'4 വര്‍ഷം കൊണ്ട് സില്‍വര്‍ലൈന്‍ പൂര്‍ത്തിയാക്കും എന്ന് പറഞ്ഞ് ജനത്തെ പറ്റിക്കുന്നു'

e-sreedharan-1248
ഇ.ശ്രീധരൻ
SHARE

തിരുവനന്തപുരം∙ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയല്ല, ഹൈസ്പീഡ് റെയിൽ പദ്ധതിയാണ് കേരളത്തിന് ആവശ്യമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. കേരള സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി പ്രായോഗികമല്ല. അഞ്ചു വർഷം മുൻപ് അനുമതി കിട്ടിയ റോഡ് ഓവർ ബ്രിഡ്ജുകൾപോലും പണിയാത്തവരാണ് നാലു കൊല്ലം കൊണ്ട് സിൽവർലൈൻ സെമി ഹൈസ്പീഡ് പദ്ധതി പൂർത്തിയാക്കുമെന്നു പറഞ്ഞ് ജനത്തെ പറ്റിക്കുന്നതെന്നും ഇ.ശ്രീധരൻ മനോരമ ഓൺലൈനോട് പറഞ്ഞു.

∙ സിൽവർ ലൈൻ പദ്ധതിക്കെതിരെ വിമർശനം ഉന്നയിക്കാൻ കാരണം?

പ്രധാന കാരണം മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടെയും പ്രസ്താവനകളാണ്. എല്ലാ വികസന പദ്ധതികളെയും പ്രതിപക്ഷം മുടക്കുകയാണെന്നാണ് അവർ പറയുന്നത്. പ്രതിപക്ഷമല്ല, സിപിഎമ്മാണ് നല്ല പദ്ധതികളെ മുടക്കിയിരിക്കുന്നത്. അത് ചൂണ്ടിക്കാട്ടാൻ തുടങ്ങിയതിനിടയിലാണ് സിൽവർലൈൻ കടന്നു വന്നത്. ആ പദ്ധതിയെപറ്റി അഭിപ്രായം പറയണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് പറഞ്ഞത്. സംസ്ഥാന താൽപര്യത്തിനെതിരായതിനാൽ ബിജെപി പദ്ധതിക്കെതിരാണ്.

∙ സിൽവർ ലൈൻ പദ്ധതി പ്രായോഗികമാണോ? 

ഈ രീതിയിൽ പദ്ധതി നടപ്പിലാക്കാനാകില്ല. ട്രാഫിക് സർവേ, ജിയോ ടെക്നിക്കൽ സർവേ, പരിസ്ഥിതി ആഘാത പഠനം, സാമൂഹിക ആഘാത പഠനം എന്നിവ ഇതുവരെ നടത്തിയിട്ടില്ല. ഇപ്പോഴത്തെ അലൈൻമെന്റിനെ റെയിൽവേയും എതിർക്കുന്നു. റോ–റോ സർവീസ് രാത്രി നടത്തി സാമ്പത്തിക വരുമാനം ഉണ്ടാക്കാമെന്നാണ് സർക്കാർ പറയുന്നത്. അറ്റകുറ്റപ്പണി രാത്രിയിൽ നടത്തേണ്ടതിനാൽ ഇതിനു കഴിയില്ല. ലൊക്കേഷൻ സർവേ ഇതുവരെ നടത്തിയിട്ടില്ല. ഗൂഗൂൾ മാപ്പ് ഉപയോഗിച്ചുള്ള സർവേ അംഗീകരിക്കാനാകില്ല. ലൊക്കേഷന്‍ സർവേ നടത്തുമ്പോള്‍ ഇപ്പോഴുള്ളതിൽനിന്ന് ഒരുപാട് മാറ്റം വരുകയും ഭൂമി ഏറ്റെടുക്കല്‍ മിക്കതും പാഴാകുകയും ചെയ്യും. നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിപിആർ തയാറാക്കിയിരിക്കുന്നത്. പദ്ധതിക്കായി വേണ്ടിവരുന്ന തുക, ട്രാഫിക്, വരുമാന മാർഗങ്ങൾ ഇവയൊന്നും യാഥാർഥ്യത്തോട് പൊരുത്തപ്പെടുന്നില്ല. പദ്ധതിക്കായി 20,000 കുടുംബങ്ങളെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടിവരും. കേരള ജനത ഇതംഗീകരിക്കില്ല.

