക്കം.

വനം വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന തൈ വിതരണം ഫലപ്രദമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് തൈ ഉൽപാദനവും പരിപാലനവും തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിക്കുന്നത്. ഹരിത കേരളം പദ്ധതിയിൽ ഫലപ്രദമായ മേൽനോട്ടം ഇല്ലാത്തതിനെതിരെ രൂക്ഷമായ വിമർശനമാണ് വനം വകുപ്പിനുള്ളിൽ ഉയരുന്നത്. അവലോകനത്തിന് മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചിട്ടും ഫീൽഡിൽനിന്ന് കൃത്യതയില്ലാത്തതും പിഴവേറിയതുമായ കണക്കുകളാണ് തയാറാക്കി നൽകിയതെന്ന് വനം മേധാവി യോഗത്തിൽ വിമർശിച്ചിരുന്നു.

ജില്ല, ഉൽപാദിപ്പിച്ച തൈകൾ, ചെലവഴിച്ച തുക എന്ന ക്രമത്തിൽ

തിരുവനന്തപുരം: 80.74 ലക്ഷം, 8.77 കോടി.
കൊല്ലം: 53.59 ലക്ഷം, 7.37 കോടി
പത്തനംതിട്ട: 55.28 ലക്ഷം, 8.23 കോടി.
ആലപ്പുഴ: 98.34 ലക്ഷം, 13.15 കോടി.
ഇടുക്കി: 43.06 ലക്ഷം, 5.86 കോടി.
എറണാകുളം: 48.45 ലക്ഷം, 5.33 കോടി.
മംഗളവനം: 6.88 ലക്ഷം, 59.38 ലക്ഷം
തൃശൂർ: 56.93 ലക്ഷം, 6.16 കോടി.
പാലക്കാട്: 52.88 ലക്ഷം, 7.50 കോടി.
കോഴിക്കോട്: 55.37 ലക്ഷം, 5.34 കോടി.
കണ്ണൂർ: 29.75 ലക്ഷം, 3.26 കോടി.
വയനാട്: 32.48 ലക്ഷം, 4.70 കോടി.
കാസർകോട്: 27.33 ലക്ഷം, 4.18 കോടി.

Content Highlight: Forest Department tree plantation project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com