ADVERTISEMENT

കൊച്ചി∙ മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥയ്ക്ക് വിരാമമിട്ട് ആലുവ എസ്പി ഓഫിസിലേയ്ക്കുള്ള ബഹുജന പ്രക്ഷോഭം കോൺഗ്രസ് അവസാനിപ്പിച്ചു. സിഐ സി.എൽ. സുധീറിന്റെ സസ്പെൻഷൻ ആവശ്യപ്പെട്ടുള്ള ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലെ കോൺഗ്രസ് നേതാക്കളുടെ സമരം ഇപ്പോഴും തുടരുന്നുണ്ട്. 

congress-march-aluva
സി.എൽ.സുധീറിനെ സസ്പെന്‍ഡു ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എസ്പി ഓഫിസിലേക്കു നടത്തിയ മാർച്ച്.

കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറും മുട്ടയേറും പൊലീസിന്റെ ജലപീരങ്കി, കണ്ണീർ വാതകവും നഗരത്തെ സംഘർഷ ഭൂമിയാക്കി. ടയർ കത്തിച്ചും പൊലീസിനെതിരെ കോൺഗ്രസിന്റെ പ്രതിഷേധ സമരം ആളിക്കത്തിക്കാനായിരുന്നു പ്രവർത്തക ശ്രമം. നീണ്ട ഇടവേളയ്ക്കു ശേഷമാണ് കേരളത്തിൽ ഇത്തരത്തിൽ ഒരു പ്രതിഷേധ സമരം നടക്കുന്നത്. നിയമ വിദ്യാർഥിനി മോഫിയ പർവീണയുടെ മരണത്തിന് ഉത്തരവാദിയായ പൊലീസുകാരനെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരുമെന്ന കടുത്ത നിലപാടിലാണ് കോൺഗ്രസ്. 

തുടർന്നുള്ള ജനകീയ സമരം എങ്ങനെ മുന്നോട്ടു കൊണ്ടു പോകണം എന്ന കാര്യത്തിൽ നേതാക്കളുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണ് ബഹുജന പ്രക്ഷോഭം അവസാനിപ്പിച്ചു കൊണ്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത്. 

ആലുവ ഗാന്ധി സ്ക്വയറിനു സമീപത്തു നിന്ന് രാവിലെ 11നു ശേഷം ആരംഭിച്ച പ്രതിഷേധ മാർച്ച് ഒന്നര കിലോമീറ്റർ പിന്നിട്ടാണ് ആലുവ എസ്പി ഓഫിസിനു മുന്നിലേക്ക് എത്തിയത്. ആദ്യ ഘട്ടത്തിൽ സമാധാന പരമായിരുന്നു മാർച്ച്. എന്നാൽ പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ചു തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അധികം വൈകാതെ പ്രവർത്തകർ അക്രമാസക്തരായി. 

ബാരിക്കേഡുകൾ മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. സമരക്കാരിൽ നിന്നു കല്ലേറു തുടങ്ങിയിട്ടും പൊലീസ് ആദ്യം സംയമനം പാലിച്ചു. ആദ്യ ഘട്ടത്തിൽ സമരക്കാരെ നിയന്ത്രിക്കാൻ കോൺഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നു ശ്രമമുണ്ടായെങ്കിലും കാര്യമായ ഫലമുണ്ടായില്ല. പൊലീസിനു നേരെ കല്ലേറും മുട്ടയേറും തുടങ്ങിയതോടെ പൊലീസ് തിരിച്ചടിച്ചു. ജല പീരങ്കിയിൽനിന്നു ചെളിയും മണ്ണും നിറഞ്ഞ വെള്ളം സമരക്കാർക്കു നേരെ ചീറ്റിച്ചായിരുന്നു പ്രതിരോധം. 

നേതാക്കളുടെ ഉൾപ്പടെ തൂവെള്ള ഖദറിനു നിറം മാറി ചെളിവെള്ളത്തിന്റെ കളറു പിടിച്ചു. എംപിമാരായ ബെന്നി ബഹന്നാൻ, ഹൈബി ഈഡൻ എന്നിവരും, എംഎൽഎമാരായ റോജി ജോണും അൻവർ സാദത്തും മറ്റു നേതാക്കളും പ്രവർത്തകരും നനഞ്ഞു കുതിർന്നു. ഇടുങ്ങിയ സ്ഥലമായിരുന്നതിനാൽ പ്രവർത്തകർക്ക് ഓടി രക്ഷപെടാൻ സാധിച്ചില്ല. മാധ്യമ പ്രവർത്തകരുടെ ക്യാമറകളും വെള്ളത്തിൽ പ്രവർത്തന രഹിതമായി. പരുക്കേറ്റ നാലു പ്രവർത്തകരെ സ്ഥലത്തുനിന്നു മാറ്റി. 

അടുത്തുള്ള വീടുകളിൽ പോയി തുണി അഴിച്ചു പിഴിഞ്ഞ് പലരും വീണ്ടും സമര വേദിയിലേക്കെത്തി. ഇതിനിടെ സമരം വീണ്ടും അക്രമാസക്തമായതോടെ പൊലീസ് കണ്ണീർ വാതക പ്രയോഗം നടത്തി. ജില്ലയിലെ മുതിർന്ന കോൺഗ്രസുകാർക്കൊപ്പം യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകരും സമരത്തിൽ സജീവ സാന്നിധ്യമായി. സമരം പൂർവാധികം ശക്തിയോടെ നടത്തുമെന്ന മുഹമ്മദ് ഷിയാസിന്റെ പ്രഖ്യാപനത്തോടെ തൽക്കാലത്തേയ്ക്ക് സമരം അവസാനിപ്പിച്ച് എല്ലാവരും പിരിഞ്ഞു പോയി. 

പ്രദേശത്ത് വൻ പൊലീസ് സേനയാണ് ക്യാംപു ചെയ്തിരിക്കുന്നത്. വീണ്ടുമൊരു പൊലീസ് സ്റ്റേഷൻ, എസ്പി ഓഫിസ് മാർച്ച് പൊലീസ് പ്രതീക്ഷിക്കുന്നു എന്നതിനാൽ പൊലീസുകാരോട് ഇവിടെ തുടരാനാണ് നിർദേശിച്ചിരിക്കുന്നത്. യുവജന സംഘടനകളുടെ നേതൃത്വത്തിൽ വീണ്ടുമൊരു സമരമുണ്ടാകാനുള്ള സാധ്യതയാണ് പൊലീസ് കാണുന്നത്. ഇതിനിടെ കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് കേസ് റജിസ്റ്റർ ചെയ്യുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ട് എന്നു കാണിച്ചുള്ള റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്തു വന്നു. 

പരാതി ലഭിച്ച് 25 ദിവസത്തിനു ശേഷം പെൺകുട്ടി ആത്മഹത്യ ചെയ്ത ശേഷമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുന്നത്. എന്നാൽ ഇവരോട് അപമര്യാദയായി പെരുമാറി എന്ന ആരോപണം വസ്തുതാ വിരുദ്ധമാണ് എന്നാണ് റിപ്പോർട്ട്.

English Summary: Mofiya Parveen suicide: Congress demand action against CL Sudheer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com