‘ഡിജിറ്റൽ ഇന്ത്യ’; നേര്ച്ചയിടാന് കാളയുടെ തലയില്‍ ക്യുആര്‍ കോഡ്– വിഡിയോ

Mail This Article
മുംബൈ∙ ഡിജിറ്റല്‍ പണമിടപാടുകള്‍ ഇന്നു വിരളമല്ല. നിരവധി ആളുകൾ ഓൺലൈൻ ആപ്പുകൾ ഉപയോഗിച്ചു പണം കൈമാറുന്നുണ്ട്. എന്നാല്‍ മെട്രോ നഗരങ്ങളിലും മറ്റു പട്ടണങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇത്തരം ഓൺലൈൻ ആപ്പുകളുടെ ഉപയോഗമെന്നു കാണിച്ചു തരുന്ന ഒരു വിഡിയോ ഇപ്പോള്‍ സൈബർ ലോകത്തു വൈറലാണ്. മഹീന്ദ്ര ഗ്രൂപ്പ് ചെയർപഴ്സൻ ആനന്ദ് മഹീന്ദ്രയും ഈ വിഡിയോ പങ്കുവച്ചിരുന്നു.
നാദസ്വരം വായിക്കുന്ന ഒരു കലാകാരനും ഒരു കാളയുമാണ് വിഡിയോയില്‍. കാളയുടെ കൊമ്പുകളിലും കുളമ്പുകളിലും പൂക്കള്‍ കെട്ടി, പട്ടുകളും തുണികളും കൊണ്ടു കാളയെ വര്‍ണാഭമായി അലങ്കരിച്ചിട്ടുണ്ട്. കൗതുകം എന്തെന്നാല്‍ ഇതിനൊപ്പം കാളയുടെ തലയില്‍ പുതിയ ഒരു ‘ആഭരണം’ കൂടിയുണ്ടായിരുന്നു. ഒരു യുപിഐ സ്കാനിങ് കോഡ്. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നടത്തിവരുന്ന ‘ഗംഗിരെദ്ദു’ എന്ന ആചാരമാണു വിഡിയോയില്‍ കാണുന്നത്.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തുടങ്ങിയ ആചാരമനുസരിച്ച് ഒരു പ്രത്യേക ഗോത്രവര്‍ഗത്തില്‍നിന്നുള്ള പുരുഷന്മാര്‍ അലങ്കരിച്ച കാളകള്‍ക്കൊപ്പം വീടുകളിലെത്തി പാട്ടും മറ്റു വിദ്യകളും ചെയ്ത് കാണികളെ രസിപ്പിക്കുകയാണ് ചെയ്യുന്നത്. കാളയുടെ അനുഗ്രഹം സ്വീകരിച്ച് പണമോ മറ്റ് വസ്തുക്കളോ ദാനം ചെയ്താല്‍ ഭാഗ്യം വന്നുചേരുമെന്നാണു വിശ്വാസം. പണമിടപാട് ഓണ്‍ലൈനായതോടെ നേര്‍ച്ചയുടെ രീതിയും മാറുകയാണ്. കാളയുടെ തലയിലെ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്തു കാണികള്‍ക്കു നേര്‍ച്ചയിടാം. ദസറ, ദീപാവലി തുടങ്ങിയ ഉത്സവകാലങ്ങളില്‍ ഗംഗിരെദ്ദു നടത്താറുണ്ട്.
വിഡിയോയില്‍ കലാകാരന്‍ നാദസ്വരം വായിച്ച് തുടങ്ങുമ്പോള്‍ കാളയുടെ തലയിലെ കോഡ് സ്കാന്‍ ചെയ്ത് ഒരാള്‍ പണമടയ്ക്കുന്നതു കാണാം. ‘ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകളിലേക്ക് വലിയ തോതില്‍ പരിവർത്തനം നടക്കുന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകൾ വേണോ?’ എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
English Summary: Anand Mahindra's evidence of conversion to digital payments in India