ADVERTISEMENT

തിരുവനന്തപുരം ∙ പ്രഫഷനൽ മാജിക് ഷോകൾ നിർത്തുകയാണെന്ന മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ പ്രഖ്യാപനം ആശ്ചര്യത്തോടെയാണ് കേരളം കേട്ടത്. മാജിക് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തിനകത്തും പുറത്തുമുള്ള ആരാധകരും രാഷ്ട്രീയക്കാരുമെല്ലാം മുതുകാടിനെ വിളിക്കുന്നു. 

എന്നാൽ, പണം വാങ്ങിയുള്ള പ്രഫഷനൽ മാജിക് ഷോകൾ ഇനി അവതരിപ്പിക്കില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നു മുതുകാട് പറയുന്നു. ജീവിതത്തിൽ ഒരിക്കലും മാജിക് കാണിക്കില്ലെന്ന് ഇതിനർഥമില്ല. നടൻ മോഹൻലാലിനുവേണ്ടി മാത്രമായി തയാറാക്കിയ ബേണിങ് ഇല്യൂഷൻ മാത്രമാണ് നടക്കാതെപോയ മാജിക് പദ്ധതിയെന്നും മുതുകാട് മനോരമ ഓൺലൈനോട് പറഞ്ഞു.

∙ പ്രഫഷനൽ മാജിക് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെങ്ങനെയാണ്?

പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല, പെട്ടെന്നു പ്രഖ്യാപിച്ചു എന്നേയുള്ളൂ. കുറച്ചു നാളായി ഭിന്നശേഷി കുട്ടികളുടെ ക്ഷേമം, മാജിക് ഇതിൽ ഏതാണ് നിലനിര്‍ത്താൻ കഴിയുക എന്ന് ആലോചിക്കുകയായിരുന്നു. രണ്ടു തിരഞ്ഞെടുക്കലാണ് മുന്നിലുണ്ടായിരുന്നത്. ഒന്ന്, ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായി ഗൗരവത്തോടെ പ്രവർത്തിക്കുക. ലോകം ശ്രദ്ധിക്കുന്ന തലത്തിലേക്കു അവരെ മാറ്റുക.

രണ്ടാമത്തേത് മാജിക്കായിരുന്നു. രണ്ടു കാര്യങ്ങളിലും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. മാജിക്കിൽ പുതിയ ഐറ്റവും പുതിയ കണ്ടെത്തലുകളും സൃഷ്ടിക്കാൻ സമയവും ജാഗ്രതയും വേണം. ധനലാഭവും ജനങ്ങളുടെ കയ്യടിയും മാജിക്കിലൂടെ കിട്ടും. അത് ഞാൻ മാത്രം അനുഭവിക്കുന്ന അനുഭൂതിയാണ്. ഭിന്നശേഷി കുട്ടികളുടെ ക്ഷേമം അങ്ങനെയല്ല. 

ഒരുപാട് കുടുംബങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കും. എത്രയോ അമ്മമാരുടെ കണ്ണീരൊപ്പാൻ കഴിയും. ഈ തിരിച്ചറിവിന്റെ പേരില്‍, ഒരുപാട് രാത്രികളിൽ മനഃസാക്ഷിയോട് ചോദ്യങ്ങൾ ചോദിച്ച് അതിന്റെ ഉത്തരം ഇന്നലെ പറഞ്ഞു എന്നേ ഉള്ളൂ.

∙ മാജിക് അവസാനിപ്പിക്കുമ്പോൾ കുടുംബത്തിന്റെയും ആരാധകരുടെയും പ്രതികരണം എങ്ങനെയാണ്?

കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ട്. ഒരുപാടുപേർ ഫോണിൽ വിളിച്ചു പിൻമാറരുതെന്ന് അഭ്യർഥിക്കുന്നുണ്ട്. മാജിക് ചെയ്യാനുള്ള കഴിവ് വെറുതെ കിട്ടിയതല്ല, അത് ജീവിതത്തിന്റെ സൗഭാഗ്യമാണെന്നും അതു നിലനിർത്തണമെന്നും പറയുന്നുണ്ട്. 

sahayathra-an-entertainment-show-by-gopinath-muthukad-and-children-of-dac

പക്ഷേ, എന്റെ തീരുമാനം ഉറച്ചതാണ്. 45 വർഷമായി ചീത്തപ്പേര് കേൾപ്പിക്കാതെ മാജിക് ഷോ ചെയ്യുന്നു. മാജിക്കിലെ ഒരു ഐറ്റം രൂപപ്പെടുത്തി എടുക്കാൻ ആറു മാസത്തോളമെടുക്കും. രഹസ്യം ചോരാതെ ചെയ്തെടുക്കണം. അത്രയും വലിയ സന്നാഹം വേണം. രണ്ടുംകൂടി നടക്കില്ല. ചെയ്യുന്നത് മികച്ച രീതിയിൽ ചെയ്യാനാണ് ഈ തീരുമാനം.

