ADVERTISEMENT

തൃശൂർ∙ ഇന്നു ലോക ഭിന്നശേഷി ദിനം. കേരളത്തിലെ ഭിന്നശേഷിക്കാരായ ആളുകൾ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. അപകടം സംഭവിച്ച് ജീവിതം വീൽ ചെയറിലായ ബിജു പോൾ സംസ്ഥാനത്തെ ഭിന്നശേഷിക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വിശദീകരിക്കുന്നു 

വീൽചെയറിലാണെന്റെ ജീവിതം. അന്ധതമുതൽ മസ്കുലർ ഡിസ്ട്രോഫി വരെ 21 വിഭാഗങ്ങളിൽ സർക്കാർ പട്ടികയിൽ പെടുത്തിയ 10 ലക്ഷത്തോളം പേരിലൊരാൾ. ഭിന്നശേഷി, ദിവ്യാംഗതർ (വ്യത്യസ്തമായ ശേഷി, ദിവ്യമായ അംഗമുള്ളവർ) തുടങ്ങിയ പദങ്ങൾ നൽകി അന്തസ് പകരാൻ ശ്രമിക്കുമ്പോൾ, യഥാർഥത്തിൽ എല്ലാ മനുഷ്യരിലും ഉള്ളതുപോലെ തന്നെ ഞങ്ങളിലും ഉള്ള കഴിവുകൾ കണ്ടെത്താൻ പ്രതിസന്ധിയിൽ നിന്നുകൊണ്ട് നമ്മൾ ശ്രമിക്കുകയാണ്. 

ഭിന്നമായശേഷി കണ്ടെത്തി വളർത്തി വലുതാക്കാൻ സഹായിക്കുന്ന സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസപരമായ സാഹചര്യങ്ങൾ നിലവിൽ എത്രമാത്രം ഉണ്ട് എന്ന് പരിശോധിക്കുന്നത് ഈ ദിനത്തിൽ ഉചിതമായിരിക്കും.

∙ എനിക്കു പറയാനുള്ളത് നിങ്ങൾ കേൾക്കുമോ?

∙ ഭിന്നശേഷിയെക്കുറിച്ചു വസ്തുതാപരമായ അവബോധം സമൂഹത്തിലുണ്ടോ, കുറച്ചു സഹതാപത്തിനപ്പുറം? 

∙ സ്കൂൾ - കോളജ് പഠന സിലബസുകളിൽ ഭിന്നശേഷി ജീവിതാവസ്ഥകളും സാമൂഹിക, സാംസ്കാരിക പാർശ്വവൽകരണവും ഭിന്നശേഷി ഉന്നമനവുമെല്ലാം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളായിട്ടും നടപടിയുണ്ടായോ?

∙ സ്കൂൾ, കോളജ് അക്കാദമിക് തലത്തിൽ ഭിന്നശേഷി സൗഹൃദമായ അന്തരീക്ഷമുണ്ടോ? (കലാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന 2014 ലെ സുപ്രീം കോടതി വിധി എത്രയും വേഗം നടപ്പിലാക്കണം). ഞാൻ പഠിച്ച കോളജുകളിലെല്ലാം തടികൊണ്ടുള്ള റാംപ് ഞാൻ തന്നെ കൊണ്ടുപോയിട്ടാണ് എന്റെ വീൽചെയർ ഉള്ളിൽ കടത്തിയിരുന്നത്. കുട്ടികൾ സഹായത്തിനോടിയെത്തിയിരുന്നത് മറക്കില്ല ഒരിക്കലും.

∙ ത്രിതല പഞ്ചായത്ത് വികസന കമ്മിറ്റികളിൽ ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തണം. 

∙ കടമുറികളും കെട്ടിടങ്ങൾക്കും നിർമാണ അനുമതി നൽകുമ്പോൾ ഭിന്നശേഷി സൗഹൃദമാണോ എന്ന് ഉറപ്പു വരുത്തണം.

∙ ത്രിതല പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾ ഭിന്നശേഷിക്കാർക്കും സീറ്റ് സംവരണം വേണ്ടേ? ഞങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ഞങ്ങളിലൊരാൾ വേണ്ടേ?

∙ സാഹിത്യത്തിലും സിനിമയിലും ഞങ്ങളുടെ ഭിന്നശേഷിയെ കളിയാക്കി ചിരിക്കാറില്ലേ? ഞങ്ങൾക്ക് എന്തെല്ലാം പേരുകളാ സിനിമകളിൽ? ഇതിന് മാറ്റം വരേണ്ടതില്ലേ ?

∙ ഭിന്നശേഷിക്കാരെ സംബന്ധിച്ച ആർപിഡബ്ല്യുഡി ആക്ട് 2016 മലയാളത്തിൽ തർജമ ചെയ്ത് ഭിന്നശേഷിക്കാർക്ക് എത്തിക്കണം. അവകാശങ്ങളും നിയമങ്ങളും എല്ലാവരും അറിയട്ടെ. 

∙ സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളജ്, സ്കൂൾ അധ്യാപക–അനധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്ന സുപ്രീം കോടതി വിധി ആർജവത്തോടെ നടപ്പിലാക്കണം.

∙ ലക്ഷക്കണക്കിനു ഭിന്നശേഷിക്കാരുള്ള സംസ്ഥാനത്ത് അവർക്കായി ഒരു പ്രത്യേക വകുപ്പ് വേണ്ടേ?  

∙ 80 ശതമാനവും അതിനു മുകളിലും ഡിസെബിലിറ്റിയുള്ള ഭിന്നശേഷിക്കാർക്ക് സർക്കാർ പൂർണ്ണമായ സംരക്ഷണം നൽകണം.

∙ജനനത്താലും അസുഖങ്ങളാലും അപകടങ്ങളാലും ഭിന്നശേഷിയുടെ ജീവിതാവസ്ഥയിൽ എത്തിപ്പെട്ടവരാണ് ഞങ്ങൾ. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അന്തസ്സാർന്ന ജീവിതം ഞങ്ങൾക്കും അവകാശപ്പെട്ടതല്ലേ..

(തൃശൂർ മരത്താക്കര സ്വദേശിയാണ് ബിജു പോൾ (46). ഇരുപത്തിമൂന്നാം വയസിൽ റോഡ് ആക്സിഡന്റിൽ സ്പൈനൽ കോഡ് ഇൻജുറി സംഭവിച്ച് 23 വർഷമായി വീൽ ചെയറിലാണ്. ഗവൺമെന്റ് ലോ കോളജ് വിദ്യാർത്ഥി. ചികിത്സാപരമായി ഹാജർ കുറവായതിനാൽ സെക്കൻഡ് സെമസ്റ്ററിൽ ഡീറ്റെൻഷൻ ആയിരിക്കുകയാണ്. ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംമാണ്)

English Summary: Problems faced by disabled persons; All Kerala Wheel Chari Rights Federation Executive member Biju Paul explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com