ADVERTISEMENT

കേസന്വേഷണത്തിന്റെ കാര്യത്തിൽ 2020ൽ 69.83 ശതമാനമാണു ‌സിബിഐയുടെ വിജയശതമാനം. അതായത് കേസുകൾ വിജയകരമാക്കുന്നതിൽ ഫസ്റ്റ്ക്ലാസിനും മുകളിലാണ് പ്രകടനം. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സിബിഐ ഡയറക്ടർ സുബോധ് കുമാർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാർ തന്നിഷ്ടങ്ങൾ നിറവേറ്റാൻ ‘കൂട്ടിലടച്ചിട്ടിരിക്കുന്ന തത്തയെന്ന്’ സിബിഐയെ ഒരു ഭാഗത്തു പരിഹസിക്കുമ്പോഴാണ് കേസന്വേഷണത്തിലെ മികവെന്ന അവകാശവാദം.

എന്നാൽ, ഈ അവകാശവാദത്തിൽ പിഴവുകളുണ്ട്. ശരിക്കും സിബിഐയുടെ അന്വേഷണങ്ങൾ ശരിയായ ലക്ഷ്യം കാണുന്നുണ്ടോ? കേന്ദ്ര സർക്കാരിന്റെ സ്വാധീനവലയത്തിൽനിന്നും നിയന്ത്രണത്തിൽനിന്നും പൂർണമായും മാറാൻ സിബിഐയ്ക്കു കഴിഞ്ഞിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ അന്വേഷണ ഏജൻസിയെ അലട്ടുന്നു. ഒരു കാര്യം വ്യക്തമാണ് സംസ്ഥാന പൊലീസ് പരാജയപ്പെടുന്നതോ സംശയനിഴലിലാകുന്നതോ ആയ കേസുകളിൽ സിബിഐ അന്വേഷണത്തിന് വരണമെന്ന മുറവിളി ഇപ്പോഴും ഉയരുന്നുണ്ട്. ഈ വിജയശതമാനവും അതിനൊരു കാരണമാകാം.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

∙ ഇതാണ് സിബിഐ

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനും ആറു വർഷം മുമ്പ് 1941ൽ, അഴിമതി അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംവിധാനം എന്ന നിലയിൽ ഒരു ഏജൻസി രൂപപ്പെട്ടിരുന്നു. രണ്ടാം ലോക യുദ്ധകാലത്തെ അഴിമതിയും കോഴയുമൊക്കെ അന്വേഷിക്കുകയായിരുന്നു ദൗത്യം. ഇന്ത്യൻ യുദ്ധ മന്ത്രാലയത്തിന്റെ ഭാഗമായിരുന്നു ഇത്. 1946 ൽ ആഭ്യന്തര മന്ത്രാലയത്തിനൊപ്പം ചേർത്തതോടെ കേന്ദ്ര –സംസ്ഥാന സർക്കാരുകളിലെയും അഴിമതി അന്വേഷിക്കാൻ തീരുമാനമായി. പിന്നീട് 1963ലാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എന്ന പേരിൽ അന്വേഷണ ഏജൻസിയായി പരിണമിക്കുന്നത്. ഇതിനു പിന്നാലെ സിബിഐ ഏറ്റെടുക്കുന്ന കേസുകളുടെ കാര്യത്തിലും മാറ്റം വന്നു. അഴിമതി കേസുകൾക്കു പുറമേ, കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി വലിയ കുറ്റകൃത്യങ്ങൾ സിബിഐ അന്വേഷിക്കുമെന്നായി.

∙ പരിമിതികൾ വട്ടംപിടിച്ച്

ഒരുപരിധി വരെ സ്വയംനിയന്ത്രണാധികാരമുള്ളപ്പോൾതന്നെ കേന്ദ്ര സർക്കാരിന്റെ കൈവെള്ളയിലുള്ള അന്വേഷണ ഏജൻസിയാണ് സിബിഐ. ഇതു തന്നെയാണ് ഏറ്റവും വലിയ പരിമിതിയും. സിബിഐ നിഷ്പക്ഷ ഏജൻസിയായി കണക്കാക്കപ്പെടുന്നുവെന്നു കേന്ദ്രം ഉറപ്പാക്കണമെന്ന് വിനീത് നാരായൺ കേസിൽ (1997) സുപ്രീം കോടതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഉദ്യോഗസ്ഥ നിയമനം അടക്കം തീരുമാനിക്കുന്നത് ആഭ്യന്തര മന്ത്രാലയം.

Supreme-Court-of-India

വിവിധ കേഡറുകളിൽ ജോലി ചെയ്യുന്ന ഐപിഎസുകാരെ ഇങ്ങോട്ടേക്കു നിയോഗിക്കുകയാണ് രീതി. നിയമനത്തിലടക്കം കേന്ദ്ര സർക്കാരിന്റെ താൽപര്യങ്ങൾക്കു പരിഗണന കിട്ടുമെന്നർഥം. അതേസമയം, കേന്ദ്ര ജീവനക്കാരനെതിരെയുള്ള അന്വേഷണമാണെങ്കിലും സംസ്ഥാനത്തിന്റെ പരിധിയിൽ കൈകടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അനുമതി തേടേണ്ടിയും വരും. ഇതു തീർക്കുന്ന ബുദ്ധിമുട്ട് പല സന്ദർഭങ്ങളിലും സിബിഐയെ പ്രതിരോധത്തിലാക്കിയ ചരിത്രമുണ്ട്.

∙ കോടതിയുടെ മുന്നറിയിപ്പ്

രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയെ പോലെ സിബിഐ പ്രവർത്തിക്കണമെന്ന മുന്നറിയിപ്പാണ് സുപ്രീം കോടതി കഴി‍ഞ്ഞ സെപ്റ്റംബറിൽ നൽകിയത്. വെറുതെ കേസന്വേഷണം തുടങ്ങി വയ്ക്കും. അന്വേഷണം കൊണ്ട് എന്ത് ഫലം എന്ന കാര്യത്തെ കുറിച്ചു പോലും സിബിഐ ആശങ്കപ്പെടാത്ത അവസ്ഥയുണ്ടെന്നും കോടതി വിമർശിച്ചു. ഇതിനുള്ള മറുപടിയാണ് സത്യവാങ്മൂലത്തിലൂടെ സിബിഐ കോടതിയിൽ നൽകിയത്.

∙ ലക്ഷ്യം 75%

കുറ്റം തെളിയിക്കുന്നതിൽ തങ്ങൾ ഒട്ടുംമോശമല്ലെന്ന വാദമാണ് സിബിഐ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുള്ളത്. അന്വേഷിക്കുന്നതിൽ 65–70% വരെ കേസുകളും വിജയിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷം ആഘോഷിക്കുന്ന അടുത്ത വർഷം ഓഗസ്റ്റോടെ കേസുകളിലെ വിജയശതമാനം 75ലേക്ക് എത്തിക്കാൻ കഴിയുമെന്നും സിബിഐ പ്രതീക്ഷിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ജസ്റ്റിസ് എസ്.കെ.കൗൾ അധ്യക്ഷനായ ബെ‍ഞ്ചിനു മുൻപാകെ സിബിഐ എഴുതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം റജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ 59% വരെ സിബിഐയുടെ അന്വേഷണം കോടതി ശരിവച്ചു. മുൻവർഷങ്ങളെക്കാൾ മെച്ചപ്പെട്ട നിലയിലാണ് 2020ൽ സിബിഐ കേസുകൾ അന്വേഷിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

∙ വാദം ശരിയോ ?

സിബിഐയുടെ സത്യവാങ്മൂലത്തിലെ അവകാശവാദങ്ങൾ ശരിവയ്ക്കാൻ സിബിഐയിലെതന്നെ മുൻ ഉദ്യോഗസ്ഥർ പോലും തയാറാകുന്നില്ലെന്ന പ്രശ്നമുണ്ട്. വിചാരണക്കോടതികളിലോ കീഴ്ക്കോടതികളിലോ വിജയിച്ചാലും സുപ്രീം കോടതി വരെ നീളുന്ന നിയമവ്യവഹാരങ്ങളിൽ സിബിഐയ്ക്ക് എത്രമാത്രം വിജയിക്കാൻ കഴിയുന്നുണ്ടെന്നതാണ് ചോദ്യം.

∙ തീർപ്പാക്കാനുള്ളത്

പിണറായി വിജയൻ
പിണറായി വിജയൻ

കഴിഞ്ഞവർഷം ഡിസംബർ 31 വരെയുള്ള കണക്കുപ്രകാരം 9,757 കേസുകളാണ് തീർപ്പാകാനുണ്ടായിരുന്നത്. ഇതിൽ 3,249 കേസുകൾ പത്തുവർഷത്തിലധികമായി കെട്ടികിടക്കുന്നവയായിരുന്നു. അഞ്ഞൂറിൽപരം കേസുകൾ 20 വർഷത്തിലധികം പഴക്കമുള്ളതും. കേസുകൾക്ക് അനന്തമായി സ്റ്റേ നിൽക്കുന്നതാണ് പ്രധാന പ്രശ്നങ്ങളിലൊന്നെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും 3.7% കേസുകൾ മാത്രമാണ് ഇവ.

ഡൽഹിയിലും (1,227) മഹാരാഷ്ട്രയിലുമാണ് (1,073) ഏറ്റവുമധികം കേസുകൾ തീർപ്പാകാതെ വിചാരണഘട്ടത്തിലുള്ളത്. കേസുകൾ കെട്ടിക്കിടക്കുന്ന കാര്യത്തിൽ എന്തു ചെയ്യാനാകുമെന്ന കാര്യം പരിശോധിക്കുന്നുവെന്നും സിബിഐ വ്യക്തമാക്കുന്നു.

∙ സമ്മതം നൽകാതെ

കേസന്വേഷണത്തിന് സിബിഐ നൽകുന്ന അപേക്ഷകളോടു കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ പുറംതിരിഞ്ഞു നിൽക്കുന്നുവെന്നാണ് സിബിഐ ഈയടുത്ത ദിവസങ്ങളിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽനിന്നു വ്യക്തമാകുന്നത്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ചാണു സിബിഐയ്ക്ക് ഈ പരാതിയുള്ളത്. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗഡ്, രാജസ്ഥാൻ, ജാർഖണ്ഡ്, ബംഗാൾ, മിസോറം എന്നീ സംസ്ഥാനങ്ങളുടെ പരിധിയിൽ 2018 മുതൽ ജൂൺ 2021 വരെ 150 അപേക്ഷകളാണ് സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ടു നൽകിയത്. ഇതിൽ അനുമതി ലഭിച്ചത് വെറും 18% അപേക്ഷകളിൽ മാത്രം.

English Summary: CBI blames Opposition-ruled states, says withdrawal of consent for investigation affecting efficiency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com