∙മാജിക് ഷോ ഇനി എപ്പോഴെങ്കിലും പ്രതീക്ഷിക്കാമോ?

ഒരിക്കലും മാജിക് കാണിക്കില്ല എന്നല്ല പറഞ്ഞത്. പണം വാങ്ങിയുള്ള പ്രഫഷനൽ ഷോ ഇല്ലെന്നാണ് പറഞ്ഞത്. മാജിക് അക്കാദമിയുടെ ക്ലാസുകളും മാജിക് പ്ലാനറ്റും നടക്കും. അവിടെയുള്ള മാന്ത്രികരുടെ പ്രകടനങ്ങൾ മുന്നോട്ടു പോകും.

∙ ഭാവിപരിപാടികൾ എന്തൊക്കെയാണ്?

ഭിന്നശേഷി കുട്ടികൾക്കായുള്ള സർവകലാശാലയാണ് ലക്ഷ്യം. ലോകത്ത് എവിടെനിന്നു വന്നാലും കുട്ടികൾക്ക് പ്രകടനം നടത്താൻ പറ്റുന്ന തിയറ്ററുകൾ അടക്കമുള്ള സർവകലാശാല. ഇതുവരെ ലോകത്തൊരിടത്തും ഇല്ലാത്ത തരത്തിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.

∙ 45 വർഷത്തെ മാജിക് ജീവിതത്തിൽ മറക്കാനാകാത്ത ഓർമ എന്താണ്?

അരങ്ങേറ്റം. എന്റെ അരങ്ങേറ്റം പോലും പരാജയമായിരുന്നു. ചുങ്കത്തറയിലെ ഒരു പള്ളിയിലായിരുന്നു ആദ്യ മാജിക് പരിപാടി. എന്നെക്കൊണ്ട് മാജിക് പറ്റില്ലെന്നു ഞാൻ അന്നു വിധിയെഴുതിയതാണ്.  പിന്നീട് വീണ്ടും മാജിക്കിലേക്കു വന്നു. 

∙ മാജിക്കിലെ ഇഷ്ടമുള്ള ഐറ്റം ഏതാണ്?

ഇന്ന ഐറ്റം എന്നില്ല, എല്ലാം ഇഷ്ടമാണ്. ഒരു പാട് സമയയമെടുത്തും പ്രയത്നിച്ചും ചെയ്യുന്ന ഹൗഡിനിയുടെ എസ്കേപ്പ് ആക്ട് പോലുള്ളവ അവതരിപ്പിക്കാൻ 2 വർഷത്തോളം തുടർച്ചയായി പരിശീലനം ചെയ്യേണ്ടിവരും. അപ്പോൾ നമുക്കു കൂടുതൽ സംതൃപ്തി ലഭിക്കും.

∙ നടൻ മോഹൻലാലുമായുള്ള മാജിക് അനുഭവം?

മോഹൻലാലിനു വേണ്ടി മാത്രം വിഭാവനം ചെയ്ത മാജിക്കായിരുന്നു ബേണിങ് ഇല്യൂഷൻ. അത് അവതരിപ്പിക്കാൻ കഴിഞ്ഞില്ല. സാധനം ഇപ്പോഴും ഇരിക്കുകയാണ്. ബേണിങ് ഇല്യൂഷൻ പുതിയൊരു മാജിക്കായിരുന്നു, പുതിയൊരു കണ്ടെത്തലായിരുന്നു. മുൻപ് ഞാൻ ചെയ്തവയുമായി യാതൊരു ബന്ധവും ഇല്ലാത്ത മാജിക്കായിരുന്നു. അതു നടക്കാതെ പോയി.

English Summary: Interview with Magician Gopinath Muthukad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com