ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപ ശമ്പളത്തിൽ 105 പേരെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെഎഎസ്) നിയമിക്കാൻ സർക്കാർ തീരുമാനിച്ചത് കൂടുതൽ വിവാദങ്ങളിലേക്ക്. പരിശീലനം കഴിഞ്ഞ് നിയമനം ലഭിക്കുമ്പോൾ കെഎഎഎസിലെ തുടക്കക്കാർക്ക് അലവന്‍സ് ഉൾപ്പെടെ 1.05 ലക്ഷം രൂപ ലഭിക്കും. ഐഎഎസിലെ തുടക്കക്കാർക്കു ലഭിക്കുന്നതിനേക്കാൾ 25,000 രൂപ അധികം.

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വിവിധ യൂണിയനുകൾ ഇക്കാര്യത്തിൽ സർക്കാരിനെ പ്രതിഷേധം അറിയിച്ചു. ജീവനക്കാരുടെ ലീവ് സറണ്ടർ വരെ മരവിപ്പിക്കുന്ന തരത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഈ തീരുമാനമെന്നത് സർക്കാർ ജീവനക്കാർക്കിടയിലും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

11–ാം ശമ്പള പരിഷ്കരണ കമ്മിഷൻ കെഎഎസിനു നിശ്ചയിച്ച അടിസ്ഥാന ശമ്പളം 68,700 രൂപയാണ്. ഇതു മറികടന്നാണ് 81,000രൂപ മന്ത്രിസഭ നിശ്ചയിച്ചത്. കെഎഎസിനെ കൂടുതൽ ആകർഷണീയമാക്കാനാണ് മികച്ച ശമ്പളം നൽകുന്നതെന്നാണ് സർക്കാർ വിശദീകരണം.

ഓൾ ഇന്ത്യ സർവീസ് ഓഫിസേഴ്സിന്റെ ശമ്പള നിരക്ക് – 56,100-1,77,500 രൂപ

അസിസ്റ്റന്റ് കലക്ടർ (ട്രെയ്നി) – 56,100 (കൺസോളിഡേറ്റഡ് )
അസിസ്റ്റന്റ് കലക്ടർ – 74,384 (അടിസ്ഥാന ശമ്പളം 57,800, ക്ഷാമബത്ത 16,184, പ്രത്യേക ബത്ത 400)

കെഎഎസിലെ ശമ്പളനിരക്ക്

പരിശീലന കാലത്തെ തുടക്ക ശമ്പളം – 81,800
പരിശീലനത്തിന് ശേഷം
അടിസ്ഥാന ശമ്പളം – 1,05,277 (81,800, ഗ്രേഡ് പേ 8,180, ക്ഷാമബത്ത 7% നിരക്കിൽ 6,299, വീട്ടുവാടക ബത്ത 8,998)

ഐഎഎസുകാരനായ ഒരു അസിസ്റ്റന്റ് കലക്ടർക്ക് 74,384 രൂപ ശമ്പളയിനത്തിൽ ലഭിക്കുമ്പോൾ കീഴിൽ ജോലി ചെയ്യുന്ന കെഎഎസുകാരന് ലഭിക്കുക 1,05,277 രൂപ.

കെഎഎസിന്റെ അടിസ്ഥാന ശമ്പളം 81,800 രൂപയാണ് (ഫിക്സഡ്). ഡിഎ, എച്ച്ആര്‍എ എന്നിവയും 10% ഗ്രേഡ് പേയുമുണ്ട്. ട്രെയിനിങ് കാലയളവില്‍ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കണ്‍സോളിഡേറ്റഡ് തുകയായി അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. മുൻ സര്‍വീസില്‍ നിന്നും കെഎഎസില്‍ പ്രവേശിക്കുന്നവര്‍ക്കു പരിശീലന കാലയളവില്‍ അവര്‍ക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതല്‍ അത് അനുവദിക്കും. ട്രെയിനിങ് പൂര്‍ത്തിയായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മുൻ സര്‍വീസില്‍ നിന്നും വിടുതല്‍ ചെയ്തുവരുന്ന ജീവനക്കാര്‍ പ്രസ്തുത തീയതിയില്‍ ലഭിച്ച അടിസ്ഥാന ശമ്പളം ഇപ്പോള്‍ നിശ്ചയിച്ച അടിസ്ഥാന ശമ്പളത്തെക്കേള്‍ കൂടുതലാണെങ്കില്‍ കൂടുതലുള്ള ശമ്പളം അനുവദിക്കും.

