ADVERTISEMENT

തെന്മല (കൊല്ലം)∙ കല്ലടയാറ്റിൽ മുങ്ങിമരിച്ച യുവാക്കളുടെ സംസ്കാരം നടത്തി. കരുനാഗപ്പള്ളി കോഴിക്കോട് പുതുക്കാട്ട് വടക്കതില്‍ അന്‍സില്‍(26), കുലശേഖരപുരം പുന്നക്കുളം പുത്തന്‍ വീട്ടില്‍ കിഴക്കതില്‍ അല്‍ത്താഫ്(23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ന് തെന്മല പരപ്പാർ അണക്കെട്ടിനു താഴെയുള്ള കുളിക്കടവിലായിരുന്നു അപകടം. അൽത്താഫിന്റെ സഹോദരി ഭർത്താവാണ് അൻസിൽ. അൻസിലിന്റെ വിവാഹം കഴിഞ്ഞമാസം 18നായിരുന്നു.

രണ്ട് കാറുകളിലായി 11 അംഗസംഘം തമിഴ്നാട്ടിലെ രാമേശ്വരം, ഏര്‍വാടി പള്ളി എന്നിവിടങ്ങള്‍ സന്ദർശിച്ച ശേഷം തെന്മല വഴി കരുനാഗപ്പള്ളിയ്ക്ക് പോകുകയായിരുന്നു. രാവിലെ തെന്മലയില്‍ എത്തിയ ഇവർ കല്ലടയാറ്റിലെ കുളിക്കടവിൽ കുളിക്കാനിറങ്ങി. അൻസിൽ, അല്‍ത്താഫ്, അൽത്താഫിന്റെ പിതാവ് അൻസർ എന്നിവരാണ് കുളിക്കാൻ ഇറങ്ങിയത്. അൻസർ നേരത്തെ കുളിച്ചുകയറി. മറ്റ് രണ്ടുപേരും സോപ്പ് തേച്ചു നിൽക്കവെ കാല്‍വഴുതി ആഴത്തിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ അൻസറും കൂടെയുണ്ടായിരുന്നവരും രക്ഷിക്കാന്‍ ശ്രമിക്കുകയും തുണി എറിഞ്ഞു നൽകുകയും ചെയ്തെങ്കിലും ഫലംകണ്ടില്ല.

ഇവരുടെ നിലവിളി കേട്ട് സമീപവാസികളും ആറിനു മറുകരയിലുള്ളവരും എത്തി തിരച്ചിൽ നടത്തി. ഏകദേശം 10 മിനിറ്റിനു ശേഷമാണ് ഇരുവരേയും കരയ്ക്ക് എത്തിച്ചത്. തുടർന്ന് തെന്മല എസ്ഐ ഡി.ജെ. ഷാലുവിന്റെ നേതൃത്വത്തിൽ പ്രാഥമിക ശുശ്രൂഷ നൽകുകയും പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. 

പോസ്റ്റ്മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹം വൈകിട്ട് 4 മണിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. ഹമീദ്കുഞ്ഞ് – സജീല ദമ്പതികളുടെ മകനാണ് അന്‍സില്‍. ഭാര്യ: അല്‍ഫിയ. സഹോദരങ്ങള്‍: അസ്‍ലാം, ആദില.

അന്‍സര്‍ – ജാസ്മിയ ദമ്പതികളുടെ മകനാണ് അല്‍ത്താഫ്. സഹോദരങ്ങള്‍: അല്‍ഫിയ, ആഫിയ. അന്‍സിലിന്റെ മൃതദേഹം കോഴിക്കോട്  ജമാഅത്ത്പള്ളിയിലും, അല്‍ത്താഫിന്റെ മൃതദേഹം പുത്തന്‍തെരുവ് ജമാഅത്ത്പള്ളിയിലും കബറടക്കി.

കാഴ്ചയിൽ ശാന്തം; അടിയൊഴുക്ക് ശക്തം

kallada-1
ലുക്ക് ഔട്ട്‌ തടയണയ്ക്കു സമീപത്തെ കുളിക്കടവിലേക്കുള്ള വഴി. ഇതിനു സമീപം കെഐപിയുടെ നദിയിലേക്ക് ഇറങ്ങരുതെന്നുള്ള ബോർഡും കാണാം.

പുറമെ കല്ലടയാര്‍ കാഴ്ചയിൽ ശാന്തമാണെങ്കിലും ശ‌‌‌ക്തമായ അടിയൊഴുക്കാണ് വില്ലനാകുന്നത്. പരപ്പാർ അണക്കെട്ടിന്റെ 3 ഷട്ടറുകളും 30 സെന്റിമീറ്റർ വീതം ഉയർത്തിയതിനാൽ കല്ലടയാറ്റിലെ ജലനിരപ്പിനൊപ്പം ഒഴുക്കും കൂടുതലാണ്. കുളിക്കടവിന്റെ കൈവരികളെല്ലാം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് പരിസരവാസികൾ മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും പലരും ശ്രദ്ധിക്കാറില്ല. കല്ലടയാറ്റിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തിന് കാരണവും ഇതുതന്നെയാണ്. പടിക്കെട്ടിൽ നിന്നും സുരക്ഷിതമായി കുളിക്കാമെന്ന ധാരണയിൽ ഇറങ്ങുന്നത് ആഴത്തിലേക്കാണെന്ന് ആരും അറിയില്ല. അടിയൊഴിക്കില്‍പ്പെട്ടാൽ നീന്തൽ വശമില്ലെങ്കിലും കരകയറാൻ നന്നേ പ്രയാസപ്പെടും.

കുളിക്കടവുകളിൽ സുരക്ഷയില്ല

വെള്ളം ഉയരുമ്പോഴും കുളിക്കടവിലെ കുളിക്ക് നിരോധനം ഏർപ്പെടുത്തിയില്ല. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ട മാർഗ നിർദശം നൽകാനും ആളില്ല. അപായ സൂചന നൽകുന്ന ബോർഡുകളും സ്ഥാപിച്ചിട്ടില്ല. തെന്മല ഇക്കോടൂറിസമാണ് കുളിക്കടവിന്റെ മേൽനോട്ടം. ഇക്കോടൂറിസത്തിന്റെ തുക ഉപയോഗിച്ചാണ് കുളിക്കടവ് പണിതത്.

കെഐപി കുളിക്കടവ് പണിത് ഇക്കോടൂറിസത്തിന് കൈമാറിയപ്പോൾത്തന്നെ അപകടം ഒഴിവാക്കാനുള്ള മുന്‍കരുതൽ എടുക്കണമെന്ന് ഇക്കോടൂറിസത്തിന് നിർദേശം നൽകിയിരുന്നതാണ്. തെന്മലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ടൂറിസം നടത്തുന്ന സെന്ററുകൾ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ശക്തമാണ്.

kalladayar-death
അൻസിൽ, അൽത്താഫ്

എതിർത്തിട്ടും ലുക്കൗട്ടിൽ കുളിക്കടവ് പണിതു

ടൂറിസവുമായി ഒരു ബന്ധവുമില്ലാത്ത മൈനര്‍ ഇറിഗേഷൻ വകുപ്പാണ് ലുക്കൗട്ട് തടയണയ്ക്ക് സമീപത്തായി കുളിക്കടവ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ കുളിക്കടവ് നിര്‍മ്മിക്കുന്നതിനെ കെഐപി എതിർത്തിരുന്നതാണ്. ഈ കുളിക്കടവുകൊണ്ട് നാട്ടുകാർക്ക് ഒരു ഗുണവുമില്ല. ഇവിടെയെത്തുന്ന സഞ്ചാരികൾ ഒരു സുരക്ഷയുമില്ലാത്ത ഈ കടവിൽ കുളിക്കാൻ ഇറങ്ങുന്നത് ഏതു സമയത്തും ദുരന്തം വരുത്തിവയ്ക്കാം. യുവാക്കളാണ് കുടുതലായും അപകടക്കുളിക്കായി ഇവിടെ എത്തുന്നത്.  ഈ കുളിക്കടവിലേക്ക് ഇറങ്ങുന്ന വഴിയിൽ ‘നദിയിൽ ഇറങ്ങുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു’ എന്ന ബോർഡും കെഐപി സ്ഥാപിച്ചിട്ടുണ്ട്. ഈ കുളിക്കടവിലെ കുളി നിരോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

സുരക്ഷ ഉറപ്പു വരുത്താൻ കെഐപി

കല്ലടയാറ്റിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചതിന്റെ പശ്ചാത്തലത്തിൽ കുളിക്കടുവുകളിലെ സുരക്ഷ ഉറപ്പു വരുത്താനൊരുങ്ങുകയാണ് കെഐപി (കല്ലട ഇറിഗേഷൻ പ്രൊജക്‌ട്). പരപ്പാർ അണക്കെട്ട് തുറക്കുന്ന സമയത്ത് ഇന്നലെ മുങ്ങി മരണം നടന്ന കടവ് അടക്കമുള്ള സ്ഥലങ്ങളിൽ നദിയിൽ ഇറങ്ങുന്നത് നിരോധിച്ചു കൊണ്ടുള്ള ബോർഡ് സ്ഥാപിക്കും. തെന്മല ഇക്കോടൂറിസത്തിന്റെ കുളിക്കടവിൽ സഞ്ചാരികൾക്ക് സുരക്ഷിതമായി കുളിക്കാനുള്ള സൗകര്യം ഒരുക്കാൻ ഇക്കോടൂറിസത്തിനോട് ആവശ്യപ്പെടും. കല്ലടയാറ്റിലെ എല്ലാ കുളിക്കടവുകളുടേയും സുരക്ഷ വിലയിരുത്തുമെന്നും എക്സിക്യുട്ടീവ് എൻജിനീയർ ടെസിമോൻ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് പൊലീസ് മാതൃക

അപകടം നടന്നയുടനെ തെന്മല പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയതും ഉറ്റവരെ നഷ്ടപ്പെട്ട ബന്ധുക്കളെ ആശ്വസിപ്പിക്കാൻ സഹോദര തുല്യം കൂടെ നിന്നതും പൊലീസ് സേനയ്ക്കു തന്നെ മാതൃകയായി. തെന്മല സ്റ്റേഷന് ഏകദേശം 500 മീറ്റർ അകലെയാണ് ഇന്നലെ അപകടം നടന്ന സ്ഥലം. ഇരുചക്ര വാഹനത്തിലെത്തിയ ഒരു യുവാവാണ് രണ്ട് പേർ കുളിക്കടവിൽ മുങ്ങിയെന്ന് സ്റ്റേഷനില്‍ അറിയിക്കുന്നത്. തുടർന്ന് എസ്ഐ ഡി.ജെ. ഷാലു, ഗ്രേഡ് എസ്ഐ ഹരികുമാർ സിപിഒമാരായ രഞ്ജിത്ത്, മനു എന്നിവർ സംഭവ സ്ഥലത്തെത്തി.

അപ്പോഴേക്കും നാട്ടുകാർ യുവാക്കളെ കരയിലെത്തിച്ചിരുന്നു. എസ്ഐ ഷാലുവും നാട്ടുകാരും ചേർന്ന് യുവാക്കൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ഒരാളെ പൊലീസ് ജീപ്പിലും മറ്റൊരാളെ സ്വകാര്യ ജീപ്പിലും പുനലൂർ താലൂക്ക് ആശുപത്രിയിലേക്കും എത്തിച്ചു. എന്നാൽ ഇരുവരെയും രക്ഷിക്കാനായില്ല. 

ആശുപത്രിയിലെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ പൊലീസുകാരാണ്. ഇരുവരുടേയും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ലെന്ന വിഷമത്തിൽ ആശുപത്രിയിൽ നിൽക്കുമ്പോഴാണ് വെളിയിൽ വലിയ ഉച്ചത്തിലുള്ള നിലവിളി കേൾക്കുന്നത് എസ്ഐ ഷാലു ആശുപത്രിയ്ക്ക് പുറത്തെത്തി അൻസിലിന്റെ ഭാര്യയോടും ബന്ധുക്കളോടും മരിച്ചെന്ന വിവരം വെളിപ്പെടുത്താതെ ആശ്വസിപ്പിക്കാൻ നന്നേ പാടുപെട്ടു.

ഈ സമയം അന്‍സിലിന്റെ ഭാര്യ ബോധം കെട്ടുവീഴുന്നതും കാണേണ്ടി വന്നു. ഒരു വിധത്തിൽ അവരെയെല്ലാം പറഞ്ഞ് വീടുകളിലേക്ക് പറഞ്ഞുവിട്ടിട്ടാണ് മേൽനടപടികൾക്കായി ആശുപത്രിയ്ക്ക് അകത്തേക്ക് പോയത്. 

 English Summary: Youth drowned death in kollam-follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com