∙ പദ്ധതി കേരളത്തിനു സാമ്പത്തിക ബാധ്യതയാകുമോ?

പദ്ധതിക്ക് 65,000 കോടിരൂപ ചെലവുവരും എന്നാണ് സർക്കാർ പറയുന്നത്. ശരിക്കുള്ള എസ്റ്റിമേറ്റ് തയാറാക്കിയാൽ 75,000 കോടിവരുമെന്നാണ് എന്റെ നിഗമനം. 8–10 കൊല്ലമെടുക്കും പദ്ധതി പൂർത്തിയാകാൻ.  കംപ്ലീഷൻ കോസ്റ്റ് നോക്കിയാണ് സാധാരണ ഫണ്ട് ശേഖരിക്കുന്നത്. ഈ സർക്കാര്‍ ചെയ്യുന്നത് അങ്ങനെയല്ല. വർഷങ്ങൾ കഴിഞ്ഞു പദ്ധതി പൂർത്തിയാകുമ്പോൾ ഏകദേശം 1.10 ലക്ഷം കോടി രൂപ ചെലവു വരും. ഇവർ നാലു കൊല്ലം കൊണ്ട് പദ്ധതി തീർക്കും എന്നാണ് പറയുന്നത്. ആരെയാണ് ഇവർ പറ്റിക്കുന്നത്. നാലു വർഷം കൊണ്ട് ഇത്ര വലിയ പദ്ധതി നടക്കുമോ? പ്രഫഷനൽ ഏജൻസിയായ ഡിഎംആർസിക്കുപോലും ഇത്തരം പദ്ധതി പൂര്‍ത്തിയാക്കാൻ 8–10വർഷം വേണം. 27 റോഡ് ഓവർ ബ്രിഡ്ജ് പണിയാൻ 5 വർഷം മുൻപ് അനുവാദം കൊടുത്തിട്ട് ഒന്നുപോലും പണിയാത്ത സർക്കാരാണ് നാലു വർഷത്തെ കണക്കു പറയുന്നത്. 

∙ സിൽവർ ലൈനിന് ബദൽ എന്താണ്?

എന്റെ അഭിപ്രായത്തിൽ അതിവേഗ റെയിൽവേ ലൈൻ വേണം. പക്ഷേ, ഇപ്പോഴുള്ള റെയിൽവേ ലൈനിനോട് ചേർന്നല്ല വേണ്ടത്. ഇപ്പോൾ നിശ്ചയിച്ച അലൈൻമെന്റിന്റെ 15 കിലോമീറ്റർ കിഴക്കാണ് ലൈന്‍ വരേണ്ടത്. അതിവേഗ ലൈൻ ആണെങ്കിലേ മറ്റുള്ള അതിവേഗ ലൈനുകളുമായി യോജിപ്പിക്കാൻ കഴിയൂ. ഇന്ത്യയിൽ പല അതിവേഗ ലൈനുകൾ വരുന്നുണ്ട്. ചെന്നൈ–കോയമ്പത്തൂർ അതിവേഗ റെയിൽ പദ്ധതിയുടെ ഭാഗമായി കൊച്ചിയിലേക്കു വരണമെങ്കിൽ ഹൈസ്പീഡ് റെയിൽ ആണ് വേണ്ടത്. ഹൈസ്പീഡ് പദ്ധതി ആവശ്യമാണെങ്കിലും ഇപ്പോൾ അത് തുടങ്ങാനുള്ള ധനസ്ഥിതി കേരളത്തിനില്ല. 3 കൊല്ലം കഴിഞ്ഞേ അതിനെക്കുറിച്ച് ആലോചിക്കാൻ പാടുള്ളൂ. സർക്കാർ ജീവനക്കാർക്കു ശമ്പളം കൊടുക്കാൻ പണമില്ലാത്ത സാഹചര്യമാണ്. നല്ല പദ്ധതിയാണെങ്കിൽ കേന്ദ്രം അംഗീകാരം നൽകും. ഇങ്ങനെ പദ്ധതിയുണ്ടാക്കിയാൽ ആരും പണം മുടക്കാൻ പോകുന്നില്ല. 