മന്ത്രിസഭാ തീരുമാനം നിയമപോരാട്ടങ്ങൾക്കും വഴി തുറന്നേക്കാം. കെഎഎസിന്റെ സ്പെഷൽ റൂളിൽ ശമ്പളം എത്രയെന്നു വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭായോഗം നിശ്ചയിച്ച തുക അതിനേക്കാൾ അൽപം കുറവാണ്. റൂളിൽ പറഞ്ഞ തുക കിട്ടിയില്ലെങ്കിൽ നിയമനം കിട്ടിയവർ കേസിനു പോകാം. പക്ഷേ, നിലവിലെ സാഹചര്യത്തിൽ അതിനു സാധ്യത കുറവാണ്. പുതിയ തസ്തികയായതിനാൽ സർക്കാരിനോട് തുടക്കത്തിൽതന്നെ ഏറ്റുമുട്ടാൻ ഉദ്യോഗാര്‍ഥികൾ തയാറാകില്ല.

കെഎഎസ് സ്പെഷൽ റൂളിൽ മാറ്റം വരുത്താൻ സർക്കാരിന് അധികാരമുണ്ടെങ്കിലും നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതിനായി കരട് വിജ്ഞാപനം തയാറാക്കി പിഎസ്‌സിക്ക് അയയ്ക്കണം. പിഎസ്‌സി അംഗീകാരം വാങ്ങി നിയമസഭാ കമ്മിറ്റിയിൽ വയ്ക്കണം. ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തണം. ഇതിനുശേഷമേ സ്പെഷൽ റൂൾ ഭേദഗതി സാധ്യമാകൂ. എന്നാൽ, അതു ചെയ്യാതെ മന്ത്രിസഭായോഗ തീരുമാനത്തിന്റെ ഭാഗമായി ഉത്തരവിറങ്ങുകയാണ് സർക്കാർ ചെയ്തത്. സ്റ്റാറ്റ്യൂട്ടറി റൂൾസിനെ ഉത്തരവിലൂടെ മറികടക്കാൻ പാടില്ലെന്നു കോടതി ഉത്തരവുള്ളതിനാൽ അത് ഇക്കാര്യത്തിൽ പ്രസക്തമാകും.

നിയമനം ലഭിച്ചവർ കേസിനു പോയാലും സർക്കാരിനു പ്രതിരോധിക്കാൻ വഴികളുണ്ട്. സാധാരണ പിഎസ്‌സി നോട്ടിഫിക്കേഷൻ വിളിക്കുമ്പോൾ ശമ്പള സ്കെയിൽ പറയുമെങ്കിലും കെഎഎസ് നോട്ടിഫിക്കേഷനു ശമ്പള സ്കെയിൽ പറഞ്ഞിട്ടില്ല. മൂന്നു സ്ട്രീമിലായി 35 പേർക്കു വീതമാണ് പിഎസ്‌സി നിയമന ശുപാർശ നൽ‌കിയിരിക്കുന്നത്. ഇതിൽ ചിലർ സിവിൽ സർവീസ് ലിസ്റ്റിൽ ഉള്ളതിനാൽ ജോലിയിൽ പ്രവേശിക്കാനിടയില്ല. നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാണ്. പുതിയ ഒഴിവുകൾ സർക്കാർ പിഎസ്‌സിക്കു റിപ്പോർട്ടു ചെയ്യുമ്പോൾ ഒഴിവുകൾ നികത്താനുള്ള നടപടികൾ പിഎസ്‌സി സ്വീകരിക്കും.

English Summary: IAS, IPS officers miffed over higher basic pay for KAS personnel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com