ADVERTISEMENT

മെൽബൺ∙ തേങ്ങ അരച്ച ചെമ്മീൻ മാങ്ങാക്കറി, വറുത്തരച്ച ചെമ്മീൻ കറി തുടങ്ങി മലയാളികളുടെ ഇഷ്ട വിഭവങ്ങൾ വ്യത്യസ്ത രീതിയിൽ പരീക്ഷിക്കുകയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. കേരളത്തിൽ എത്തി ഇതൊന്നും കഴിച്ചിട്ടില്ലെങ്കിലും കേരള രുചികൾ അറിഞ്ഞതോടെ പ്രധാനമന്ത്രി ഇതെല്ലാം പരീക്ഷിക്കുന്നതു സ്വന്തം അടുക്കളയിൽ. ദീപാവലിയ്ക്കു വീട്ടിലെത്തിയ അതിഥികളെ കേരളീയ രീതിയിൽ തയാറാക്കിയ തേങ്ങാ അരച്ച ചെമ്മീൻ കറി ഉണ്ടാക്കി 'ഡിന്നർ നൈറ്റ്' ഒരുക്കിയാണു സ്വീകരിച്ചത്. തേങ്ങാ ചിക്കൻ കറിയും വഴുതനങ്ങ സാഗ് കറിയും അതിഥികൾക്കായി ഒരുക്കിയിരുന്നു. മോറിസൺ തന്നെയാണു പാചകത്തിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്തത്.

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിനു വിഡിയോ സന്ദേശത്തിലൂടെ സ്‌കോട്ട് മോറിസൺ ദീപാവലി ആശംസകൾ നേർന്നിരുന്നു. ഇരുട്ടിനു മേൽ വെളിച്ചം വിജയം കൈവരിക്കുന്നതിന്റെ ആഘോഷമായ ദീപാവലി, ഇരുൾ നിറഞ്ഞ ജീവിതങ്ങളിൽ വെളിച്ചം പകരട്ടെ എന്നാശംസിച്ചുകൊണ്ടാണു പ്രധാനമന്ത്രി ദീപാവലി സന്ദേശം നൽകിയത്. ഹിന്ദിയിലാണ് ആശംസകൾ നേർന്നത്.

കേരള വിഭവം സ്വയം പാചകം ചെയ്തതിന്റെ ചിത്രം മോറിസൺ ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്തതോടെ നിരവധി മലയാളികളാണു പ്രധാനമന്ത്രിക്കു കമന്റിലൂടെ നന്ദി അറിയിച്ചത്. അടുത്ത ഇന്ത്യാ സന്ദർശനത്തിൽ കേരളം സന്ദർശിക്കണമെന്നും, കേരളത്തിന്റെ മറ്റു വിഭവങ്ങളും പരീക്ഷിക്കണമെന്നും കമന്റുകൾ നിറഞ്ഞു.

പാചകത്തോടു താൽപര്യം പുലർത്തുന്ന മോറിസൺ, വിവിധ ഇന്ത്യൻ വിഭവങ്ങൾ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിഭവങ്ങൾ സ്വയം പാചകം ചെയ്ത്, കുടുംബത്തിന് വിളമ്പുന്നതിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇന്ത്യൻ, ഓസ്‌ട്രേലിയൻ നേതാക്കൾ തമ്മിലുള്ള വെർച്വൽ ഉച്ചകോടിക്കു മുൻപ് സ്‌കോട്ട് മോറിസൺ സമൂസ ഉണ്ടാക്കുന്ന ചിത്രം വൈറലായിരുന്നു. 'സ്‌കോമോസ' എന്ന് പേരിട്ടാണ് അന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്. മുൻപ്, പ്രധാനമന്ത്രി ‘രാജസ്ഥാനിൽ നിന്നുള്ള ലാം റാപ്‌സോഡി’ എന്ന അപൂർവ ഇന്ത്യൻ വിഭവവും പാകം ചെയ്തിട്ടുണ്ട്.

പാചകം ചെയ്യുമ്പോൾ കേൾക്കുന്ന ഇന്ത്യൻ പാട്ടുകളുടെ പ്ലേലിസ്റ്റ് അദ്ദേഹം പങ്കുവെച്ചിരുന്നു. ഈ പ്ലേലിസ്റ്റിൽ റാപ്പർ ബാദ്ഷാ മുതൽ അരിജിത് സിംഗ് വരെയുള്ളവരുടെ ഗാനങ്ങൾ ഉൾപ്പെടുന്നു. ഇതാദ്യമായാണ് ഒരു കേരളീയ വിഭവം സ്വയം പാചകം ചെയ്യുന്നതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുന്നത്. യൂട്യുബിലൂടെയും സുഹൃത്തുക്കൾ വഴിയുമാണ് പ്രധാനമന്ത്രി പാചക റസിപ്പികൾ മനസ്സിലാക്കി അടുക്കളയിൽ പരീക്ഷണം നടത്തുന്നത്.

English Summary : Scott Morrison's Kerala style food cooking post celebrating the Indian festival of Diwali 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com