∙ ഹൈസ്പീഡ് പദ്ധതിയാണെങ്കിൽ ഫണ്ട് കിട്ടുമോ?

ഫണ്ടിനു പ്രശ്നമുണ്ടാകില്ല. സെമി സ്പീഡായി തുടങ്ങി 10 വർഷം കഴിഞ്ഞ് ഹൈസ്പീഡാക്കാൻ കഴിയണം. വിദേശ ഫണ്ട് ലഭ്യമാകും. ഹൈസ്പീഡ് ആണെങ്കിൽ വിദേശ ഏജൻസികൾ സഹകരിക്കും. സംസ്ഥാനം സബ്സിഡി കൊടുക്കാതെ ഹൈസ്പീഡ് റെയിൽ ചെയ്യാൻ കഴിയും. 

∙ സിൽവർലൈൻ സാമ്പത്തിക നേട്ടം ആകുമോ? കൊച്ചി മെട്രോ നഷ്ടത്തിലാണ്?

കൊച്ചി മെട്രോ നഷ്ടത്തിലാകാൻ കോവിഡ് അടക്കമുള്ള പല കാരണങ്ങളുണ്ട്. ടിക്കറ്റ് നിരക്ക് കൂടുതലാണ്. പല അബദ്ധങ്ങളും കൊച്ചി മെട്രോയിൽ കാണിച്ചു. സിൽവർലൈൻ ലാഭത്തിലാകുമോയെന്നറിയാൻ വിശാലമായ പഠനം നടക്കണം. ഈ ഘട്ടത്തിൽ അതു പറയാൻ കഴിയില്ല.

∙ കേരളത്തിലെ വികസനത്തെ തടയുന്നത് ആരാണ്?

കർണാടക സർക്കാർ ഡിഎംആർസിക്ക് അനുമതി നൽകിയിട്ടും നിലമ്പൂർ–നഞ്ചങ്കോട് റെയിൽവേ ലൈന്‍ പദ്ധതി ആരാണ് നിർത്തിയത്? കേരള സർക്കാർ ഭൂമി ഏറ്റെടുത്തു നൽകാത്തതിനാൽ പാത ഇരട്ടിപ്പിക്കൽ പദ്ധതി ഇഴയുകയാണ്. യുഡിഎഫ് സർക്കാർ തുടക്കമിട്ട തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ആരാണ് അവസാനിപ്പിച്ചത്? പദ്ധതി കൃത്യമായി തുടർന്നിരുന്നെങ്കിൽ ഇപ്പോൾ തിരുവനന്തപുരത്തും, കോഴിക്കോടും മെട്രോ റെയിൽ ഓടുമായിരുന്നു. 2010ൽ അച്യുതാനന്ദൻ സർക്കാർ തുടങ്ങിയ അതിവേഗ റെയിൽ പദ്ധതി ആരാണ് അവസാനിപ്പിച്ചത്? എൽഡിഎഫിൽ പലരും സില്‍വർലൈൻ പദ്ധതിക്ക് എതിരാണെങ്കിലും തുറന്നു പറയുന്നില്ല. ജനങ്ങൾക്കു പൊള്ളയായ വാഗ്ദാനങ്ങൾ നൽകാൻ ബിജെപി അനുവദിക്കില്ല.

English Summary: Exclusive Interview with E Sreedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA