ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട് 2015-16 ലെ സർവേ പ്രകാരം. നിതി ആയോഗിന്റെ ബഹുതല ദാരിദ്ര്യ സൂചിക  2015-16 ലെ കുടുംബാരോഗ്യ സര്‍വേ നാലിന്റെ അടിസ്ഥാനത്തിലാണ് തയാറാക്കിയത്. 2019-20 ലെ കുടുംബാരോഗ്യ സര്‍വേ അഞ്ചിന്റെ ഫലവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദാരിദ്ര്യ സൂചിക പട്ടിക പരിഷ്കരിക്കുമെന്നു നിതി ആയോഗ് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ  മുഖ്യമന്ത്രിയും എൽഡിഎഫും ഭരണനേട്ടമെന്ന നിലയിൽ നടത്തിയ അവകാശവാദം തെറ്റെന്ന് തെളിഞ്ഞു.

മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണെന്നാണ് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്. പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിലേറുന്നത് 2016 ലാണ്. അതിനു മുൻപുള്ള സർവേ പ്രകാരം തയാറാക്കിയ സൂചികയിലെ ‍നേട്ടത്തിൽ എൽഡിഎഫ് അവകാശവാദം ഉന്നയിച്ചത് അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കുന്നതാണ് രേഖകൾ. 

നിതി ആയോഗ് പുറത്തിറക്കിയ ദാരിദ്ര്യ സൂചികയിൽ (എംപിഐ) ബിഹാർ, ജാർഖണ്ഡ്, ഉത്തർ പ്രദേശ് എന്നിവയാണ് ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനങ്ങൾ. കണക്കുകൾ പ്രകാരം ബിഹാറിലെ ജനസംഖ്യയുടെ 51.91 ശതമാനവും ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ജാർഖണ്ഡിൽ ഇത് 42.16 ശതമാനവും ഉത്തർ പ്രദേശിൽ 37.79 ശതമാനവുമാണ്.

പട്ടികയിൽ നാലാം സ്ഥാനത്തുള്ള മധ്യപ്രദേശിൽ 36.65 ശതമാനം പേരാണ് ദരിദ്രരായിട്ടുള്ളത്. അഞ്ചാം സ്ഥാനത്തുള്ള മേഘാലയയിലാകട്ടെ 32.67 ശതമാനം ആളുകളും. പട്ടികയിൽ ഏറ്റവും പിന്നിലുള്ള കേരളത്തിൽ ആകെ ജനസംഖ്യയുടെ 0.71 ശതമാനം ആളുകൾ മാത്രമാണ് ദരിദ്രർ. തൊട്ടുമുന്നിലുള്ള സംസ്ഥാനങ്ങളുടെ കണക്ക് ഇങ്ങനെയാണ്: ഗോവ– 3.76%, സിക്കിം– 3.82%, തമിഴ്നാട്– 4.89%, പഞ്ചാബ്– 5.59%.

കേന്ദ്രഭരണ പ്രദേശങ്ങളിൽ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി (27.36%), ജമ്മു കശ്മീര്‍, ലഡാക്ക് (12.58%), ദാമന്‍ ആൻഡ് ദിയു (6.82%), ചണ്ഡിഗഡ് (5.97%) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ദാരിദ്ര്യം രേഖപ്പെടുത്തുന്നത്. ദാരിദ്ര്യ സൂചികയിൽ പിന്നിലുള്ളവരാകട്ടെ പുതുച്ചേരി (1.72%), ലക്ഷദ്വീപ് (1.82%), ആന്‍ഡമാന്‍ ആൻഡ് നിക്കോബാര്‍ ദ്വീപുകള്‍ (4.30%), ഡല്‍ഹി (4.79%) എന്നിവയാണ്.

English Summary: National Multidimensional Poverty Index is based on 2015-16 survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com